ഗള്‍ഫ് പ്രതീക്ഷകള്‍ അസ്തിമച്ചു തുടങ്ങുന്നോ ? 87 തസ്തികകളിലേക്ക് ഒമാന്റെ വിസാ വിലക്ക്, സൗദിയില്‍ കൂടുതല്‍

0

മസ്‌ക്കറ്റ്: മലയാളികളുടെ ഗള്‍ഫ് സ്വപ്‌നങ്ങള്‍ക്ക് കഴിഞ്ഞ കുറെ നാളുകളായി തിരിച്ചടിയാണ്. ഒമാനില്‍ 87 തസ്തികകളിലേക്ക് വിസ താല്‍ക്കാലിക വിലക്ക് വന്നു. സൗദി അറേബ്യയില്‍ കൂടുതല്‍ സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി 12 തരം സ്ഥാപനങ്ങളില്‍ കൂടി നിയന്ത്രണം ഉടന്‍ വരും.

ഒമാനില്‍ വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് വിസാ വിലക്ക് ഏര്‍പ്പെടുത്തി. മാവന വിഭവശേഷി മന്ത്രാലയത്തിന്റെ നിയന്ത്രണം ആറു മാസത്തേക്കാണെങ്കിലും ഇതു വരാനിരിക്കുന്ന കനത്ത നിയന്ത്രണങ്ങളുടെ സൂചനയാണെന്ന് വിലയിരുത്തുന്നു.
ഐ.ടി., അക്കൗണ്ടിംഗ്, മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ്, അഡ്മിനിസ്‌ട്രേഷന്‍, ഇന്‍ഷ്വറന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്റ് മീഡിയ, എഞ്ചിനിയറിംഗ്, ടെക്ടനിക്കല്‍, മെയില്‍ നഴ്‌സ്, ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ് തുടങ്ങി സ്വകാര്യ മേഖലയിലെ 10 വിഭാഗങ്ങളിലുള്ള തൊഴിലുകള്‍ക്കാണ് വിലക്ക്. ഞായറാഴ്ച പുറത്തിറങ്ങിയ ഉത്തരവ് സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമാണ്. 25,000 തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി സൃഷ്ടിക്കാന്‍ ഒക്‌ടോബറില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് നടപടി. ഇതാകട്ടെ, ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ സാരമായി ബാധിക്കുന്നതാണ്.
നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിസ പുതുക്കുന്നതിന് തടസമുണ്ടാകില്ല. ചെറുകിട, ഇടത്തരം വ്യവസായ വികസന പൊതു അതോറിട്ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമാകും ഇളവ് ലഭിക്കുക.

സൗദി അറേബ്യയയും കൂടുതല്‍ സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഇതിന്റെ ഭാഗമായി പന്ത്രണ്ടുതരം സ്ഥാപനങ്ങളിലെ തൊഴിലുകള്‍ കൂടി സ്വദേശി പൗരന്മാര്‍ക്കായി സംവരണം ചെയ്തുകൊണ്ടുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. സെപ്റ്റംബര്‍ 11 മുതല്‍ അഞ്ചു മാസങ്ങളിലായിട്ട് തീരുമാനം നടപ്പാക്കാനാണ് പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here