പൊതിച്ചോറില്‍ കല്ലുതെരയുന്ന പോലീസും ഉപദേശകവൃന്ദവും; പിണറായിയെ പരാജിതനാക്കാന്‍  ചുറ്റിനും ‘കൈയടി’ ലോബി

0

ഭരണകൂടം എല്ലാക്കാലത്തും അങ്ങനെയാണ്. പോലീസ് സംവിധാനത്തെ മര്‍ദ്ദന ഉപകരണമാക്കി മാറ്റുകയും ജനങ്ങളെ പേടിപ്പിക്കുകയും ചെയ്യും. എതിരഭിപ്രായങ്ങളെ മുളയിലേ നുള്ളാന്‍ ആവത് ശ്രമിക്കും. കേസും പുക്കാറും പേടിച്ച് ഒതുങ്ങേണ്ടവരെല്ലാം പതിയെ ഒതുങ്ങും.

അശ്വതി ജ്വാലയെന്ന പെണ്‍കുട്ടിക്കെതിരേയുള്ള പോലീസ് അന്വേഷണം എല്ലാവരെയും ഞെട്ടിച്ചു. തലസ്ഥാന നഗരിയിലെ തെരുവില്‍ പാവങ്ങള്‍ക്ക് ഭക്ഷണപൊതി നല്‍കി സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന ‘അശ്വതി ജ്വാല’യെയും സര്‍ക്കാരിന് അറിയാന്‍പാടില്ലാതായി. നാട്ടുകാര്‍ക്കും തെരുവില്‍ അലയുന്നവര്‍ക്കും വയറുകത്തുന്നവര്‍ക്കും നന്നായി തിരിച്ചിറിയാം ജ്വാല ഫൗണ്ടേഷന്‍ സ്ഥാപകയായ അശ്വതിയെ. പക്ഷേ ഭരിക്കുന്ന ഇടത്പക്ഷത്തിനും പോലീസിനും പെട്ടെന്ന് ജ്വാല ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹത തോന്നി. പൊതിച്ചോറ് പൊതിയാന്‍ കാശ് വരുന്ന വഴി തേടി സര്‍ക്കാര്‍ മാതൃക കാട്ടുന്നതാണ് ഇടതുസര്‍ക്കാരില്‍ പ്രതീക്ഷയുള്ളവരെ നിരാശരാക്കുന്നത്.

നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് 2015ല്‍ സര്‍ക്കാരിന്റെ യൂത്ത് ഐക്കണ്‍ പുരസ്‌കാരം നേടിയയാളാണ് അശ്വതി. ഇലക്ട്രീഷ്യനായ ഭര്‍ത്താവും രണ്ട് മക്കളോടുമൊപ്പമാണ് അശ്വതി കഴിയുന്നത്. അശ്വതി തന്നാലാവുന്നവിധം പൊതിച്ചോറ് വിതരണം നടത്തുന്നതറിഞ്ഞ് സമാന മനസ്ഥിതിയുള്ള നിരവധിപേര്‍ ഒപ്പംകൂടുയായിരുന്നു. പ്രവര്‍ത്തിക്കാന്‍ നിരവധിപേര്‍ മുന്നോട്ടുവന്നതോടെ ‘ജ്വാല’ എന്നപേരില്‍ സന്നദ്ധസംഘടന ഉണ്ടാക്കുകയായിരുന്നു. മുപ്പതോളംപേരടങ്ങിയ സംഘടനയുടെ പ്രവര്‍ത്തനം ഭരണകൂടത്തിന്റെ കണ്ണിലെ കരടാകാന്‍ മാത്രം ദുരൂഹതയുള്ളതല്ല.

ലിഗയെന്ന വിദേശവനിതയുടെ കാണാതാകലും മരണവുമെല്ലാം പൊതുസമൂഹത്തില്‍ ചര്‍ച്ചയായതും സര്‍ക്കാരും പോലീസും പ്രതിക്കൂട്ടിലായതും ലിഗയുടെ സഹോദരിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തതുമാണ് അശ്വതി ജ്വാലയുടെ ‘പൊതിച്ചോറ്’ വിതരണം സുതാര്യമല്ലാതാക്കിയത്. അനധികൃത സമ്പാദ്യമുണ്ടാക്കി അശ്വതി അങ്ങനെ വിലസുകയാണെന്ന് കാട്ടി ഒരു പരാതിക്കാരനെത്തി. സര്‍ക്കാരും പോലീസും ഉണര്‍ന്നു; പൊതിച്ചോറിലെ കല്ലും നെല്ലും തിരയുന്നു. അത്രേയുള്ളൂ. അല്ലാതെ ഇത് പ്രതികാരബുദ്ധിയെന്ന് പറയുന്നത് കുബുദ്ധികളാണ്. ഇടത് വിരോധം തലയ്ക്കുപിടിച്ചവരാണ്.

മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ വകുപ്പും മാത്രം നിരന്തരം വിവാദങ്ങളില്‍ പെടുന്നതെന്തുകൊണ്ടാകും? മുഖ്യമന്ത്രിയെ കുഴിയില്‍ചാടിക്കുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയാത്തതെന്തുകൊണ്ട്? പിണറായിയെ പരാജിതനാക്കാന്‍ ചുറ്റിനും നില്‍ക്കുന്നഈ ‘കൈയടി’ ലോബിയെ തിരിച്ചറിയേണ്ടത് പിണറായി വിജയന്‍ മാത്രമാണ്.

മുഖ്യമന്ത്രി വരാപ്പുഴയിലെ കസ്റ്റഡിമരണത്തിനിരയായ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തതില്‍ വിമര്‍ശനമുയര്‍ന്നു. രാഷ്ട്രീയ വിശദീകരണയോഗം വിളിച്ച് നാട്ടുകാര്‍ക്ക് ഇക്കാര്യത്തില്‍ വന്നുഭവിച്ച അബദ്ധധാരണകള്‍ സി.പി.എം. തിരുത്തുന്നുമുണ്ട്. നവമാധ്യമങ്ങളില്‍ അഭിരമിക്കുന്ന ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള പുതുതലമുറയെയാണ് വിശദീകരണയോഗം നടത്തി ബോധവത്ക്കരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നത്.

വിമര്‍ശനങ്ങളിലെ കാതല്‍ തിരിച്ചറിഞ്ഞ് സ്വയം പ്രകാശിക്കാന്‍ കഴിയാത്ത ഭരണകൂടവും നേതാവും പൊതുജനമനസില്‍നിന്ന് അകലുമെന്ന തിരിച്ചറിവ് ഇല്ലാതെപോകുന്ന ഉപദേശകരല്ല മുഖ്യമന്ത്രിക്ക് ചുറ്റിലും. തെറ്റുതിരുത്തുന്നത് തലകുമ്പിടലല്ല. ഓഖിയില്‍ ദുരന്തമേഖല സന്ദര്‍ശിക്കേണ്ടതില്ലെന്ന് ഉപദേശിച്ച് മുഖ്യമന്ത്രിയുടെ ‘മുഖം’ നഷ്ടപ്പെടുത്തിയ ലോബി ചുറ്റിലുമുണ്ട്. ഒടുവില്‍ കേന്ദ്രമന്ത്രിയും പ്രധാനമന്ത്രിയും എത്തുംമുമ്പ് തീരത്തിറങ്ങാന്‍ വീണ്ടും ഉപദേശിച്ചവര്‍ പിണറായി വിജയനെ നാണംകെടുത്തി ലക്ഷ്യംനേടി.

കേരള മുഖ്യമന്ത്രിയെന്ന പദവി, പാര്‍ട്ടിക്കുള്ളതല്ല. ഇടതിന് വോട്ടുചെയ്തവരുടേയും ചെയ്യാത്തവരുടേയും കൂടി മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ജനങ്ങള്‍ തങ്ങളുടെ പ്രശ്‌നങ്ങളോട് മുഖംതിരിക്കുന്ന ഒരു ഭരണാധികാരിയെ ഒരുകാലത്തും ആഗ്രഹിക്കുന്നില്ല. പ്രവര്‍ത്തനങ്ങള്‍ ശരിയായി നടത്തുന്ന ഒരു നേതാവ് ജനങ്ങളോടൊപ്പം സംവദിക്കുന്നതും പ്രശ്‌നങ്ങളില്‍ ഇടപെടുന്നതും കുറച്ചിലാണെന്ന് ഏത് ഉപദേശകനാണ് പറഞ്ഞത്? ചുറ്റിനും നിന്ന് കൈയ്യടിക്കുന്നവരുടെ ഉള്ളിലിരിപ്പ് തിരിച്ചറിഞ്ഞില്ലെങ്കില്‍ ചരിത്രത്തിലെ പരാജയപ്പെട്ട മുഖ്യമന്ത്രിയെന്ന പട്ടം പിണറായി വിജയനെ കാത്തിരിപ്പുണ്ട്. ഉപദേശിവൃന്ദങ്ങള്‍ അതിനുള്ള പണിപ്പുരയില്‍ തന്നെയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here