മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രിസദ്ധീകരിച്ച ‘മീശ’ എന്ന നോവലിനെതിരേ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടും കുലുക്കമില്ലാതെ നിന്ന പത്രമാണ് മാതൃഭൂമി. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ടിട്ടും ഒന്നാംപേജ് എഡിറ്റോറിയലിലൂടെ ‘ഞങ്ങള്‍ ദൗത്യം’ തുടരുക തന്നെ ചെയ്യുമെന്ന് ആവേശത്തോടെ നിലപാട് പ്രഖ്യാപിക്കുകയാണ് മാതൃഭൂമി ചെയ്തത്.

പിന്നാലെ ‘മീശ’ പിരിച്ച എന്‍.എസ്.എസ്. നേതൃത്വം കരയോഗങ്ങള്‍വഴി ‘മാതൃഭൂമി’ ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കി. ബി.ജെ.പി. -സംഘപരിവാര്‍ അനുകൂലികളും മാതൃഭൂമിക്കെതിരേ രംഗത്തുവന്നു. ഏജന്റുമാര്‍ പത്രം കുറയ്ക്കണമെന്നാവശ്യപ്പെട്ടു തുടങ്ങി. ആദ്യഘട്ടത്തില്‍ പത്രം കുറയ്ക്കാതെ നിന്ന മാനേജുമെന്റിന് സംഗതി പാളിയെന്ന് തുടര്‍ ദിവസങ്ങളില്‍ മനസിലായി.

ഓരോ ജില്ലകളില്‍ നിന്നും ആയിരക്കണിക്ക് കോപ്പികള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏജന്റുമാരുടെ ഫോണ്‍കോള്‍ സര്‍ക്കുലേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലേക്കെത്തി. ഓഫീസില്‍നിന്ന് കാര്യമന്വേഷിക്കാന്‍വിട്ടവര്‍ക്ക് പ്രതിഷേധത്തിന്റെ ആഴം ബോധ്യപ്പെട്ടു.

ഇനിനകം തന്നെ മാതൃഭൂമിക്ക് പകരം ബി.ജെ.പി. അനുഭാവികള്‍ ജന്‍മഭൂമിയിലേക്കും അതുവേണ്ടാത്തവര്‍ മനോരമയും കേരളകൗമുദിയും വരെ മാറിക്കഴിഞ്ഞിരുന്നു. ഒടുവില്‍ സത്യാവസ്ഥ ബോധ്യപ്പെട്ട് ഗത്യന്തരമില്ലാതെ ഏജന്റുമാര്‍ ആവശ്യപ്പെട്ട മുഴുവന്‍ കോപ്പികളും മാതൃഭൂമി കുറച്ചുകൊടുത്തു.

പ്രതിഷേധം നാളുകള്‍ പിന്നട്ടതോടെ മാതൃഭൂമി ‘ദൗത്യം’ ഉപേക്ഷിച്ചു. സംഘപരിവാര്‍ ആരോപണമുന്നയിച്ച ആഴ്ചപ്പതിപ്പിലെ പത്രാധിപര്‍ കമല്‍ റാം സജീവിനെ ആദ്യം പുറത്താക്കി. പിന്നാലെ ശബരിമല വിഷയത്തിലടക്കം വിശ്വാസികള്‍ക്കൊപ്പം നിന്ന് ആഞ്ഞടിച്ചുതുടങ്ങി.

ഒടുവില്‍ മാതൃഭൂമി ചെയര്‍മാനും എം.ഡിയുമായ സാക്ഷാല്‍ വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി സുകുമാരന്‍നായര്‍ക്കു മുന്നില്‍ മാപ്പുപറഞ്ഞു. മനസലിഞ്ഞ് സുകുമാരന്‍നായര്‍ പത്രത്തിനോടുള്ള എതിര്‍പ്പ് ഇനിവേണ്ടായെന്ന് അനുയായികളെ അറിയിച്ചു.

എന്‍.എസ്.എസ്. കരയോഗങ്ങളില്‍ ഇക്കാര്യമിറയിച്ചുള്ള കത്ത് എത്തുകയും ചെയ്തു. ആദ്യഘട്ടത്തില്‍ മീശയ്‌ക്കൊപ്പം നിന്ന് മാതൃഭൂമി എഡിറ്റോറിയല്‍ എഴുതിയഘട്ടത്തില്‍ ആര്‍ത്തുവിളിച്ച സാംസ്‌കാരിക നായകരും എഴുത്തുകാരും മാതൃഭൂമിയുടെ മുട്ടുമടക്കലിനെതിരേ പ്രതികരിച്ചിട്ടില്ല.

എന്‍.എസ്.എസ്. കരയോഗങ്ങളിലെത്തിയ കത്തിന്റെ പകര്‍പ്പ് നവമാധ്യമങ്ങളില്‍ നിറഞ്ഞതോടെ മാതൃഭൂമിയുടെ മാനം പോയ സംഭവമായിത്തീര്‍ന്നിരിക്കയാണ് വീരേന്ദ്രകുമാറിന്റെ കാലുപിടിത്തം. എന്‍.എസ്.എസ്. അയഞ്ഞെങ്കിലും മാതൃഭൂമിയെ ഉപേക്ഷിച്ച വരിക്കാര്‍ തിരികെയെത്തുമോയെന്ന് കണ്ടുതന്നെയറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here