തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില വര്‍ദ്ധനവിന്റെ മുഴുവന്‍ ഭാരവും കേന്ദ്രത്തിന്റെ തലയില്‍ക്കെട്ടിവച്ച് തടിയൂരുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തുകൊണ്ടിരുന്നത്. കേന്ദ്രം നികുതി കുറയക്കുകയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാനുള്ള കേന്ദ്ര നിര്‍ദേശം നടപ്പാക്കുകയും ചെയ്തതോടെ വെട്ടിലായിരിക്കുന്നത് പ്രതിപക്ഷനിരയിലുള്ള പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകളാണ്.

ബി.ജെ.പിയുടെ ബുദ്ധിപരമായ രാഷ്ട്രീയ നീക്കം ‘തുറന്നുവിട്ട ഭൂതം തിരിഞ്ഞാക്രമിക്കുന്ന’ സ്ഥിതിയാണ് പ്രതിപക്ഷ നിരയ്ക്ക് സമ്മാനിക്കുന്നത്. ഇന്ധന വില വര്‍ദ്ധനവിനെതിരെ കേന്ദ്രത്തെ ഒരുമിച്ച് പഴിച്ചിരുന്ന കോണ്‍ഗ്രസും സി.പി.എമ്മും പരസ്പരം വാളെടുത്തു കഴിഞ്ഞു. ഇന്ധന വില വര്‍ദ്ധനവിലെ സംസ്ഥാനങ്ങളുടെ വിഹിതം ബി.ജെ.പി ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാക്കിയെന്നു മാത്രമല്ല, ലഭിച്ചിരുന്നതു വേണ്ടെന്നു വയ്‌ക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനങ്ങള്‍.

ആദ്യം കേന്ദ്രം കുറയ്ക്കട്ടെയെന്നു പറഞ്ഞിരുന്നവരെയെല്ലാം ഒരു രാത്രികൊണ്ടു ബി.ജെ.പി ഇരുട്ടത്താക്കി. നികുതി കുറയ്ക്കാന്‍ ഉദ്ദേശമില്ലെന്നു സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയതോടെ, സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്. 30.08 ശതമാനമാണ് കേരളം ഈടാക്കുന്ന വാറ്റ്. അതിനാല്‍ തന്നെ, നിലവില്‍ സംസ്ഥാനത്തിന്റേതായി ഉണ്ടായിട്ടുള്ള കുറവ് ഓട്ടോമാറ്റിക്കായി സംഭവിക്കുന്നതാണ്. വാറ്റ് ശതമാനത്തില്‍ കണക്കാക്കുന്നതിനാല്‍, കേന്ദ്രം ഇത്രനാളും നികുതി കൂട്ടിക്കൊണ്ടിരുന്നപ്പോള്‍ സംസ്ഥാനങ്ങള്‍ക്കും ഈ കൊള്ളലാഭം കൂടുന്നുണ്ടായിരുന്നുവെന്ന് ഇതോടെ വ്യക്തമായി. ഇക്കാര്യം ബോധപൂര്‍വ്വം വിസ്മരിക്കുന്ന രീതിയിലാണ് പ്രതിഷേധങ്ങളുമായി സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു പോയത്.

സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ പ്രഖ്യാപിച്ചു. രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ഗതാഗതക്കുരുക്ക് ഉണ്ടാകാതെ സമരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും സമര പാതയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here