വാഴപ്പഴം, വാഴയില, വാഴപ്പിണ്ടി… കൂടുതല്‍ എന്തെക്കെയെന്നല്ലേ, കല്ലിയൂരിലെത്തിയാല്‍ കാണാം

0

തിരുവനന്തപുരം: വാഴപ്പഴം, വാഴയില, വാഴപ്പിണ്ടി… വാഴയില്‍ നിന്നും ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളെ കുറിച്ച് കൂടുതല്‍ എന്തൊക്കെ അറിയാം. അറിയണമെങ്കില്‍ കല്ലിയൂരില്‍ നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിനെത്തിയാല്‍ മതി.

വാഴയുടെ അടി മുതല്‍ മുടി വരെ ഉപയോഗമുണ്ടെന്ന് മനസിലാക്കി തരുന്ന പ്രദര്‍ശനം ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായി കല്ലിയൂരില്‍ പുരോഗമിക്കുന്നു. രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള കൊതിയൂറും വാഴ ഇനങ്ങള്‍. അതില്‍ മുമ്പന്‍ കേരള നേന്ത്രന്‍ തന്നെ. നേന്ത്രനോട് മത്സരിക്കാന്‍ തമിഴ്‌നാട് കപ്പപ്പഴവും, ജി. 9 റോബസ്റ്റ വരെ. എണ്ണിയാല്‍ ഒടുങ്ങാത്ത വാഴവിഭവങ്ങള്‍.

വിവിധ ഇനം വാഴകളുടെ വാഴക്കാ, വാഴക്കൂമ്പ്, വാഴപ്പിണ്ടി തുടങ്ങിയവ കൊണ്ട് നിര്‍മ്മിച്ച 18 ഇനം തൊടുകറി, വാഴക്കാ സാമ്പാര്‍, വാഴക്കാ പരിപ്പ്, വാഴക്കാ പുളിശേരി, വാഴക്കാ ഇലിശേരി, വാഴക്കാ അച്ചാറുകള്‍, രണ്ട് ഇനം വാഴക്കാ പായസം എന്നിവ കൊണ്ടുള്ള ഉഗ്രന്‍ സദ്യയും ഇവിടെ എത്തിയാല്‍ കഴിക്കാം. കൂടാതെ 51 ഇനം വിവിധ തരം പലഹാരങ്ങള്‍, ബനാന അട, ബനാന കോട്ടപ്പം, ബനാന തെരളി, ബനാന ഉഴുന്നുവട, ബനാന ഉണ്ണിയപ്പം, ബനാനറോള്‍, ബനാന കട്ട് ലെറ്റ് , കൂമ്പ് കട്ട് ലെറ്റ്, പിണ്ടി കട്ട് ലെറ്റ്, വാഴപൂവ് ഉപയോഗിച്ച പത്തോളം പലഹാരങ്ങള്‍ എന്നിവ ചൂടോടെ ലഭിക്കും.

വാഴക്കുല വെട്ടിയ ശേഷം മുറിച്ച് കളയുന്ന വാഴ തണ്ടും, പിണ്ടിയും ഉപയോഗിച്ച് മൂല്യവര്‍ദ്ധിത വിഭവങ്ങള്‍ ലഭിക്കുമെങ്കിലോ. അതും വരുമാനമാക്കുന്ന മാര്‍ഗങ്ങളും പ്രദര്‍ശനത്തിലുണ്ട്.  വ്യത്യസ്ത രുചിയോടെയുള്ള ബനാന വൈന്‍, വാഴ അച്ചാറുകള്‍, ബനാന ചോക്ക് ലേറ്റ്, ബനാന ഹെല്‍ത്ത് ഡ്രിങ്ക്, വാഴത്തണ്ട് അച്ചാര്‍, വാഴനാരില്‍ ഉണ്ടാക്കിയ ചെരുപ്പുകള്‍, ബാഗുകള്‍, ചവിട്ട് മെത്ത, ബാഗുകള്‍, മൊബൈല്‍ പൗച്ച് എന്നിവ പ്രകൃതിയോട് ഇറങ്ങി ചേരുന്ന നിത്യോപയോഗ വസ്തുക്കളുടെ പ്രദര്‍ശനവും, വില്‍പ്പനയും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ മലിനീകരണം കാരണം പൊറുതിമുട്ടുന്ന നമ്മുടെ നാട്ടില്‍ വാഴനാര് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങല്‍ ഉപയോഗിക്കുന്നത് കൊണ്ട് പരിസര മലിനീകരണം കുറയുകയും, സ്വയംതൊഴില്‍ കണ്ടെത്തുന്നവര്‍ക്ക് സഹായകരമാകുകയും ചെയ്യും. ഇതിനായി തമിഴ്‌നാട്ടിലേയും, ആന്ധ്രയിലേയും വിവിധ യൂണിറ്റുകളില്‍ നിര്‍മ്മിക്കുന്ന മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും പരിശീലനവും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം കല്ലിയൂര്‍ പഞ്ചായത്തില്‍ സിസ്സയുടെയും കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിന്റേയും ആഭിമുഖ്യത്തിലാണ് ദേശീയ വാഴ മഹോത്സവം സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതല്‍ രാത്രി 8 വരെ നടക്കുന്ന മേള 21 ന് സമാപിക്കും. ഇത് വരെ ഒരു ലക്ഷത്തിലധികം പേര് സന്ദര്‍ശിച്ചു എന്നാണ് കണക്ക്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here