മാലാഖ മറഞ്ഞു, അമ്മ വരുന്നതും കാത്ത് രണ്ട് കുരുന്നുകള്‍, അവള്‍ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിംഗ് സമൂഹം

0

രോഗികള്‍ മുന്നിലെത്തിയപ്പോള്‍ എല്ലാം മറന്ന് ശുശ്രൂഷിച്ചു. നിപ്പ ബാധിച്ച് മരിച്ച രോഗികളെ ശുശ്രീഷിച്ച ലിനിയെ അതേ വൈറസുകള്‍ പിടികൂടി. പിന്നാലെ മരണം സംഭവിച്ചപ്പോള്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല.

അടുത്ത ബന്ധുക്കള്‍ മാസ്‌ക്ക് ധരിച്ച് മൃതദേഹം കണ്ടു. രണ്ടു പിഞ്ചുമക്കള്‍ക്കുപോലും അന്ത്യചുംബനം നല്‍കാനാതെ ലിനി യാത്രയായ കാഴ്ചയാണ് മലയാളികള്‍ക്കു മുന്നില്‍. രാത്രി രണ്ടു മണിയോടെ മരണം സംഭവിച്ച ലിനിയെ രോഗം പടരുന്നത് തടയാന്‍ ഉടനടി കോഴിക്കോട് വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്റെയും രാധയുടെയും മൂന്നു പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് ലിനി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ അമ്മയും സഹോദരിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, വെന്റിലേറ്ററിലായിരുന്ന ലിനിയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ലിനിയുടെ രോഗവിവരമറിഞ്ഞ് ഭര്‍ത്താവ് സജീഷ് രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അഞ്ച് വയസ്സുകാരിയായ റിതുലും രണ്ടു വയസുകാരന്‍ സിദ്ധാര്‍ത്ഥും ഒന്നും മനസിലാകാതെ ഇപ്പോഴും അമ്മയെ കാത്തിരിക്കുകയാണെന്ന് ബന്ധുക്കള്‍ പറയുന്നു.

നേരത്തെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനി ഒരു വര്‍ഷം മുമ്പാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിയത്. എല്ലാവരും അനുകമ്പയോടും സ്‌നേഹത്തോടും പെരുമാറുന്ന വ്യക്തിയാണ് ലിനിയെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ലിനിയുടെ വേര്‍പാടിന്റെ ആഘാതത്തിലാണ് സഹപ്രവര്‍ത്തകരും ലിനിയെ അറിയാവുന്നവരും. ലിനിക്കു നേരിട്ട ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കമെന്ന ആവശ്യവും ശക്തമാവുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here