മീ ടൂ… സിനിമാ മേഖലയില്‍ നിന്ന് മാധ്യമലോകത്തേക്ക്, സി.പി.എമ്മിനും ബി.ജെ.പിക്കും ഉത്തരം മുട്ടുന്നു

0

സിനിമാ രംഗത്ത് അടുത്തിടെയുണ്ടായ മീ ടു വെളിപ്പെത്തലുകള്‍ ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നിരുന്നു. ഇപ്പോഴത് സി.പി.എമ്മിനെയും ബി.ജെ.പിയെയും വേട്ടയാടുന്നു.

ഹോളിവൂഡില്‍ ആരംഭിച്ച മീടു ക്യാമ്പയിന്‍ ഇന്ത്യയില്‍ ചര്‍ച്ചയിലേക്ക് വന്നത് അതിന്റെ ഒന്നാം വാര്‍ഷികത്തോടെയാണ്. ബോളിവുഡ് നടി തനുശ്രീ ദത്തയാണ് ആദ്യം പ്രതികരിച്ചത്. നാനാ പടേക്കറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് തനുശ്രീ രംഗത്തെത്തിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവമായിരുന്നു തനുശ്രീ വെളിപ്പെടുത്തിയിരുന്നത്.

തനുശ്രീക്ക് പിന്നാലെ ബോളിവുഡിലും തെന്നിന്ത്യയിലുമുളള നടിമാരും വെളിപ്പെടുത്തലുകളുമായി എത്തിയിരുന്നു. എല്ലാവരും സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയുമാണ് വെളിപ്പെടുത്തലുമായി എത്തുന്നത്. മീ ടു ക്യാമ്പയിന് പിന്തുണയും പ്രോത്സാഹനവുമായി നടി സാമന്ത അക്കിനേനി അടക്കമുള്ളവര്‍ രംഗത്തുവന്നു. ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്നു പറയുന്ന സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു സാമന്ത എത്തിയിരുന്നത്.

തന്റെ ട്വിറ്റര്‍ പേജീലുടെയായിരുന്നു മീ ടു മൂവ്‌മെന്റിന് പിന്തുണയുമായി സാമന്ത എത്തിയിരുന്നത്. ‘തങ്ങള്‍ ആക്രമിക്കപ്പെട്ട കാര്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ച് കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്. നിങ്ങളുടെ ധൈര്യം അഭിനന്ദിക്കപ്പേടേണ്ടതാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും നിങ്ങളെ പരിഹസിക്കുകയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും തെളിവുകള്‍ ചോദിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ വേദനയുണ്ട്. നിങ്ങള്‍ ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന് മാത്രം മനസിലാക്കുക. സാമന്ത ട്വിറ്ററില്‍ കുറിച്ചു.

2008ല്‍ ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ മോശം അനുഭവമായിരുന്നു തനുശ്രീ ദത്ത വെളിപ്പെടുത്തിയിരുന്നത്. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി പറഞ്ഞിരുന്നു. ഇതിനു ശേഷം ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ സെറ്റില്‍ തന്നോട് വസ്ത്രമഴിക്കാന്‍ വിവേക് അഗ്‌നിഹോത്രി ആവശ്യപ്പെട്ടതായും നടി പറഞ്ഞിരുന്നു. ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച വെളിപ്പെടുത്തലായിരുന്നു നടി നടത്തിയിരുന്നത്. നടിയുടെ വെളിപ്പെടുത്തലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

കരിയറില്‍ വഴിത്തിരിവായി മാറിയ ക്വീന്‍ എന്ന ചിത്രത്തിന്റെ സംവിധായകനെതിരെ ആയിരുന്നു കങ്കണ റാവത്ത് രംഗത്തെത്തിയിരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വികാസ് ബഹലിനെതിരെ ആയിരുന്നു ലൈംഗികാരോപണവുമായി നടി എത്തിയിരുന്നത്. ക്വീനിന്‌റെ ചിത്രീകരണത്തിനിടെ അസ്വസ്ഥത ഉളവാക്കുന്ന രീതിയിലുളള പെരുമാറ്റം വികാസില്‍ നിന്ന് ഉണ്ടായതായി കങ്കണ പറഞ്ഞിരുന്നു.പല അവസരങ്ങളിലും വികാസ് ബലമായി കെട്ടിപ്പിടിക്കാറുണ്ടായിരുന്നു എന്ന കങ്കണ പറഞ്ഞു. കെട്ടിപ്പിടിക്കുന്നതിനിടയില്‍ കഴുത്തില്‍ മുഖം ചേര്‍ത്ത് വയ്ക്കാറുണ്ടെന്നും കഴിവതും അയാളെ അകറ്റിനിര്‍ത്താനാണ് താന്‍ ശ്രമിച്ചിരുന്നതെന്നും കങ്കണ പറഞ്ഞു.

