രേഖകളൊന്നും കാണാനില്ലാത്ത അക്കാദമി, അഫിലിയേഷന്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍, എന്നിട്ടും ആര്‍ക്കും തൊടാനാവുന്നില്ല

0

തിരുവനന്തപുരം: ലോ അക്കാദമിയെ സംരക്ഷിച്ച്, ‘കുടുംബസ്വത്തായി’ തന്നെ നിലനിര്‍ത്താനുള്ള വഴികള്‍ തേടി മാനേജുമെന്റ്. മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ ലക്ഷ്മി നായരെ താല്‍ക്കാലത്തേക്ക് മാറ്റിയോ അവധിയില്‍ പ്രവേശിപ്പിച്ചോ പ്രശ്‌നം തണുപ്പിക്കാന്‍ അണിയറ നീക്കം. പ്രിന്‍സിപ്പള്‍ സ്ഥാനത്തു തുടരുന്ന ലക്ഷ്മി നായരെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പരീക്ഷാ ജോലികകളില്‍ നിന്ന് വിലക്കുകയും സി.പി.എം സംരക്ഷണം കുറഞ്ഞു തുടങ്ങുകയും ചെയ്തതോടെയാണ് മാനേജുമെന്റ് കരുനീക്കങ്ങള്‍ തുടങ്ങിയത്.

കഴിഞ്ഞം ദിവസം സി.പി.എം നേതൃത്വം നടത്തിയ നീക്കത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളുണ്ടായെങ്കിലും മാനേജുമെന്റ് വഴങ്ങിയിരുന്നില്ല. ലക്ഷ്മി നായരെ മാറ്റി നിര്‍ത്താനാകില്ലെന്ന നിലപാടിലായിരുന്നു മാനേജുമെന്റ്. എന്നാല്‍, അക്കാദമിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയില്‍,  പൂഴ്ത്തി വയ്ക്കാന്‍ ശ്രമിക്കുന്ന രേഖകള്‍ പുറത്തു വരുമോയെന്ന ആശങ്കയിലാണ് അധികൃതര്‍.

ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട ഓഫീസുകളില്‍ സമര്‍പ്പിച്ചിരുന്ന, എന്നാല്‍ ഇപ്പോള്‍ സര്‍വകലാശാലയില്‍ പോലും ലഭ്യമല്ലാത്ത രേഖകള്‍ എവിടെ ? ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി ഡയറക്ടര്‍ ബോര്‍ഡില്‍ പ്രമുഖരെ പേരിനു മാത്രം ഉള്‍പ്പെടുത്തി നടത്തിയിട്ടുള്ള നീക്കങ്ങള്‍ എന്തൊക്കെ? അക്കാദമി ഭൂമി വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചതിലൂടെ നേട്ടം കിട്ടയത് ആര്‍ക്കൊക്കെ ? ഇതൊക്കെ സംബന്ധിച്ച അന്വേഷണ ആവശ്യം ശക്തമാകുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്.

അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കു ലഭിച്ച ഒരു പരാതികളിലും അന്വേഷണം ഉണ്ടാവുകയോ നടപടി സ്വീകരിക്കുയോ ചെയ്തിട്ടില്ല. ഇൗ പരാതികളില്‍ അന്വേഷണം ആവശ്യപ്പെട്ടും പരാതിക്കാര്‍ വീണ്ടും രംഗത്തെത്തി തുടങ്ങിയിട്ടുണ്ട്. വിജിലന്‍സില്‍ പരാതി എത്തിയതിനു പിന്നാലെ വിഷയം കോടതിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും പലരും തുടങ്ങി. പോലീസ് സംരക്ഷണത്തില്‍ അക്കാദമി തുറക്കാനും ആലോചനയുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here