ത്രിപുരയിലെ വമ്പന്‍തോല്‍വിക്ക് പിന്നാലെ കേരളത്തില്‍ മാത്രമായി ഒരുങ്ങിയെന്ന അധിക്ഷേപങ്ങള്‍ക്ക് സൈബറിടങ്ങളിലെ ഇടതുപ്രതിരോധം ‘കനല്‍ ഒരു തരി മതി’യെന്ന മറുപടിയാണ്. അതിനെയും കണക്കറ്റ് പരിഹസിച്ചാണ് സോഷ്യല്‍മീഡിയാ ഇടതുസഖാക്കളെ തുരത്തിയത്. ഇനി കേരളമെന്ന ലക്ഷ്യത്തിലേക്ക് അമിത്ഷായെയും കൂട്ടരും കണ്ണെറിഞ്ഞു. ചെങ്കൊടി മായ്ക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെ ഞെട്ടിപ്പിച്ച് ഇതിനകം ചെങ്കൊടിയേന്തി കുറച്ചുപേര്‍ മഹാരാഷ്ട്ര നിയമസഭയ്ക്ക് മുന്നിലേക്ക് നടന്നുതുടങ്ങിയിരുന്നു.

കാലില്‍ ചെരുപ്പില്ലാതെ, മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞവരുടെ എണ്ണം കിലോമീറ്ററുകള്‍ നീങ്ങുംതോറും നീണ്ടുനീണ്ടുവന്നു. ഒരു ചെറുകനലായി തുടങ്ങിയ ചെങ്കൊടിയേന്തിയവരുടെ കൂട്ടം ചെങ്കടലായി മാറുന്ന കാഴ്ചയില്‍ ഇടതുകേന്ദ്രങ്ങള്‍പോലും ഞെട്ടിയെന്നതാണ് സത്യം. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഇടതുപക്ഷസംഘടനകള്‍ നയിച്ചൊരുസമരം ആളിപ്പടര്‍ന്നുതുടങ്ങിയതോടെ മറ്റുരാഷ്ട്രീയകക്ഷികളും കണ്ണുതുറന്നു. ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയുമടക്കമുള്ളവര്‍ പിന്തുണപ്രഖ്യാപിച്ച് പിന്നാലെ കൂടി.

നടന്നുനീങ്ങുന്ന സമരത്തിനൊപ്പം ഓരോയിടത്തുനിന്നും നൂറുകണക്കിന് കര്‍ഷകകുടുംബങ്ങള്‍ ആരുംക്ഷണിക്കാതെ തന്നെ അണിചേര്‍ന്നതെങ്ങനെയെന്നാണ് ഇടതുകേന്ദ്രങ്ങള്‍ പഠിക്കേണ്ടത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുനേതൃനിരയുണ്ടെങ്കില്‍ ഇന്ത്യയിലെ ഭൂരിഭാഗം പട്ടിണിപ്പാവങ്ങളും ഒപ്പമുണ്ടാകുമെന്ന പാഠം മറന്നതാണ് കനല്‍ത്തരിയായി ചുരുങ്ങാനുള്ള കാരണം.

ത്രിപുരയിലെ തോല്‍വി പാര്‍ട്ടിക്ക് പുതിയ ദിശാബോധം നല്‍കുമെന്ന കാരാട്ടിന്റെ തിരിച്ചറിവിനൊപ്പം ഉത്തരന്ത്യേയില്‍ കാലങ്ങള്‍ക്കിപ്പുറം ഇടതുപക്ഷം ഏറ്റെടുത്ത സമരപാതയിലെ വലിയ ജനപങ്കാളിത്തവും ഉള്‍പ്പെടുത്തണം. ഭൂരിഭാഗംപേരും പട്ടിണിപ്പാവങ്ങളാ യിട്ടുള്ള ഒരു രാജ്യത്ത് ചെങ്കോട്ടയില്‍ ചെങ്കൊടി പാറാത്തതെന്തെന്ന കാര്യമാണ് ഈ കര്‍ഷകസമരം പകരുന്ന പാഠം. രാജ്യത്തെ ഇടതുപക്ഷം തിരിച്ചറിയേണ്ടതും തിരുത്തേണ്ടതും അവിടെനിന്നുതന്നെയാണ്. രാജ്യമാകാതെ പടരുന്ന പ്രതിഷേധസ്വരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇടതുപക്ഷം തന്നെ മതിയാകുമെന്ന് ഈ കര്‍ഷകസമരം തെളിയിക്കുന്നു.

പട്ടിണിപ്പാവങ്ങള്‍ ഒത്തുചേര്‍ന്നാല്‍, മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒപ്പംവരുമെന്നതിലും സംശയം വേണ്ട. അതിന് കൊടിവച്ച കാറിലും (കേരളത്തില്‍ മാത്രം), കൊടിയുടെ തണലില്‍ ഉണ്ടുറങ്ങുന്ന ഇടതുനേതാക്കള്‍ ഉണരണം, മണ്ണില്‍ച്ചവിട്ടണം, പാവപ്പെട്ടവന്റെ കണ്ണുകളിലേക്ക് നോക്കണം. കാരണം ചെങ്കോട്ടയില്‍ ചെങ്കൊടിപാറിയില്ലെങ്കിലും രാജ്യത്തിന്റെ ഒരറ്റത്ത് കനലൊടുങ്ങാത്ത സ്വരമായി ചെങ്കൊടിയേന്തുന്നവരുണ്ടാകണം.

LEAVE A REPLY

Please enter your comment!
Please enter your name here