സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിപക്ഷ എം.എല്‍.എയുടെ പേര്, സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സെക്രട്ടറിക്ക് കസേര പോയി

0

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിപക്ഷ എംഎല്‍എയുടെ പേര് വന്നതിന് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സെക്രട്ടറിക്ക് ട്രാന്‍സ്ഫര്‍. അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ എസ്.എസ് ലളിത്തിനെയാണ് ഉന്നത വിദ്യാഭ്യാസ (എച്ച്) വകുപ്പില്‍ നിന്ന് സെക്രട്ടേറിയറ്റിന് പുറത്ത് ഐഎം ജി യിലേക്ക്ട്രാന്‍സ്ഫര്‍ ചെയ്തത്. ഉന്നത വിദ്യാഭ്യാസ അച്ചടി വകുപ്പിന് കീഴില്‍ വരുന്ന കേരള ബുക്‌സ് & പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെ ബി പി എസ് ) യിലെ താല്‍ക്കാലിക ജീവനക്കാരുടെ ദിവസ വേതനം വര്‍ധിപ്പിക്കണമെന്ന് പി ടി തോമസ് എംഎല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്‍മേല്‍ 100 രൂപ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ച് കഴിഞ്ഞ 30 ന് സെക്ഷനില്‍ നിന്ന് ഉത്തരവുമിറങ്ങി.

സാധാരണ ചെയ്തു വരാറുള്ള പോലെ ഉത്തരവിന്റെ സൂചനയില്‍ എംഎല്‍എയുടെ നിവേദനത്തിന്റെ കാര്യം ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ചൊടിപ്പിച്ചത്. ഉത്തരവിറങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ സെക്ഷനില്‍ വിളിച്ച് എം.എല്‍.എ യുടെ പേര് വച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ശകാരിച്ചിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച ഫയല്‍ വിളിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ട്രാന്‍സ്ഫര്‍ ഉത്തരവിറങ്ങിയത്. ഈ സര്‍ക്കാര്‍ വന്ന ശേഷം ലളിത്തിന് അഞ്ചാമത്തെ ട്രാന്‍സ്ഫര്‍ ആണ്. വിവരാവകാശ കമ്മിഷന്‍, തൃശുര്‍ ആരോഗ്യ സര്‍വകലാശാല, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ രണ്ട് സെക്ഷനുകള്‍ എന്നിവക്കു ശേഷമാണ് ഇപ്പോള്‍ ഐ എം ജി യിലേക്ക് മാറ്റിയത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here