ദേശീയപാത, സംസ്ഥാന റോഡ് ഏതൊക്കെ ? അറിയാതെ എക്‌സൈസ് വകുപ്പ്, പൂട്ടിയ മദ്യശാലകള്‍ തുറക്കുന്നു, റോഡേതെന്ന് പറയേണ്ടവര്‍ക്കു മുന്നില്‍ സ്വന്തം ഉത്തരവുകള്‍ ചോദ്യചിഹ്നം

0
2

തിരുവനന്തപുരം: ‘…പണ്ടത്തെ വിജ്ഞാപനപ്രകാരം ആ റോഡ് ദേശീയപാതയാണ്. പിന്നീട് ഒരു വിജ്ഞാപനമിറങ്ങിയപ്പോള്‍ ജില്ലാ റോഡായി. ഇപ്പോ ഒരു വിജ്ഞാപനം എഴുതികൊണ്ടിരിക്കുകയാണ്. അതിറിങ്ങിയാലേ അറിയൂ…’ സംസ്ഥാനത്തെ ഒരു റോഡ് ഏതുഗണത്തിലാണെന്ന് ചോദിച്ചാല്‍ ബന്ധപ്പെട്ട അധികാരികള്‍ക്കുള്ള മറുപടി ഇങ്ങനെയാണ്.

ഇത്രയും നാളും പറഞ്ഞുകേട്ടിരുന്ന ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലുണ്ടായിരുന്ന മദ്യാശാലകള്‍ പൂട്ടിയതോടെയാണ് റോഡുകള്‍ സംബന്ധിച്ച ചര്‍ച്ച സജീവമായിരിക്കുന്നത്. പലപ്പോഴായി പല വിജ്ഞാപനങ്ങളിറക്കി തോന്നിയപോലെ മാറ്റുകയും തിരുത്തുകയും ചെയ്ത ബന്ധപ്പെട്ട വകുപ്പുകള്‍ക്കുപോലും കൃത്യമായി പറയാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. ബാറുടമകള്‍ വിജ്ഞാപനവുമായി കോടതിയിലെത്തി, പൂട്ടിയ മദ്യശാലകള്‍ ഒന്നൊന്നായി തുറപ്പിക്കുമ്പോള്‍, വെട്ടിലായിരിക്കുന്നത് എക്‌സൈസ് വകുപ്പാണ്.

അബ്കാരികള്‍ കോടതിയില്‍ ഹാജരാക്കുന്ന വിജ്ഞാപനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അംഗീകരിക്കുകയാണ്. ദേശീയ പാതയുടെ പല ഭാഗങ്ങളും ഒഴിവാക്കിയും മറ്റു ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തും ഇറങ്ങിയ ഉത്തരവുകള്‍ പുറത്തുവരുന്നതുപോലും ഇപ്പോഴാണ്. ദേശീയ പാതയ്ക്ക് ആവശ്യമായ മാനദണ്ഡങ്ങള്‍ നിലനിര്‍ത്താത്തതിനാല്‍, ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള 173 കിലോമീറ്റര്‍ ദൂരത്തിന് ദേശീയ പാത പദവി 2014ല്‍ നഷ്ടപ്പെട്ടിരുന്നു. ഇതു മുതലെടുത്ത് ഇവിടങ്ങളിലെ മദ്യശാലകള്‍ തുറക്കാനുള്ള ഉത്തരവ് അബ്കാരികള്‍ നേടി. കണ്ണൂര്‍- കുറ്റിപ്പുറം പാതയിലും അബ്കാരികള്‍ക്ക് അനുകൂലമായ വിധി കോടതിയില്‍ നിന്നുണ്ടായി.

ഇതുമുതലാക്കി, കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് സമ്പാദിക്കാനുള്ള ശ്രമങ്ങളും പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഇത്തരം പരാതികളില്‍ പരിശോധിക്കാന്‍ നിര്‍ദേശിക്കുന്ന നിരവധി ഉത്തരവുകളാണ് എക്‌സൈസ് വകുപ്പിന് കിട്ടിയിട്ടുള്ളത്. എന്നാല്‍, റോഡുകള്‍ ഏതു ഗണത്തിലാണെന്ന് വ്യക്തമാക്കേണ്ട ബന്ധപ്പെട്ട വകുപ്പുകളുടെ കൃത്യമായ നിലപാടില്ലായ്്മ ഇവയില്‍ തീരുമാനമെടുക്കുന്നതിനും വിലങ്ങുതടിയായിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ദേശീയ പാതയെന്ന രീതിയില്‍ ജനങ്ങള്‍ ഇപ്പോഴും മനസിലാക്കിയിട്ടുള്ള പല ഭാഗങ്ങളും ആ ഗണത്തില്‍പ്പെടുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. മറ്റു പല സ്ഥലങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here