മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ജയം. യു ഡി എഫ് സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടി 1,71023 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസലിനെ പരാജയപ്പെടുത്തി.

പി കെ കുഞ്ഞാലിക്കുട്ടി 515325 വോട്ടു നേടിയപ്പോള്‍ എം ബി ഫൈസല്‍ 344287 വോട്ടുകള്‍ നേടി. ബി ജെ പി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശ് 65662 വോട്ടുകള്‍ നേടി. നോട്ടയ്ക്ക് 4098 വോട്ടു ലഭിച്ചു. കുഞ്ഞാലിക്കുട്ടിയുടെ അപരന് 720 വോട്ട് ലഭിച്ചപ്പോള്‍ ഫൈസലിന്റെ അപരന് 1698 വോട്ടുകളാണ് ലഭിച്ചത്.

ഭൂരിപക്ഷ റെക്കോഡില്‍ രണ്ടാമനായി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന ഇ അഹമ്മദിന്‍റെ റെക്കോര്‍ഡ് പികെ കുഞ്ഞാലിക്കുട്ടി മറികടക്കുതിന് സാധിച്ചില്ലെങ്കിലും ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമെന്ന നേട്ടത്തോടെയാണ് കുഞ്ഞാലിക്കുട്ടി മത്സരം അവസാനിപ്പിച്ചത്. ഇതുവരെ രണ്ടാമതുണ്ടായിരുന്ന എംഐ ഷാനവാസ് മൂന്നാം സ്ഥാനത്തേക്ക് പോയി. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് ഇ അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷമാണ് കേരളത്തിലെ ഏറ്റവും വലിയ വിജയം. ആദ്യത്തെ രണ്ട് വലിയ ഭൂരിപക്ഷങ്ങളും മലപ്പുറത്ത് നിന്നാണെന്നതും ശ്രദ്ധേയമാണ്. 2009ല്‍ വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസിലെ എംഐ ഷാനവാസ് നേടിയ 1,53, 439 വോട്ട് ഭൂരിപക്ഷമാണ് മൂന്നാമത്. 1993ല്‍ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ എസ്. ശിവരാമന്‍ നേടിയ 1,32,652 വോട്ടിന്‍റെ ഭൂരിപക്ഷം നാലാം സ്ഥാനത്ത് നില്‍ക്കുന്നു. 2014ല്‍ പാലക്കാട് നിന്ന് വിജയിച്ച എംബി രാജേഷും കോട്ടയത്ത് നിന്ന് വിജയിച്ച ജോസ് കെ മാണിയുമാണ് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയ മറ്റു രണ്ട് പേര്‍.

2014-ല്‍ ഇ.അഹമ്മദ് നേടിയ 1.94 ലക്ഷം എന്ന ഭൂരിപക്ഷം മറികടക്കുവാന്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ലെങ്കിലും അഹമ്മദ് നേടിയതിനേക്കാള്‍ 75,000-ത്തിലേറെ വോട്ടുകള്‍ അധികം പിടിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. ഏഴു നിയമസഭാ മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷം നേടാന്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് സ്വന്തം മണ്ഡലമായ വേങ്ങരയില്‍നിന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാളും 77,000 വോട്ടുകള്‍ യുഡിഎഫിന് അധികം ലഭിച്ചപ്പോള്‍ 1.02 ലക്ഷം വോട്ടുകള്‍ എല്‍ഡിഎഫിനും അധികം ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here