ഒരു മ്യൂസിക്ക് ആല്‍ബത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ തനിക്കുണ്ടായ മോശം അനുഭവമായിരുന്നു സണ്ണി ലിയോണ്‍ പറഞ്ഞിരുന്നത്. 18ാമത്തെ വയസിനിടയില്‍ സഹതാരം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അന്ന് ധൈര്യത്തോടെ അദ്ദേഹത്തെ നേരിട്ടുവന്നുമാണ് സണ്ണി പറഞ്ഞത്. എന്നാല്‍ ആരാണ് ആ വ്യക്തിയെന്ന് സണ്ണി പറഞ്ഞില്ലായിരുന്നു. അയാളുമായി ഒരു നിയമയുദ്ധത്തിനു താല്‍പര്യമില്ലാത്തതിനാലാണ് പേര് വെളിപ്പെടുത്താഞ്ഞത് എന്നായിരുന്നു സണ്ണി പറഞ്ഞത്.

തന്റെ ചെറുപ്പകാലത്തു നേരിട്ട മോശം അനുഭവങ്ങളായിരുന്നു ഗായിക ചിന്മയി വെളിപ്പെടുത്തിയിരുന്നത്. സമൂഹം ഏറെ ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഒരിക്കല്‍ അദ്ദേഹം എന്നെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് പിറകില്‍ നിന്ന് കെട്ടിപ്പിടിച്ചു. അവിടെ നിന്ന് വളരെ മാന്യമായ രീതിയില്‍ ബൈ പറഞ്ഞാണ് അന്ന് പിരിഞ്ഞത്. അന്ന് നേരിടേണ്ടി വന്ന ദുരനുഭവം പലരുമായി പങ്കുവെച്ചിരുന്നെങ്കിലും എല്ലാവരും എന്ന നിശബ്ദയാക്കുകയാണ് ചെയ്തത്. ചിന്മയി പറഞ്ഞു.

ഇപ്പോള്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരെ മീ ടൂ വെളിപ്പെടുത്തലുണ്ടാകുമ്പോള്‍ സി.പി.എമ്മിനു മൗനം പാടിക്കേണ്ടി വരുന്നു. ബി.ജെ.പിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. മീ ടു ക്യാമ്പയിന്‍ മാധ്യമ മേഖലയിലേക്കും കടക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ ദേശീയ ദിനപത്രങ്ങളിലെ രണ്ട് പ്രമുഖര്‍ വിവാദത്തെ തുടര്‍ന്ന് രാജിവെക്കുകയോ അവധിയില്‍ പ്രവേശിക്കുകയോ ചെയ്തു കഴിഞ്ഞു. അതിനു പിന്നാലെയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ അക്ബറിനെതിരെയും ആരോപണം ഉയര്‍ന്നിരിക്കുന്നത്.

അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ജോലിക്ക് അഭിമുഖത്തിനെത്തുന്ന വനിതാ പത്രപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഹോട്ടല്‍ മുറിയില്‍ മദ്യത്തിന്റെ അകമ്പടിയിലായിരുന്നു അഭിമുഖങ്ങളെന്നും വെളിപ്പെടുത്തലുണ്ട്. വനിതാ പത്രപ്രവര്‍ത്തകരാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. പ്രിയ രമണിയെന്ന മാധ്യമപ്രവര്‍ത്തകയാണ് ദി ടെലഗ്രാഫിന്റെ സ്ഥാപക എഡിറ്റര്‍ കൂടിയായ എം.കെ അക്ബറിനെതിരെ ട്വിറ്ററിലൂടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഒരു വര്‍ഷം മുമ്പ് വോഗ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു കുറിപ്പ് പുനപ്രസിദ്ധീകരിച്ചുകൊണ്ടാണ് പ്രിയ രമണി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അന്ന് എഴുതിയ കുറിപ്പില്‍ എം.ജെ അക്ബറിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ എം.ജെ അക്ബര്‍ കഥയുമായി എന്റെ വക തുടങ്ങട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് ഇത്തവണ ആ കുറിപ്പിന്റെ ലിങ്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അദ്ദേഹം ‘ഒന്നും’ ചെയ്തില്ല. ഒരുപാട് സ്ത്രീകള്‍ക്ക് വളരെ മോശം കഥകള്‍ പറയാനുണ്ടാകും, അത് അവര്‍ തന്നെ വെളിപ്പെടുത്തട്ടെ എന്ന കുറിപ്പിനൊപ്പമാണ് ഒരു വര്‍ഷം മുമ്പ് വോഗില്‍ ലൈംഗിക അതിക്രമത്തെക്കുറിച്ച് പേര് പരാമര്‍ശിക്കാതെ എഴുതിയ കുറിപ്പിന്റെ ലിങ്കും പോസ്റ്റ് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here