ചുറ്റുമുള്ള വൈദ്യുതി, ടെലഫോണ്‍ കേബിളുകള്‍ ഭൂമിക്കടയിലേക്ക് മാറ്റും, അമൂല്യ നിധിയുടെ ത്രീഡി ഇമേജ് മ്യൂസിയം… പത്മനാഭ സ്വാമി ക്ഷേത്രം തിരുപ്പതി സ്‌റ്റൈലില്‍ തീര്‍ത്ഥാടകരെ ആകര്‍ഷിക്കുമോ ?

0
9

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷത്രത്തിന്റെ നാലുനടകളിലും നിലവിലുള്ള വൈദ്യുതി, ടെലഫോണ്‍ തുടങ്ങിയവയുടെ യൂട്ടിലിറ്റി കേബിളുകള്‍ ഭൂമിക്കടിയിലൂടെ മാറ്റിസ്ഥാപിക്കും. ശുദ്ധജലവിതരണം, അഴുക്കുചാലുകള്‍, ഓടകള്‍ എന്നിവ നവീകരിക്കും. ക്ഷേത്രത്തിനു ചുറ്റുമുള്ള പാതകള്‍ ഗ്രാനൈറ്റ് പാകി മോടിപിടിപ്പിക്കല്‍, പൈതൃകം നിലനിര്‍ത്തിയുള്ള തെരുവുവിളക്കുകളുടെ പുനഃസ്ഥാപനം, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍, സന്ദര്‍ശക വാഹനങ്ങളുടെ പാര്‍ക്കിംഗ്, ശൗചാലയങ്ങള്‍ ഉള്‍പ്പെടെ സ്ഥാപിക്കല്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സൗരോര്‍ജ വൈദ്യുതി ഉത്പാദന സംവിധാനം, പത്മതീര്‍ഥക്കുള പുനരുദ്ധാരണം എന്നിവയടക്കം വിഭാവനം ചെയ്തിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ പ്രവര്‍ത്തനം തുടങ്ങി.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ആറന്‍മുള ക്ഷേത്രം, ശബരിമല എന്നിവിടങ്ങള്‍ ചേര്‍ന്നുള്ള തീര്‍ഥാടന സര്‍ക്യൂട്ട് പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. 8 കോടി 55 ലക്ഷം രൂപയാണ് അടങ്കല്‍ തുക കണക്കാക്കിയിട്ടുള്ള പദ്ധതി നിര്‍മിതി കേന്ദ്രവും ഹൗസിംഗ് ബോര്‍ഡും ചേര്‍ന്നാണ് നടപ്പാക്കുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീര്‍ഥാടനകേന്ദ്രമായി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്രത്തിനു ചുറ്റുമുള്ള കൈയേറ്റങ്ങള്‍ സമയബന്ധിതമായി ഒഴിപ്പിക്കാന്‍ നടപടികളുമായി മുന്നോട്ടുപോകും. തിരുപ്പതി മോഡലില്‍ കൂടുതല്‍ തീര്‍ഥാടകരെ ആകര്‍ഷിക്കാനാണ് ശ്രമിക്കുന്നത്.
ക്ഷേത്രത്തിലെ അമൂല്യനിധികള്‍ സംബന്ധിച്ച അന്താരാഷ്ട്ര നിലവാരമുള്ള മ്യൂസിയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. യഥാര്‍ഥ നിധി പ്രദര്‍ശിപ്പിക്കുകയല്ല, അവയുടെ ത്രീഡി രൂപങ്ങളും ചിത്രങ്ങളും മറ്റും പ്രദര്‍ശിപ്പിക്കുന്നതിനാണ് ആലോചന.

LEAVE A REPLY

Please enter your comment!
Please enter your name here