പോലീസിന്റെ ‘ഒതളങ്ങാ അന്വേഷണം’; ലിഗയുടെ മരണം ടൂറിസത്തിന് തിരിച്ചടി

0

ലിത്വാനിയന്‍ സ്വദേശിനി ലിഗയുടെ മരണം ‘ഒതളങ്ങാ’ കഴിച്ചുള്ള ആത്മഹത്യയെന്ന് പോലീസ് ആദ്യമേ വിധിയെഴുതുന്നതെന്തിനെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസും ഇന്നലെ പോലീസിനതിരേയും ഡിജിപിയുടെ നിലപാടിനെതിരേയും പത്രസമ്മേളനം നടത്തിയതോടെയാണ് പോലീസിന്റെ ‘ഒതളങ്ങ’ അന്വേഷണം വീണ്ടും വിമര്‍ശനവിധേയമായത്. കോവളത്തുനിന്നും ലിഗയെ കാണാതായ വാര്‍ത്ത സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെയാണ് പോലീസ് പ്രതിരോധത്തിലായത്.

ഒരുമാസക്കാലം സ്വന്തം നിലയ്ക്ക് സഹോദരിയെത്തേടി നടത്തിയ അന്വേഷണത്തിനും നവമാധ്യമങ്ങളില്‍ നല്ല സഹകരണം ലഭിച്ചതോടെയാണ് സര്‍ക്കാരും ഇടപെട്ടുതുടങ്ങിയത്. കോവളത്തുനിന്നും കാണാതായതായി തെളിഞ്ഞിട്ടും ആ സ്‌റ്റേഷന്‍പരിധിയില്‍പോലും നേരാംവിധം അന്വേഷണം നടത്താന്‍ പോലീസിനായില്ല. പനത്തുറയിലെ കൂനംതുരുത്തില്‍ മൃതദേഹം കിടന്നഴുകുമ്പോഴും പോലീസ് ഉറക്കത്തിലായിരുന്നു. ഒടുവില്‍ നാട്ടുകാര്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയതും. വരാപ്പുഴ കസ്റ്റഡിമരണത്തില്‍ മുഖംനഷ്ടപ്പെട്ടുനില്‍ക്കുന്ന പോലീസിനും ആഭ്യന്തരവകുപ്പിനും വിനയാകുകയാണ് വിദേശിയുടെ മരണം.

ടൂറിസത്തിന് വേണ്ടി മറുനാടുകളില്‍ കോടികള്‍ മുടക്കി പ്രചരണം നടത്തുന്ന കേരളത്തിന് ലിഗയുടെ മരണം സൃഷ്ടിക്കുന്ന ആഘാതവും ചെറുതായിരിക്കില്ല. അയര്‍ലണ്ടിലെ മാധ്യമങ്ങള്‍ ലിഗയുടെ മരണത്തിന് വന്‍പ്രാധാന്യമാണ് നല്‍കുന്നതും. ലിഗയുടെ സഹോദരിയുടെയും ഭര്‍ത്താവിന്റെയും പത്രസമ്മേളനവും നല്ലരീതിയില്‍ തന്നെയാണ് വിദേശ വെബ്‌സെറ്റുകളും കൈകാര്യം ചെയ്യുന്നത്.

മരണത്തിലെ ദുരൂഹത കേരളാ പോലീസിന് നീക്കാനായില്ലെങ്കില്‍ ലിഗയുടേത് ആത്മഹത്യയെന്നുതന്നെയാകും വിധിയെഴുതുന്നതും. ഈ ‘ഒതളങ്ങാ’ അന്വേഷണം തൃപ്തികരമല്ലെന്നും മൃതദേഹം സ്വന്തംനാട്ടിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും ഇലീനയും കുടുംബവും വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തില്‍നിന്നും വിഭിന്നമായ റിപ്പോര്‍ട്ടാണ് അയര്‍ലണ്ടിലെ പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. വിദേശികള്‍ സുരക്ഷിതമായ ഇടമല്ലെന്ന പ്രതീതി സൃഷ്ടിക്കാനും അതിടയാക്കും.

പോലീസും ആഭ്യന്തരവകുപ്പും പ്രതിരോധത്തിലായിരിക്കുന്ന സന്ദര്‍ഭമാണ് ലിഗയുടെ മരണത്തിലെ ചുരുളഴിയാനും തടസമാകുന്നത്. മൃതദേഹത്തില്‍ കണ്ടെത്തിയ ഓവര്‍കോട്ടും മയക്കുമരുന്ന് മാഫിയകളുടെ സാന്നിധ്യവും കേസിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ആ വഴിക്കുള്ള അന്വേഷണം പുരോഗമിക്കുന്നതും കേരളത്തിന്റെ പ്രതിശ്ഛായയെ ബാധിക്കുമെന്ന് സര്‍ക്കാര്‍കേന്ദ്രങ്ങള്‍ ഭയക്കുന്നുണ്ട്. ലിഗയുടെ കുടുംബത്തിന് 5 ലക്ഷം നല്‍കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. അയര്‍ലണ്ടിലേക്ക് മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരുതാത്തവിധത്തില്‍ മരണപ്പെടാനുള്ള സാധ്യതയും സമീപവാസികള്‍ പങ്കുവയ്ക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ ഭൂപ്രകൃതിയും വിഷാദരോഗിയായ ലിഗയെ സ്വാധീനിക്കാന്‍ മാഫിയാസംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടാകാമെന്നും അവര്‍ സൂചന നല്‍കുന്നുണ്ട്. അത്തരത്തിലുള്ള അന്വേഷണവും സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നതും ശരിയായ ദിശയിലുള്ള നടപടികള്‍ ദുര്‍ബലപ്പെടുത്തും. മൃതദേഹം അഴുകിപ്പോയതില്‍ മറ്റുവിധത്തിലുള്ള തെളിവുകള്‍ കണ്ടെത്താനാകില്ലെന്നാണ് വിഗദ്ധര്‍ പറയുന്നതും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here