അടിച്ചാല്‍ ലോട്ടററി…. രണ്ടു കടന്നുകിട്ടിയാല്‍ മൂന്നു വര്‍ഷമായി കണക്കാക്കി ആജീവനാന്ത പെന്‍ഷന്‍, ലീഡര്‍ തുടങ്ങിവച്ച ‘ബംബര്‍ സമ്മാനത്തെ’ പിന്നാലെയെത്തിയവരും പരിപോഷിപ്പിച്ചിട്ടുണ്ട്

പെന്‍ഷനാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ക്ഷേമിനിധി ബോര്‍ഡില്‍ അംഗമായി അംശാദായം അടയ്ക്കുന്നവര്‍ക്ക് 60 തികഞ്ഞാല്‍ പെന്‍ഷന്‍ ലഭിക്കും. പത്തു വര്‍ഷം സര്‍വീസുണ്ടെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മിനിമം പെന്‍ഷന്‍ ലഭിക്കും. എന്നാല്‍, എളുപ്പത്തില്‍ പെന്‍ഷന്‍ കിട്ടുന്ന ഒരു കൂട്ടരുണ്ട് നമ്മുക്കിടയില്‍. മുഖ്യമന്ത്രി, മന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് തുടങ്ങിയ ഭരണഘടനാ പദവിയിലുള്ളവരുടെ പേഴ്‌സണല്‍ സ്്റ്റാഫില്‍ അംഗമാകുന്നവര്‍ക്ക്് മൂന്നു വര്‍ഷത്തെ സേവനമുണ്ടെങ്കില്‍ പെന്‍ഷന്‍ കിട്ടും. ഇനി മൂന്നു തിരഞ്ഞില്ല, രണ്ടരവര്‍ഷമേയുള്ളൂവെങ്കിലും അതിനെ മൂന്നായി പരിഗണിച്ചു പെന്‍ഷന്‍ നല്‍കാനും വ്യവസ്ഥയുണ്ട്.

1984 ഏപ്രില്‍ ഒന്നു മുതല്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിതരായവര്‍ക്കാണ് പ്രത്യേക ചട്ടം വഴി പെന്‍ഷന്‍ അനുവദിക്കുന്നത്. 1994ന് മുമ്പ് വരെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നില്ല. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 1994 സെപ്റ്റംബര്‍ 23 നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്.

ഇതുപ്രകാരം പരമാവധി പെന്‍ഷന്‍ ലഭിക്കാന്‍ 30 വര്‍ഷവും കുറഞ്ഞ പെന്‍ഷന്‍ ലഭിക്കാന്‍ മൂന്നുവര്‍ഷവും പേഴ്‌സണല്‍ സ്റ്റാഫായി പ്രവര്‍ത്തിക്കണം. എന്നാല്‍ 29 വര്‍ഷത്തിലധികം സര്‍വീസുണ്ടെങ്കിലം 30 വര്‍ഷം തികഞ്ഞില്ലെങ്കിലും പരമാവധി പെന്‍ഷന്‍ നല്‍കാന്‍ വ്യവസ്ഥയുണ്ട്. ഇതേപോലെ മൂന്നു വര്‍ഷം തികഞ്ഞില്ലെങ്കിലും അങ്ങനെ കണക്കാക്കി കുറഞ്ഞ പെന്‍ഷനും അനുവദിക്കാം. ഭരണഘടനാ തസ്തികയിലെത്തുന്ന ആളിന് താല്‍പര്യമുള്ള ആരെയും പേഴ്‌സണല്‍ സ്റ്റാഫ് തസ്തികളിലേക്ക് നിയമിക്കാം.

