കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പാറഖനനവും പാടില്ലെന്ന് നിര്‍ദ്ദേശിച്ച മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നടന്ന സമരങ്ങള്‍ ഇനിയാരും മറക്കാനിടയില്ല.

ക്രൈസ്തവ മേലധ്യക്ഷന്‍മാരും പാറമടലോബിയും കൈയേറ്റക്കാരും സാധാരണക്കാരുടെ പേരുപറഞ്ഞ് ആട്ടിയോടിച്ച മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും കേരള ജനതയുടെ മുന്നില്‍ ചര്‍ച്ചയാകുകയാണ്.

പശ്ചിമഘട്ടസംരക്ഷണത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനുവേണ്ടിയാണ് മാധവ്ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പഠനം നടത്തിയത്. ആ കണ്ടെത്തലുകള്‍ക്കെതിരേ പ്രതിഷേധം തുടര്‍ന്നതോടെ വെള്ളംചേര്‍ത്ത കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എത്തി.

അതും പോരാഞ്ഞ് കൂടുതല്‍ ‘സൗകര്യപ്രദമായ’ ഉമ്മന്‍ വി. ഉമ്മന്‍ പഠനം നടത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കി. ഇടതുപക്ഷം ഇടുക്കി പിടിച്ചെടുത്ത ജോയിസ് ജോര്‍ജ് എം.പിയെന്ന ‘രാഷ്ട്രീയവും’ മുന്നോട്ടുവച്ചത് മറ്റൊന്നായിരുന്നില്ല.

അഞ്ചോ പത്തോ ഇരുപതോ സെന്റില്‍ ചെറിയ വീടുകള്‍ വച്ച് ജീവിതം മുന്നോട്ടുകൊണ്ടു പോയവരായിരുന്നില്ല പശ്ചിമഘട്ടത്തിന്റെ ശത്രുക്കള്‍. സാധാരണക്കാരുടെ വീടുകള്‍ നഷ്ടപ്പെടുത്തുന്ന റിപ്പോര്‍ട്ട് എന്ന വ്യാജപ്രചരണമാണ് മാധവ്ഗാഡ്ഗിനെതിരേ ‘വിദഗ്ധമായി’ നിരത്തിയത്.

ഈ കോലാഹലം കേരളത്തില്‍ നടക്കുമ്പോള്‍ മാധവ് ഗാഡ്ഗിലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. – ” പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാണ്.

അതിന് നിങ്ങള്‍ കരുതുംപോലെ യുഗങ്ങളൊന്നുംവേണ്ട, നാലോ അഞ്ചോ വര്‍ഷംമതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും.
ആരാണ് കള്ളംപറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കു തന്നെ മനസിലാകും”

2013-ല്‍ അദ്ദേഹം ഈ പറഞ്ഞവാക്കുകളിലെ സത്യം കൃത്യം അഞ്ചുകൊല്ലങ്ങള്‍ക്കിപ്പുറം 2018 -ല്‍ കേരളം കണ്ടു. 2019-ല്‍ നാം കണ്ടുകൊണ്ടിരിക്കുന്നു.

പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഏക്കറുകണക്കിന് പാട്ടക്കൃഷി നടത്തുന്ന തോട്ടമുടമകളും പാറഖനനം നടത്തി ശതകോടികള്‍ സമ്പാദിച്ച ‘സ്വന്തക്കാരും’ ഇന്നും ഒരുവിധ ദുരന്തത്തിലും പെടാതെ ഇന്നാട്ടില്‍തന്നെയുണ്ട്.

മലതുരന്നിട്ടവര്‍ സമ്മാനിച്ച ദുരിതംപേറുന്നത് ഭൂരിപക്ഷംവരുന്ന സാധാരണക്കാര്‍ മാത്രമാണ്. ഉണരേണ്ടത് അവരാണ്. തല്‍പരകക്ഷികള്‍ മുതലക്കണ്ണീരൊഴുക്കുമ്പോള്‍ കുഞ്ഞാടുകളായി ഒപ്പംകൂടാനുള്ളതല്ല തങ്ങളുടെ ജീവിതമെന്ന് തിരിച്ചറിയേണ്ടത് ഭൂരിപക്ഷമാണ്.

നടപ്പാക്കേണ്ടത് മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തന്നെയാണ്. അതിനുവേണ്ടി ഇനി എന്തുചെയ്യാനാകുമെന്നാണ് കേരളത്തില്‍ അവശേഷിക്കുന്ന ‘യഥാര്‍ത്ഥ’ ഇടതുപക്ഷപ്രവര്‍ത്തകരും ആത്മാര്‍ത്ഥതയുള്ള മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും ആലോചിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here