‘വിശ്വാസം’ തിരിച്ചുപിടിക്കാന്‍ തലപുകച്ച് ഇടതുപക്ഷം, നിയമനിര്‍മ്മാണം നടത്തുമോ ?

0

തെരഞ്ഞെടുപ്പില്‍ ജനം നല്‍കിയ ‘തട്ട്’ ഇടതുപക്ഷത്തെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. സത്യസന്ധമായ വിമര്‍ശനങ്ങള്‍ പിണറായി വിജയനു നേരെ വിരല്‍ചൂണ്ടുന്നതിന് തുല്യമായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാല്‍ പല നേതാക്കളും മൗനം തുടരുയാണ്. ജനവിധിയും അണികള്‍ക്കിടയിലെ കടുത്ത അമര്‍ഷവും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകാനാകില്ലെന്നു തന്നെയാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സി.പി.ഐയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. കൃഷിമന്ത്രിയുടെ മണ്ഡലമായ തൃശ്ശൂരും തിരുവനന്തപുരത്ത് സി.ദിവാകരന്‍ മൂന്നാമനായതും പാര്‍ട്ടിക്ക് കനത്ത ക്ഷീണമാണ് ഉണ്ടാക്കിയത്.

ശബരിമല വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി കാട്ടിയ പിടിവാശിയെയാണ് ജനം എതിരാകാന്‍ കാരണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. വനിതാമതിലില്‍ നടത്തി നേരം പുലര്‍ന്നപ്പോള്‍ കനകദുര്‍ഗയും സംഘവും മലകയറിയതിനു പിന്നില്‍ ഇടതുപക്ഷ ഗൂഢാലോചനയെന്ന ആരോപണത്തിന് നല്‍കിയ മറുപടികളും ജനം വിശ്വാസത്തിലെടുത്തില്ല. ക്ഷേത്രാചാരങ്ങള്‍ക്ക് മാത്രം ഇടതുപക്ഷം എതിരാണെന്ന പ്രചരണത്തെ ഫലപ്രദമായി തടുക്കാനുമായില്ല. മറ്റു സമാനവിഷയങ്ങളില്‍ മിണ്ടാട്ടമില്ലാതെ ഇരുന്നതും ജനവിശ്വാസം നഷ്ടപ്പെടുത്തി. രാജ്യമൊട്ടുക്കും ഇടതുപക്ഷം പ്രതിസന്ധി നേരിടുന്നതിനിടെ ഫലപ്രദമായ തിരുത്തല്‍ നടത്തിയില്ലെങ്കില്‍ കേരളത്തിലും പാര്‍ട്ടി പടുകുഴിയിലാകുമെന്നു തന്നെയാണ് സി.പി.ഐയിലെ പല നേതാക്കളും രഹസ്യമായി സമ്മതിക്കുന്നത്.

അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് വിശ്വാസസംരക്ഷത്തിന് നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ഇടതുപക്ഷവും ഇക്കാര്യം സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ പൊതുജന സമ്മതി ലഭിക്കുന്ന വിധമുളള നിയമനിര്‍മ്മാണം വിവിധ തലങ്ങളില്‍ ആലോചിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here