തെരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പുത്തരിയല്ല. പക്ഷേ ജനം പഠിപ്പിക്കുന്നതെന്തെന്ന് മനസിലാകാത്ത ‘പാര്‍ട്ടി’കളാണ് നമ്മുക്കുള്ളത്. ഭരണത്തിലേറുംമുമ്പ് പൊതുജനതല്‍പരരും ജനാധിപത്യവാദികളുമാകുന്നവര്‍ അധികാരക്കസേരയിലെത്തിയാല്‍ എല്ലാം മറന്നുപോകും. ഇടയ്ക്കിടെ നല്ല തല്ലുവച്ചുകൊടുക്കാന്‍ ജനത്തിന് അവസരം കിട്ടുന്നതാണ് ഇന്ത്യന്‍ജനാധിപത്യത്തിന്റെ ‘ഒരിത്’.

ത്രിപുരയില്‍ ഭരിച്ച് ഭരിച്ച് ഇടതുപക്ഷത്തിന് മടുത്തില്ലെങ്കിലും ജനത്തിന് ആകെ ബോറടിച്ചു. അവസരം മുതലെടുത്ത ബി.ജെ.പി. കാവിക്കൊടി പാറിച്ചു. നാഗാലാന്റിലും മേഘാലയയിലും ഭരണംപിടിച്ചു. 2 സീറ്റ് മാത്രം കിട്ടിയ മേഘാലയയെ വരുതിയിലാക്കിയ ബി.ജെ.പി തന്ത്രവും രാജ്യം ചര്‍ച്ചചെയ്തു. ത്രിപുരയില്‍ തോറ്റോടിയ ഇടതുപക്ഷം മഹാരാഷ്ട്രയില്‍ കര്‍ഷകറാലി നടത്തി വിജയംകൊയ്ത് സ്വയം ഞെട്ടി, പിന്നെ എല്ലാവരെയും ഞെട്ടിച്ചു.

തീവ്രഹിന്ദുത്വം തലയ്ക്കുപിടിച്ച യോഗിയുടെ തലയ്ക്കടിച്ച ജനവിധി വന്നതാണ് ഒടുവിലത്തേത്. സ്വന്തം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയുടെ ആഘാതത്തിലാണ് യോഗിയും ബി.ജെ.പിയും. ലോക്‌സഭാതെരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ് രാജ്യം. ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെയായതെന്തെന്ന് മനസിലാകുന്നില്ലത്രേ.

മോഡിഭരണത്തിന്റെ ഫൈനലോട്ടത്തിന്റെ നാളുകളാണ്. ഈസിയായി ജയിക്കാമെന്ന മോഹം പൊലിയുകയാണ്. മോഡറേഷന്‍ നല്‍കിയെങ്കിലും ജനം ജയിപ്പിക്കുമെന്ന പ്രതീക്ഷയേ ഇനി വേണ്ടൂ. ഒരു ജനാധിപത്യരാജ്യത്ത് എന്തൊക്കെ ചെയ്യരുതെന്ന് മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള ചെറിയ സമയമേ മുന്നിലുള്ളൂ. തോല്‍വികളില്‍നിന്നും യഥാര്‍ത്ഥപാഠം മനസിലാക്കാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടികളും തുനിഞ്ഞിട്ടില്ലെന്നതാണ് ചരിത്രം. വോട്ടുകിട്ടിയതിന്റെ ശതമാനക്കണക്കുകള്‍ നിരത്തി ജനത്തിന്റെ മുന്നിലവതരിച്ച് പരിഹാസ്യരാകാനല്ലാതെ തെറ്റേറ്റുപറയാന്‍ കെല്‍പ്പുള്ള ദേശീയപാര്‍ട്ടികളല്ല നമ്മുക്കുള്ളത്.

പറ്റിയ തെറ്റ് ഏറ്റുപറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ട് മറ്റുള്ളവരെ സംപൂജ്യരാക്കി ഡല്‍ഹി പിടിച്ച ആം ആദ്മി പാര്‍ട്ടി നമ്മുക്ക് മുന്നിലുണ്ട്. തെറ്റുകള്‍ ഏറ്റുപറഞ്ഞ് തിരുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരവസരം നല്‍കാനും ജനത്തിനറിയാമെന്ന് ചുരുക്കം. പിന്നേട് തൊഴുതുനില്‍ക്കുമ്പോള്‍ വടിയെടുത്ത് മുഖത്തടിക്കണോയെന്ന് ജനം തന്നെ തീരുമാനിക്കും.

കേരളത്തില്‍ തുടര്‍ഭരണം എന്ന മോഹത്തെ തല്ലിക്കെടുത്തക്കവിധമുള്ള പ്രകടനമാണ് ഓരോ സര്‍ക്കാരും കാഴ്ചവയ്ക്കാറുള്ളത്. അതുകൊണ്ട് കേരളത്തില്‍ ഇടതുപക്ഷത്തിന് ഉടനൊന്നും ക്ഷീണമുണ്ടാകില്ലെന്നുഒറപ്പ്. 5 കൊല്ലത്തെ ഇടവേളനല്‍കാതെ കസേരകിട്ടിയാലേ ഇടതുപക്ഷം വേരറ്റുപോകുകയുള്ളൂ. അതറിഞ്ഞാണ് പിണറായി സര്‍ക്കാരും മുന്നോട്ടുപോകുന്നത്. ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നെങ്കില്‍ ‘വയല്‍ക്കിളി’കളെ പറപ്പിക്കേണ്ടി വരില്ലെന്ന തിരിച്ചറിവ് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കുണ്ടെന്ന് ഓര്‍ക്കാതെ പോകരുത്.

LEAVE A REPLY

Please enter your comment!
Please enter your name here