സംസ്ഥാനത്ത് പേഴ്‌സണല്‍ സ്റ്റാഫുകളില്‍ ജോലി നോക്കിയിരുന്നു 1223 പേര്‍ക്ക് നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ളവരുടെ പെന്‍ഷന്‍ കൂടി അനുവദിക്കപ്പെടുന്നതോടെ എണ്ണം 1500 ലെത്തും. പല സംസ്ഥാനങ്ങളും ഇത്തരമൊരു രീതി നടപ്പാക്കാന്‍ ഇപ്പോഴും അറച്ചു നില്‍ക്കുകയാണ്. എന്നാല്‍, നമ്മുടെ കേരളത്തില്‍ സ്റ്റാഫിന്റെ എണ്ണവും ശമ്പളവും വര്‍ദ്ധിപ്പിക്കുന്നതാണ് കീഴ്‌വഴക്കം. രണ്ടര വര്‍ഷം ജോലി ചെയ്താല്‍ പെന്‍ഷന്‍ വാങ്ങാന്‍ കഴിയുമെന്നതിനാല്‍ സ്വന്തം ഭരണകാലയളവില്‍ സ്റ്റാഫിനെ മാറ്റി നിയമിച്ച് രണ്ടു പേര്‍ക്കു പെന്‍ഷന്‍ വാങ്ങിക്കാന്‍ അവസരമൊരുക്കിയിട്ടുള്ള മന്ത്രിമാരുമുണ്ട്. പഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണം 30ല്‍ നിന്ന് 25 ആക്കി കുറച്ചെന്ന് അവകാശപ്പെടുമ്പോഴും ആവര്‍ത്തിച്ചുള്ള നിയമനം ഫലത്തില്‍ പഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണം ഇരട്ടിയാക്കുകയാണ്. 18 വയസ്സില്‍ പഴ്‌സനല്‍ സ്റ്റാഫില്‍ കയറിയ ആള്‍ 20 വയസ്സില്‍ അവിടെ നിന്നിറങ്ങിയാല്‍ മരണം വരെ പെന്‍ഷന്‍ വാങ്ങാം. ഓരോ പെന്‍ഷന്‍ പരിഷ്‌കരണത്തിലും പെന്‍ഷന്‍ വര്‍ധിപ്പിച്ചു നല്‍കുകയും ചെയ്യും. 2400 രൂപയായിരുന്ന മിനിമം പെന്‍ഷന്‍ കഴിഞ്ഞ പരിഷ്‌കരണത്തോടെ 3550 രൂപയായിട്ടുണ്ട്. പലരുടെ സ്റ്റാഫുകളിലായി 30 വര്‍ഷം സര്‍വീസുണ്ടെങ്കില്‍ മുഴുവന്‍ പെന്‍ഷനുള്ള അര്‍ഹതയുണ്ട്. ഈ നേട്ടം കൈവരിച്ചവരും നമ്മുടെ നാട്ടിലുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു കീഴിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ച ശേഷം മരിച്ചു പോയാല്‍ കുടുംബ പെന്‍ഷനില്ല. എന്നാല്‍, പഴ്‌സനല്‍ സ്റ്റാഫിന് കുടുംബ പെന്‍ഷനും അര്‍ഹതയുണ്ട്. സര്‍ക്കാര്‍ നടപ്പാക്കിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങളും ഇവര്‍ക്കു ലഭിക്കും.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയടെ കാലഘട്ടത്തിലെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ തസ്തിക 623 ആയിരുന്നു. ചട്ടപ്രകാരം 30 പേരെ നിയമിക്കാമെങ്കിലും 25 പേരെ മാത്രം നിയമിച്ച് ചെവലു ചുരുക്കാന്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തീരുമാനമെടുത്തിരുന്നു. ഭരണത്തിന്റെ അവസാന കാലയളവില്‍ ചട്ടം ഭേദഗതി ചെയ്ത് മുഖ്യമന്ത്രിക്ക് 37 പേരെ നിയമിക്കാന്‍ മന്ത്രിസഭ അവസരമൊരുക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭരണത്തിലേറിയപ്പോള്‍ നിയമിച്ച 7 പേരെക്കൂടി പഴ്‌സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇനിവരുന്ന സര്‍ക്കാരുകള്‍ക്കും 37 