ചാരക്കേസ് ബോധപൂര്‍വ്വം വളര്‍ത്തിയ രാഷ്ട്രീയ, ഉദ്യോഗസ്ഥ, മാധ്യമ ‘ചരടുവലിക്കാര്‍’ ആരൊക്കെ ?

0

‘എല്ലം നഷ്ടപ്പെട്ടത് ഒരൊറ്റ ദിവസം കൊണ്ട്…’ 1994 മുതല്‍ നീണ്ട പതിനാലു വര്‍ഷം
നിയമവും നിയമപാലകരും ഭരണകൂടവും മാധ്യമങ്ങളും ചുറ്റുംകൂടി കല്ലെറിഞ്ഞ നമ്പി നാരായണന്റ തന്നെ വാക്കുകളാണിത്.

ചാരക്കേസ് എന്ന ഭൂതം കുടത്തില്‍നിന്നു പുറത്തുവരും വരെ ഐ.എസ്.ആര്‍.ഒയില്‍ പ്രധാന തസ്തികയില്‍ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയ പ്രമുഖ ഉദ്യോഗസ്ഥനായിരുന്നു നമ്പി നാരായണന്‍. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാരായ വിക്രംസാരാഭായിയുടെയും സതീഷ് ധവാന്റെയും പ്രീയ ശിഷ്യന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ചാരക്കേസ് സ്വന്തം മേല്‍ചാര്‍ത്തിയ കളങ്കങ്ങള്‍ കഴുകി കളയാന്‍ നമ്പി നാരായണന്‍ ശ്രമിക്കുമ്പോള്‍ ഭൂതത്തെ തുറന്നുവിട്ടവരെയും അതിനെ വളര്‍ത്തിയവരെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്.

‘അന്ന് ഋഷിരാജ് സിംഗിന് ഒരു വീടു കിട്ടിയിരുന്നെങ്കില്‍…’

തിരുവനന്തപുരം ഡി.സി.പിയായിരുന്ന ഋഷിരാജ്‌സിംഗിന് താമസിക്കാന്‍ നല്ലൊരു വീട് കിട്ടിയിരുന്നെങ്കില്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഉണ്ടാകുമായിരുന്നില്ലെന്നാണ് മുന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ അടുത്തിടെ തുറന്നു പറഞ്ഞത്. 1994 ല്‍ തലസ്ഥാനത്ത് ജോലിക്കെത്തിയ സിംഗിന് താമസിക്കാനായി വീടന്വേഷിക്കുമ്പോഴാണ് നല്ല വീടുകളെല്ലാം മാലി സ്വദേശികള്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത് അറിയുന്നത്. വിഷയം അന്വേഷിക്കാന്‍ ഋഷിരാജ് സിംഗ് സ്‌പെഷല്‍ ബ്രാഞ്ച് സി.ഐ. വിജയനെ ചുമതലപ്പെടുത്തി.

1994 ഒക്‌ടോബര്‍ എട്ടാം തീയതി പകല്‍ പതിനൊന്നു മണിയോടെ മാലിക്കാരി യുവതി മറിയം റഷീദ ഇന്ത്യയില്‍ താമസിക്കാനുള്ള കാലാവധി നീട്ടികിട്ടാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലെ ഫോറിനേഴ്‌സ് സെക്ഷനില്‍ എത്തുന്നു. മറിയം റഷീദയുടെ പാസ്‌പോര്‍ട്ടില്‍ നിയമലംഘനം കണ്ടെത്തിയതോടെ കേസ് രജിസ്റ്റര്‍ ചെയ്തു.

പിന്നീടിത് ചാരക്കേസായി മാറിയത് വളരെപ്പെട്ടന്നാണ്. മറിയം റഷീദ ഐ.എസ്.ആര്‍.ഒയിലെ ക്രയോജനിക് പദ്ധതിയുടെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായിരുന്ന ഡി. ശശികുമാറിനെ ഫോണ്‍ ചെയ്തതിലേക്കായി അന്വേഷണം. പിന്നാലെ ക്രയോജനിക് സിസ്റ്റംസ് പ്രോജക്ട് ഡയറക്ടര്‍ എസ്. നമ്പി നാരായണന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായി.

ജീവിതം തകര്‍ത്തവരോട് കണക്കു ചോദിച്ച് നമ്പി നാരായണന്‍

കേരള പോലീസും ഐ.ബിയും ചേര്‍ന്ന് കണ്ടെത്തിയ ‘കുറ്റവാളിക’ളുടെ തുറന്നുപറച്ചിലില്‍ അവരനുഭവിച്ച പീഡനങ്ങള്‍ വ്യക്തം. ജി. പ്രജേഷ് സെന്‍ രചിച്ച നമ്പിനാരായണന്റെ ആത്മകഥ ഭ്രുമണപഥത്തില്‍ സമാനതകളില്ലാതെ ശാസ്ത്രജ്ഞനു നേരിടേണ്ടിവന്ന പീഡനങ്ങള്‍ വിവരിച്ചിട്ടുണ്ട്. റിമാന്‍ഡില്‍ കഴിഞ്ഞതിന്റെ മൂന്നാം ദിനത്തിലെ നിര്‍ത്താതെയുള്ള ചോദ്യം ചെയ്യല്‍. അടിയേറ്റു അവശനായപ്പോള്‍ വെളളം ചോദിച്ചു. ഒരു ഗ്ലാസില്‍ ആരോ വെള്ളം കൊണ്ടുവന്നു. അതുവാങ്ങാനായി കസേരയില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ വെള്ളം മുഖത്തേക്ക് ഒഴിച്ചു. പിറകില്‍ നിന്ന ആള്‍ ഇരുന്ന കസേര ചവിട്ടി തെറിപ്പിച്ചു. ‘നിനക്കീ രാജ്യത്തു കസേരയില്ല, നീ ചാരനാണ്..’

