മിശിഹാ വീണ്ടും കുരിശിലേറി

0

ലയണല്‍ മെസി!!!!! കാല്‍പന്തിന്റെ എല്ലാ കരുത്തും സൗന്ദര്യവും ആവാഹിച്ച മൂര്‍ത്തിയുടെ പേര്. ‘മെസിയുടെ കൈയ്യാല്‍ ഉയര്‍ത്തപ്പെട്ട ലോകകപ്പ് കിരീടം’ ആയിരംവട്ടം ആരാധകര്‍ കണ്ട ആ സ്വപ്‌നം, അങ്ങനെ റഷ്യയില്‍ തന്നെ ഒടുങ്ങി. മെസി!!! അതെ, സൗമ്യനായ ആ മിശിഹാ വീണ്ടും കുരിശ്ശിലേറ്റപ്പെട്ടിരിക്കുന്നു. കാല്‍പന്തിന്‍ ചരിത്രത്തില്‍ അവന്‍ ഒറ്റപ്പെട്ടുതന്നെ നില്‍ക്കും, കാലം കാത്ത ദുഃഖമുഖമായി.

ഫ്രാന്‍സിന്റെ ചടുലവേഗത്തിനുമുന്നില്‍ പകച്ചുപോയെങ്കിലും നാലിനെതിരേ മൂന്നുഗോളുകള്‍ നേടിയ അര്‍ജന്റിന ഒപ്പത്തിനൊപ്പംതന്നെ പൊരുതി തോല്‍ക്കുകയായിരുന്നു. എങ്കിലും മെസിക്ക് കപ്പുയര്‍ത്താനാകാതെ പോയ റഷ്യന്‍ ലോകകപ്പ്, കാല്‍പന്തിന്‍ ചരിത്രത്തില്‍ വേറിട്ടുനില്‍ക്കും. ഇനിയൊരങ്കത്തിന് ബാല്യമുണ്ടോയെന്ന ചോദ്യം ബാക്കിയാക്കി മെസി തിരിഞ്ഞുനടക്കുകയാണ്.

ആരാധകരുടെ നെഞ്ചകംപിളര്‍ക്കുന്ന കാഴ്ച. ഗോള്‍വലയില്‍ ഫ്രാന്‍സ് തുടരെത്തുടരെ നിറയൊഴിച്ചപ്പോഴും തിരിച്ചടിയില്‍ ഈ മിശിഹായ്ക്ക് പറയത്തക്ക പങ്കുവഹിക്കാനാകാതെ പോയതും മറ്റൊരു ദുരന്തചിത്രമായി അവശേഷിക്കും. പുനരവതരിക്കാനാകാതെ ആ മിശിഹാ, റഷ്യന്‍ ലോകകപ്പിന്റെ ബാക്കിപത്രമായി.

LEAVE A REPLY

Please enter your comment!
Please enter your name here