പേരെ നിയമിക്കാന്‍ സാധിക്കും. ഇപ്പോഴത്തെ മന്ത്രിസഭയിലെ മന്ത്രിമാരും മറ്റു ക്യാബിനറ്റ് പദവിയിലുളളവരും ചേര്‍ന്ന് നിലവില്‍ നിയമിച്ചിട്ടുള്ളത് 352 അംഗങ്ങളെയാണ്. ഇവരുടെ ശമ്പളയിനത്തില്‍ പ്രതിമാസം ചെലവഴിക്കുന്നതാകട്ടെ, 1.42 കോടിയയോളം രൂപ. മറ്റു ആനുകൂല്യങ്ങള്‍ വേരെ. പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി പോസ്റ്റുകളിലുള്ളവര്‍ക്ക് ശമ്പളം ഒരു ലക്ഷത്തിനു മുകളിലാണ്. ഐഎഎസുകാര്‍ വര്‍ഷങ്ങളുടെ സര്‍വീസിലൂടെ എത്തുന്ന ഡെപ്യൂട്ടി സെക്രട്ടറി പദവിയില്‍ നല്‍കുന്ന ശമ്പളത്തിനു തുല്ല്യമായ സ്‌കെയിലാണ് ഇവര്‍ക്ക്. അതായത് പ്രൈവറ്റ് സെക്രട്ടറിക്കു ഏകദേശം 1,07,80 0- 1,60,000 വരെ പ്രതിമാസം ലഭിക്കും. 50,200 രൂപവരെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായ പാചകക്കാരനു ലഭിക്കും. 70,000 രൂപയ്ക്ക് മുകളില്‍ ശമ്പളം ലഭിക്കുന്ന പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കു യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് ട്രെയിന്‍ ടിക്കറ്റ് നിരക്കാണ് ടിഎയായി ലഭിക്കുക. 77,000 ന് മുകളിലാണെങ്കില്‍ വിമാന ടിക്കറ്റ് നിരക്കും ക്ലെയിം ചെയ്യാന്‍ സാധിക്കും.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മാത്രമല്ല, ഗവര്‍ണര്‍ക്കുമുണ്ട് പേഴ്‌സണല്‍ സ്റ്റാഫുകള്‍. സ്്റ്റാഫില്‍ നാലു പേരെ ഉണ്ടാകുള്ളൂവെങ്കിലും രാജ്ഭവനിലെ സന്നാഹം വളരെ വലുതാണ്.
ഇവരുടെ നിയമനം നടത്തേണ്ടതും സര്‍ക്കാരാണ്. എന്നാല്‍, രാജ്ഭവനിലേക്ക് രാഷ്ട്രീയ നിയമനം അപൂര്‍വ്വമാണ്. പോലീസ് റിപ്പോര്‍ട്ട് അടക്കം പരിഗണിച്ചാണ് ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് ആളെ തീരുമാനിക്കുനത്. ഗവര്‍ണര്‍ നിര്‍ദേശിക്കുന്ന ആളെ നിയമിക്കുന്ന രീതിയുമുണ്ട്. രാജ്ഭവനിലേക്കുള്ള ഭൂരിഭാഗം നിയമനങ്ങളും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷനാണ്. കേരള ഗവര്‍ണറിന്റെ സെക്രട്ടേറിയേറ്റ്, ഹൗസ് ഹോള്‍ഡ്, ഡിസ്പെന്‍സറി എന്നിങ്ങനെ 151 സ്റ്റാഫുകളാണ് നിലവിലുള്ളത്.

10.83 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ രാജ്ഭവനു വേണ്ടി മാറ്റിവച്ചിരിക്കുന്നത്. ഇതിനു പുറമേ മെഡിക്കല്‍ ഓഫിസര്‍ അടക്കം ആരോഗ്യവകുപ്പില്‍ നിന്ന് 6 ജീവനക്കാരുമുണ്ട്. ഗവര്‍ണറുടെ ശമ്പളത്തിനായി 42 ലക്ഷവും ആവശ്യാനുസരണം ചെലവഴിക്കാന്‍ 25 ലക്ഷവും പ്രതിവര്‍ഷം വകയിരുത്തിയിട്ടുണ്ട്. രാജ്ഭവനിലേയ്ക്ക് എന്തു വേണമെന്ന് ആവശ്യപ്പെട്ടാലും അപ്പോള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവുമിറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here