നമ്പി നാരായണനെ അറിയില്ലെന്നും ആ പേരുപോലു കേട്ടിട്ടില്ലെന്നും ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹൗസില ഹസനും വെളിപ്പെടുത്തിയിട്ടുണ്ട്. പറയുന്നതെല്ലാം സമ്മതിച്ചില്ലെങ്കില്‍ 14 വയസുള്ള മകളെ മുന്നില്‍കൊണ്ടുവന്ന് മാനഭംഗം ചെയ്യുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നും ക്രൂരമായ പോലീസ് മുറിയില്‍ പിടിച്ചു നില്‍ക്കാനാകാതെയാണ് എല്ലാം സമ്മതിച്ചതെന്നുമാണ് ഇവരുടെ പുറത്തുവന്നിട്ടുള്ള വെളിപ്പെടുത്തല്‍. നമ്പി നാരായണന്റെ പേര് വ്യക്തമായി പറയാന്‍ പോലും കഴിഞ്ഞിരുന്നില്ല. കുറ്റസമ്മത വീഡിയോ പകര്‍ത്തുന്നതിനിടെ, പേര് എഴുതികാണിച്ചു വായിപ്പിക്കുകയായിരുന്നുവെന്നും മറിയം വെളിപ്പെടുത്തിയിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം നമ്പി നാരണനു നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനമാണെന്ന് സുപ്രീംകോടതി പറയുമ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിരവധി ബാക്കിയാണ്. ചോദ്യങ്ങളെ ബലപ്പെടുത്തുന്ന ഒരു രാഷ്ട്രീയ ചുറ്റുപാടിലാണ് ചാരക്കേസ് ജനിച്ചിട്ടുളളത്.

കരുണാകന്റെ പതനം തുടങ്ങിയത് ഇവിടെ

എ ഗ്രൂപ്പുകാരനായ എം.എ. കുട്ടപ്പന് കരുണാകരന്റെ രാഷ്ട്രീയ ഇടപെടലില്‍ രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടതും 94ലാണ്. ജൂണ്‍ 16ന് ഇതേതുടര്‍ന്ന് ഉമ്മന്‍ ചാണ്ടി ധനമന്ത്രി സ്ഥാനം രാജിവച്ച് പുറത്തുപോയി. നമ്പി നാരായണന്റെ അറസ്റ്റിനു പിന്നാലെ ഐ.ജി. രമണ്‍ ശ്രീവാസ്തവയുടെ പേരുകൂടി പുറത്തുവന്നു. ഇതോടെ കേസിന്റെ മാനം മാറി. ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യണമെന്ന ഐ.ബി ഉദ്യോഗസ്ഥരുടെ ആവശ്യത്തില്‍ കരുണാകന്‍ മൗനം പാലിച്ചു. ജസ്റ്റിസ് കെ. ശ്രീധരന്‍, ജസ്റ്റിസ് ബി.എന്‍. പട്‌നായിക് എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ബെഞ്ചിന്റെ വിധി രമണ്‍ ശ്രീവാസ്തവയ്ക്ക് എതിരായതോടെ വിഷയം ചൂടുപിടിച്ചു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരന്റെ രാജി ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പും തുരുത്തല്‍വാദികളും ശക്തമായി രംഗത്തുണ്ടായിരുന്നു. ആഞ്ഞടിപ്പ് എ പക്ഷത്തുനിന്ന് സുധീരനും രംഗത്തുണ്ടായിരുന്നു. 95 ഫെബ്രുവരി 14നു നടന്ന അവിശ്വാസപ്രമേയത്തില്‍ സുധീരന്‍ വിപ്പു ലംഘിച്ചു നിലപാടും സ്വീകരിച്ചു. 95 മാര്‍ച്ച് 16ന് കരുണാകരന്‍ രാജിവച്ചു. 22ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായതും ചരിത്രം.

ചാരക്കേസ് ഈ വിധത്തിലൊക്കെ രൂപാന്തരപ്പെട്ടപ്പോള്‍ അതിനെ ബോധപൂര്‍വ്വം വളര്‍ത്തിയ രാഷ്ട്രീയ, ഉദ്യോഗസ്ഥ, മാധ്യമ ലോകത്തെ ചരടുവലിക്കാരെ സുപ്രീം കോടതി നിയോഗിച്ച കമ്മിഷനു പുറത്തുകൊണ്ടുവരാന്‍ കഴിയുമോയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here