കൊച്ചി: നഷ്ടത്തില്‍ ഓടുന്ന ശാഖകള്‍ പൂട്ടാനുള്ള തീരുമാനവുമായി മുത്തൂറ്റ് മുമ്പോട്ടു തന്നെ. സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തിനു കാത്തുനില്‍ക്കാതെ 15 ശാഖകളുടെ പ്രവര്‍ത്തനം നിര്‍ത്തി.

സമരങ്ങളുടെയൂം ഹര്‍ത്താലിന്റെയും സ്വന്തം നാടല്ല, മറിച്ച് വ്യവസായ സൗഹൃദമാണ് കേരളമെന്ന് സ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. അതിനിടെ, സി.ഐ.ടി.യു നേതൃത്വം കൊടുക്കുന്ന സമരത്തില്‍ മുത്തൂത്ത് കേരളം വിട്ടാല്‍ അതു തിരിച്ചടിയാവുക പിണറായി വിജയനും കൂട്ടര്‍ക്കുമാണ്. ഈ തന്ത്രമാണ് സമരക്കാരെ ഒതുക്കാന്‍ മുത്തൂറ്റ് പയറ്റുന്നത്. സമരം സി.ഐ.ടി.യു മയപ്പെടുത്തുമോ അതോ മുത്തൂറ്റ് പോകുന്നെങ്കില്‍ പോകട്ടെയെന്ന് സര്‍ക്കാര്‍ കരുതുമോയെന്നാണ് അറിയേണ്ടത്.

15 ശാഖകളില്‍ പുതിയ സ്വര്‍ണപണയം സ്വീകരിക്കില്ലെന്നും തുടര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കി മുത്തൂറ്റിന്റെ പരസ്യം പുറത്തുവന്നു. സി.ഐ.ടി.യു സമരം മൂലം അടച്ചിട്ടിരിക്കുന്ന മുന്നൂറിലേറെ ശാഖകള്‍ മറ്റു മാര്‍ഗമില്ലെങ്കില്‍ പൂട്ടുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് വ്യക്തമാക്കി മണിക്കൂറുകള്‍ക്കകമാണ് പരസ്യം വന്നിട്ടുളളത്. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ അവ ഘട്ടം ഘട്ടമായി പൂട്ടുമെന്നാണ് ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാശം തൊഴില്‍ മന്ത്രി വിളിച്ചയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് മുത്തൂറ്റിന്റെ നടപടി. കേരളത്തിലെ തൊഴിലാളി സമരത്തിന്റെ പശ്ചാത്തലത്തില്‍ കോര്‍പ്പറേറ്റ് ഓഫീസ് ബാംഗളൂരുവിലേക്ക് മാറ്റാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

രണ്ടര വര്‍ഷത്തിനിടെ, എട്ടു തവണ മുത്തൂറ്റില്‍ സമരത്തെ തുടര്‍ന്ന് ശാഖകള്‍ അടച്ചിട്ടുവെന്ന് മാനേജുമെന്റ് പറയുന്നു. 800 ഉണ്ടായിരുന്നത് 611 ആ്യി കുറഞ്ഞു. അതില്‍ മുന്നൂറിലേറെയും തുറക്കാന്‍ സാധിക്കുന്നില്ല. മുത്തൂറ്റിന്റെ മൊത്തം വരുമാനം 36,000 കോടിയാണ്. കേരളത്തിന്റെ വിഹിതം പത്തുശതാമാനത്തില്‍ നിന്ന് സമരത്തെ തുടര്‍ന്ന് നാലു ശതമാനമായി ചുരുങ്ങി. കമ്പനി ആസ്ഥാനം കേരളമായതിനാല്‍ നുകിതി ഇനത്തില്‍ 1100 കോടി രൂപ സംസ്ഥാനത്തിനു ലഭിക്കുന്നുണ്ടെന്നും മാനേജുമെന്റ് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ജീവനക്കാരില്‍ 80 ശതമാനവും തങ്ങള്‍ക്കൊപ്പമാണെന്നാണ് സമരക്കാരുടെ വാദം. യൂണിയന്‍ പ്രവര്‍ത്തനം അനുവദിക്കുക, ശമ്പളപരിഷ്‌കരണം നടപ്പാക്കുക തുടങ്ങിയ വിഷയങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. കോര്‍പ്പറേറ്റ് ഓഫീസ് ജോലി ചെയ്യുന്നത് മാനേജുമെന്റ് അനുഭാവികളാണെന്നും അവരെ മുന്നില്‍ നിര്‍ത്തി സമരത്തെ നേരിടാനാണ് കമ്പനി ശ്രമിക്കുന്നതെന്നുമാണ് സമരക്കാരുടെ പക്ഷം.

ഇന്നലെ രാവിലെ ബാനര്‍ജി റോഡിലെ ഹെഡ ഓഫീസ് സി.ഐ.ടി.യു ഉപരോധിച്ചതോടെ മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പടെയുളളവര്‍ റോഡില്‍ കുത്തിയിരിക്കുകയായിരുന്നു. സമരക്കാരും കമ്പനി അനുകൂലികളും തമ്മില്‍ സംഘര്‍ഷവും ഉടലെടുത്തു. വൈകുന്നേരം അഞ്ചിന് സമരം അവസാനിച്ചശേഷമാണ് തൊഴിലാളകള്‍ ഓഫീസില്‍ പ്രവേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here