ലോട്ടറി ചലഞ്ച് ജനം തള്ളി, നവകേരള ഭാഗ്യക്കുറിക്ക് തണുപ്പന്‍ പ്രതികരണം

0

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനും കേരളത്തിന്റെ പുനരുദ്ധാരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ‘ലോട്ടറി ചലഞ്ച്’ സാധാരണക്കാര്‍ തളളി. 10 കോടി രൂപ സമ്മാനമുള്ള ലോട്ടറിയുടെ അതേവിലയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനവുമായി ഇറക്കിയ നവകേരള ഭാഗ്യക്കുറിക്ക് തണുപ്പന്‍ പ്രതികരണം.

ഒക്‌ടോബര്‍ മൂന്നിന് നറുക്കെടുപ്പ് പ്രഖ്യാപിച്ചാണ് നവകേരള ഭാഗ്യക്കുറി പുറത്തിറക്കിയിട്ടുള്ളത്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ. രണ്ടാം സമ്മാനം അവസാന നാലക്കത്തിന് 5,000 രൂപ. 30 ലക്ഷം ലോട്ടറികളാണ് വകുപ്പ് അച്ചടിച്ചത്. എന്നാല്‍, ഇതുവരെയും 13 ലക്ഷം ലോട്ടറികളാണ് കച്ചവടക്കാര്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് അനൗദ്യോഗിക വിവരം. ഇതിലാകട്ടെ, വിറ്റഴിക്കപ്പെട്ടത് എട്ടു ലക്ഷത്തോളം എണ്ണം മാത്രവും.

സംഘടനകള്‍ വഴിയും യൂണിയനുകള്‍ മുഖേനയും ഇടപെട്ട് ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ ശ്രമിച്ചതിനുശേഷമുള്ള സ്ഥിതിയാണിത്. 10 കോടി രൂപ ബമ്പര്‍ സമ്മാനമുള്ള ടിക്കറ്റിന്റെ വില നവകേരള ഭാഗ്യക്കുറിക്കും നിശ്ചയിച്ചതാണ് തിരിച്ചടിയായതെന്നാണ് ലോട്ടറി കച്ചവടക്കാര്‍ നല്‍കുന്ന വിവരം. ചെറിയ സമ്മാനത്തുകയും ടിക്കറ്റ് വില 10 രൂപയുമായി നേരത്തെ ഇറങ്ങിയിട്ടുള്ള ഭാഗ്യക്കുറികള്‍ക്ക് ഉണ്ടായിട്ടുള്ള അനുകൂല പ്രതികരങ്ങള്‍ ഉയര്‍ന്ന വില നിശ്ചയിച്ചതുകൊണ്ട് നവകേരളയ്ക്ക് കിട്ടാതെ പോയെന്നാണ് വിലയിരുത്തല്‍. ലോട്ടറി നടപ്പാക്കിയതിലെ ആസൂത്രണത്തിലെ വീഴ്ചയാണിതെന്നാണ് ആരോപണം.

ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാര്‍ പരസ്യം നല്‍കിയിട്ടുപോലും ലോട്ടറി വിറ്റഴിക്കപ്പെടാതായതോടെ, ഫലത്തില്‍ ലോട്ടറി ചലഞ്ചും സര്‍ക്കാരിന് ബാധ്യതയാവുകയാണ്. പ്രതീക്ഷിച്ച ടാര്‍ജറ്റിലേക്ക് എത്താതിരുന്നതോടെ, നറുക്കെടുപ്പ് മാറ്റിവയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് അധികൃതര്‍.

LEAVE A REPLY

Please enter your comment!
Please enter your name here