കുഴല്‍പ്പണ ഇടപാടില്‍ നടപടി തുടങ്ങി, പ്രമുഖ സ്വര്‍ണ്ണ വ്യാപാരി അകത്തായി, മലയാളി വ്യവസായി അറസ്റ്റ് ഭയന്ന് നാടു വിട്ടു

0

കുവൈറ്റ് സിറ്റി: രണ്ടായിരത്തോളം കോടി രൂപയുടെ കുഴല്‍പ്പണ ഇടപാട് നടത്തിയ ഇന്ത്യന്‍ വ്യവസായികളുടെ അറസ്റ്റിലേക്ക് കടന്ന് കുവൈറ്റ് സര്‍ക്കാര്‍. ബാംഗ്ലൂര്‍ സ്വദേശിയായ, കുവൈറ്റിലെ പ്രമുഖ സ്വര്‍ണ്ണ മൊത്ത വ്യാപാരിയെ അറസ്റ്റ് ചെയ്തു. കൊച്ചി മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പ്രവാസി വ്യവസായി ഉടമ അറസ്റ്റ് ഭയന്ന്, ഈ മാസം ആറിന് രഹസ്യമായി കുവൈറ്റ് വിട്ടു.

കുവൈറ്റ് കേന്ദ്രീകരിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കിടെ നടന്ന രണ്ടായിരം കോടി രൂപയോളം വരുന്ന കുഴല്‍പ്പണ ഇടപാടിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രണ്ടു പ്രമുഖ സ്വര്‍ണ്ണ വ്യാപാരികള്‍ ഉള്‍പ്പെടെ 21 ഇന്ത്യക്കാര്‍ മാസങ്ങളായി കുവൈറ്റ് സര്‍ക്കാരിന്റെ അംനി ദൗളയെന്ന ദേശീയ സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ഇവരെ പലതവണ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ, ഹാജരാക്കിയ പല രേഖകളും വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കുവൈറ്റ് സര്‍ക്കാര്‍ കടന്നത്.

കഴിഞ്ഞ ആഴ്ചയില്‍ അറസ്റ്റിലായ ബംഗ്ലൂര്‍ സ്വദേശിയായ സ്വര്‍ണ്ണ മൊത്തവ്യാപാരിക്ക് കേരളത്തിലെ ഒരു പ്രമുഖ സ്വര്‍ണ വസ്ത്ര വ്യാപാര ശൃംഖലയിലും പങ്കാളിത്തമുണ്ട്. കുഴല്‍പ്പണ ഇടപാടിന്റെ മുഖ്യ കണ്ണികളിലൊരാളാണെന്ന് സംശയിക്കപ്പെടുന്നതും മലയാളിയായ ഒരു പ്രമുഖ വ്യവസായിയാണെന്നാണ് സൂചന. എണ്ണഖനന മേഖലയിലും നിര്‍മ്മാണ മേഖലയിലുമായി 13,000 തൊഴിലാളികളുള്ള സ്വന്തം കമ്പനിയുടെ മറവിലാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ ഉടമയായ ഈ മലയാളി വ്യവസായി ഇടപാടുകള്‍ നടത്തിയത്. കൊച്ചി മരടിലെ ഇദ്ദേഹത്തിന്റെ പഞ്ചനക്ഷത്ര ഹോട്ടല്‍ തീരദേശപരിപാലന നിയമം അടക്കം ലംഘിച്ചതിന്റെ പേരില്‍ വിവാദത്തിലായതാണ്.

നൂറുകണക്കിനു കോടി രൂപ ഇന്ത്യയില്‍ നിന്ന് കുവൈറ്റില്‍ എത്തിച്ചതിനും തിരികെ പോയതിനും ഇദ്ദേഹം നല്‍കിയ രേഖകളും യു.എ.ഇ, യൂറോപ്പ് രാജ്യങ്ങളില്‍നിന്ന് എത്തിയെന്നതിന്റെ രേഖകളും വ്യാജമാണെന്ന് അധികൃതര്‍ കണ്ടെത്തിയതാണ് മലയാളി വ്യവസായിക്ക് വിനയായിട്ടുള്ളത്. അന്വേഷണം മുറുകിയതോടെ, ഇദ്ദേഹം കുവൈറ്റില്‍ തങ്ങാതെ യു.എ.ഇയിലും ഇന്ത്യയിലുമായി തങ്ങിയാണ് ബിസിനസുകള്‍ നിയന്ത്രിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 10 ദിവസം മാത്രമാണ് ഇദ്ദേഹത്തിന് കുവൈറ്റില്‍ തങ്ങാനായതെന്ന് എമിഗ്രേഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു.

കുവൈറ്റിലെ പ്രമുഖരുടെ ഇടപെടലുകളിലൂടെ പല തവണ ഒഴിവാക്കപ്പെട്ടിരുന്ന അറസ്റ്റിലേക്കാണ് അന്വേഷണസംഘം ഇപ്പോള്‍ കടന്നിരിക്കുന്നത്. സമ്മര്‍ദ്ദം ശക്തമായതോടെ ഈ മാസം ആദ്യം കുവൈറ്റില്‍ മടങ്ങിയെത്തിയ ഈ മലയാളി വ്യവസായി, ലോക കേരള സഭയുടെ കുവൈറ്റിലെ പ്രതിനിധികള്‍ വിളിച്ചു ചേര്‍ത്തയോഗത്തില്‍ പങ്കെടുത്തശേഷം അനുമതിയില്ലാതെ വീണ്ടും രാജ്യം വിട്ടു. രാജ്യത്തു മടങ്ങിയെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അടിയന്തരമായി കീഴടങ്ങാനുള്ള നിര്‍ദേശം ഇദ്ദേഹത്തിന്റെ ഓഫീസിന് ഉദ്യോഗസ്ഥര്‍ നല്‍കിയതായിട്ടാണ് വിവരം. എന്നാല്‍, അറസ്റ്റ് ഭയന്ന് കുവൈറ്റിലേക്ക് മടങ്ങാന്‍ ഇദ്ദേഹം ഇതുവരെയും തയാറായിട്ടില്ല.

സാമ്പത്തിക കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കുവൈറ്റ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ, ഇദ്ദേഹത്തിന്റേതടക്കമുള്ള അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here