ദൈവത്തിന്റെ സ്വന്തംനാടിനെ പ്രകൃതി ദുരന്തങ്ങള്‍ കാത്തിരിക്കയാണെന്ന് ഓര്‍മ്മപ്പെടുത്തി രണ്ടാം പ്രളയവും കടന്നുപോയതേയുള്ളൂ. പിന്നാലെ അന്തരീക്ഷ മലിനീകരണത്തിലും 5 ജില്ലകള്‍ ഇടംപിടിച്ചിട്ടുണ്ടെന്ന പഠന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സസ് നടത്തിയ പഠനത്തില്‍ കോട്ടയം, എറണാകുളം, കണ്ണൂര്‍, പാലക്കാട്, വയനാട് എന്നിവിടങ്ങളിലാണ് അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പൊടിപടലങ്ങള്‍ കൂടുതലായും കണ്ടെത്തിയത്.

ഒരു ക്യുബിക് മീറ്റര്‍ വായുവിലുള്ള 2.5 മൈക്രോണിന് താഴെയുള്ള കണികാപദാര്‍ഥങ്ങളുടെ മൈക്രോഗ്രാം അളവിന്റെ നിശ്ചിത വാര്‍ഷിക പരിധി രാജ്യത്ത് 40 ആണ്. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പരിധിയാകട്ടെ വെറും പത്തും.

പൊടിപടലങ്ങളുടെ അളവ് ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് എറണാകുളം വൈറ്റിലയിലാണ് – 92. കോട്ടയം കെ.കെ.റോഡില്‍ ഇത് 80ഉം കണ്ണൂരില്‍ 50ഉം പാലക്കാട് കഞ്ചിക്കോട്ട് 60ഉം വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ 63ഉം തിരുവനന്തപുരത്ത് 42ഉം ആണ്.

വാഹനങ്ങളുടെ ആധിക്യവും മാലിന്യം കത്തിക്കുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് പൊടിപടലങ്ങള്‍ കൂടുതലാകാന്‍ കാരണം.
2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാ പദാര്‍ഥങ്ങളുടെ അളവ് നിശ്ചിത വാര്‍ഷിക പരിധിക്ക് മുകളിലാണ് കണ്ടെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here