ശമ്പളവും പെന്‍ഷനും നോട്ടായി കിട്ടില്ല; ശമ്പളം മുടങ്ങാതിരിക്കാന്‍ ക്യാഷ്‌ലെസ് ട്രാന്‍സാക്ഷനുകള്‍ പ്രോത്സാഹിപ്പിക്കുമോ ?

0
9

തിരുവനന്തപുരം: ജനുവരിയിലെ ശമ്പളവും പെന്‍ഷനും നോട്ടായി നല്‍കാനാവില്ല. കൂടുതല്‍ നോട്ടുകള്‍ നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതോടെ, ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന ആശങ്ക ഉയര്‍ന്നു.

കേരളത്തിന് ആവശ്യമുള്ള 1,391 കോടിയില്‍ 600 കോടി മാത്രമേ നല്‍കാനാവൂവെന്നാണ് ആര്‍.ബി.ഐ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം ധന സെക്രട്ടറി നടത്തിയ കൂടിക്കാഴ്ചയില്‍ റിസര്‍വ് ബാങ്ക് റിജ്യണല്‍ ഡയറക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശമ്പള വിതരണം സുഗമമാക്കാന്‍ എസ്.ബി.ടി, എസ്.ബി.ഐ, കാനറാ ബാങ്ക് പ്രതിനിധികളുമായി ധനസെക്രട്ടറി കഴിഞ്ഞദിവസം ചര്‍ച്ച നടത്തി. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാവശ്യമായ കറന്‍സി സര്‍ക്കാരിന്റെ പക്കലില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍, ക്യാഷ്‌ലെസ് ട്രാന്‍സാക്ഷനെന്ന കേന്ദ്ര നിലപാട് പ്രോത്സാഹിപ്പിക്കേണ്ടി വരും. എന്നാല്‍, ഇതിന് എത്രമാത്രം സര്‍ക്കാര്‍ തയാറാകുമെന്നത് വരും ദിവസങ്ങളിലേ വ്യക്തമാകൂ.

കറന്‍സി പ്രതിസന്ധി രൂക്ഷമായതോടെ നടപ്പുസാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ട 19.5 ശതമാനം നികുതി വളര്‍ച്ചയില്‍ പകുതിപോലും കൈവരിക്കാനാകില്ലെന്നാണ് ധനവകുപ്പ് വിലയിരുത്തല്‍. ഒക്ടോബറില്‍ 3,000 കോടി ആയിരുന്ന നികുതി വരുമാനം നോട്ട് പരിഷ്‌കരണംവന്ന നവംബറില്‍ 2,200 കോടിയായി കുറഞ്ഞിരുന്നു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, വരുമാനത്തില്‍ ഡിസംബറില്‍ 427 കോടി രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്. വിവിധ നികുതികളില്‍ നിന്നുള്ള വരുമാനമാണ് കുറഞ്ഞതെന്ന് ധനവകുപ്പ് വ്യക്തമാക്കി. വാണിജ്യ നികുതിയില്‍ 200 കോടി കുറവുണ്ട്. പെട്രോള്‍ ഡീസല്‍ നികുതിയില്‍ മാത്രമാണ് വര്‍ദ്ധനവുണ്ടായത്. മദ്യവില്‍പ്പനയില്‍ നിന്നുള്ള നികുതി ഇനത്തില്‍ 27 ശതമാനത്തിന്റെ കുറവുണ്ട്. ലോട്ടറിയില്‍ നിന്നു 168 കോടിയും മോട്ടോര്‍ വാഹന നികുതിയില്‍ നിന്ന് 32 കോടിയും കുറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here