നൂറിലധികം അധ്യാപകരുടെ നിയമന വിജ്ഞാപം ഇറക്കിയത് സിന്‍ഡിക്കേറ്റ് അനുമതയില്ലാതെ, ഇതും ഉപസമിതി അന്വേഷിക്കുമോ ?

0

തിരുവനന്തപുരം:കേരള സര്‍വ്വകലാശാലയിലെ എഡ്യൂക്കേഷന്‍ വിഭാഗത്തിലെ വിവാദ അദ്ധ്യാപക നിയമനം സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിന്റിക്കേറ്റിന്റെ നാലംഗ ഉപസമിതിയെ ചുമതലപ്പെടുത്തി. അഡ്വ. എ എ റഹിം കണ്‍വീനറായ ഉപസമിതിയില്‍ ഡോ: എം ജീവന്‍ലാല്‍, എം ശ്രീകുമാര്‍, അഡ്വ. ജോണ്‍സണ്‍ എബ്രഹാം എന്നിവരാണ് അംഗങ്ങള്‍.അതേസമയം, വിവിധ വകുപ്പുകളിലേക്കു നടന്ന നൂറിലധികം അദ്ധ്യാപക നിയമനങ്ങളില്‍ ഡിന്‍ഡിക്കേറ്റ് അംഗീകാരമില്ലാതെ ഉത്തരവ് ഇറങ്ങിയതും സമിതി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി.

വിഷയത്തിന്റെ അടിയന്തിര സ്വഭാവം കണക്കിലെടുത്ത്, റിപ്പോര്‍ട്ടില്‍മേല്‍ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ ഡിസംബര്‍ പതിനാറിന് പ്രത്യേക സിന്റിക്കേറ്റ് യോഗം ചേരാനും ധാരണയായി. രാവിലെ പത്തിന് സിന്റിക്കേറ്റ് യോഗം ചേര്‍ന്ന ഉടന്‍ ഇടതുപക്ഷ അംഗം അഡ്വ. കെ. എച്ച്. ബാബുജനാണ് വിഷയം അവതരിപ്പിച്ചത്. സിന്റിക്കേറ്റംഗങ്ങള്‍ക്ക് ലഭിച്ച ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. പരാതിയോടൊപ്പമുള്ള വിവരാവകാശ പ്രകാരം ലഭിച്ച ഔദ്യോഗിക രേഖകളില്‍ നിന്നും നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി പ്രാഥമികമായി തന്നെ ബോധ്യമാകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നു സംസാരിച്ച എല്ലാ സിന്റിക്കേറ്റംഗങ്ങളും ഈ വാദത്തോട് യോജിക്കുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ കേസ്സ് നിലനില്‍ക്കുന്നതിനാലും അജണ്ടയില്‍ ഉള്‍പ്പെടാത്ത ഇനമായതിനാലും ഒരു തീരുമാനവും എടുക്കാനാവില്ലെന്ന് വി സി വാശി പിടിച്ചു.

നിയമനക്കാര്യം വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും, അന്വേഷിക്കാന്‍ തീരുമാനിച്ച കാര്യം ചാന്‍സിലറെ അറിയിക്കണമെന്നും, ഈ വിഷയത്തില്‍ തീരുമാനമാകുന്നതുവരെ വൈസ് ചാന്‍സിലര്‍ അദ്ധ്യക്ഷനായ അദ്ധ്യാപക നിയമന സമിതി മരവിപ്പിക്കണമെന്നുമുള്ള മൂന്ന് നിര്‍ദ്ദേശങ്ങള്‍ അംഗങ്ങള്‍ മുന്നോട്ട് വച്ചെങ്കിലും വി സി അംഗീകരിച്ചില്ല. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കാനുള്ള അംഗങ്ങളുടെ ശ്രമത്തെയും വി സി നിരാകരിച്ചു. വാക്കുതര്‍ക്കം മുറുകിയതോടെ പതിനൊന്നേകാലോടെ യോഗം അവസാനിപ്പിച്ച് പുറത്ത് കടക്കാന്‍ ശ്രമിച്ച വി സിയെ സിന്റിക്കേറ്റംഗങ്ങള്‍ തടഞ്ഞു. ഇതിനിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വി സി യുടെ രാജി ആവശ്യപ്പെട്ട് സര്‍വ്വകലാശാലാ ആസ്ഥാനത്തേക്ക് നടത്തിയ പ്രകടനം സംഘര്‍ഷഭരിതമായി. പ്രധാന ഗ്രില്ലും മറ്റും പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പന്ത്രണ്ടു മണിയോടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയെങ്കിലും, അന്വേഷണത്തിന് സിന്റിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്താനും പതിനാറിന് പ്രത്യേക സിന്റിക്കേറ്റ് ചേരാനും ധാരണയായ ശേഷം ഒന്നേകാലോടെയാണ് വി സിക്ക് സിന്റിക്കേറ്റ് റൂമില്‍ നിന്ന് പുറത്തു കടക്കാനായത്.

സര്‍വ്വകലാശാല എഡ്യൂക്കേഷന്‍ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിലെ അഴിമതിയാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്. വൈസ് ചാന്‍സിലര്‍ ചെയര്‍മാനായും അദ്ദേഹം നിര്‍ദ്ദേശിക്കുന്ന വിദഗ്ദ്ധരും വകുപ്പു തലവനും അടങ്ങുന്ന സമിതിക്കാണ് തിരഞ്ഞെടുപ്പിന്റെ ചുമതല. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാദമായ ഇന്റര്‍വ്യൂ നടന്നത്. ഒരു ജനറല്‍ പോസ്റ്റിലും ഒരു ഈഴവ പോസ്റ്റിലേക്കുമാണ് നിയമനം നടന്നത്. ഗവേഷണ ബിരുദം ഉള്‍പ്പെടെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ മാര്‍ക്ക് നല്‍കാതിരിക്കുകയും അനര്‍ഹര്‍ക്ക് അധികം മാര്‍ക്ക് നല്‍കുകയും ചെയ്തതായി രേഖകള്‍ പ്രകാരം ബോധ്യമായിരുന്നു.അക്കാഡമിക മികവിന് എണ്‍പതില്‍ ഇരുപത്തഞ്ച് മാര്‍ക്ക് കിട്ടിയ ഉദ്യോഗാര്‍ത്ഥിക്ക് ഇന്റര്‍വ്യൂവിന് ഇരുപതില്‍ പത്തൊന്‍പതു മാര്‍ക്ക് നല്‍കുകയും ഇതേ വിഭാഗത്തില്‍ എണ്‍പതില്‍ നാല്‍പ്പത്തിനാലു മാര്‍ക്ക് കിട്ടിയ ഉദ്യോഗാര്‍ത്ഥിക്ക് ഇന്റര്‍വ്യൂവിന് ആറ് മാര്‍ക്ക് നല്‍കുകയുമാണുണ്ടായത്. കൂടാതെ ദേശീയ അവാര്‍ഡ് ഇല്ലാത്തയാള്‍ക്ക് ആ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള മൂന്ന് മാര്‍ക്ക് നല്‍കുകയും ഡോക്ടറേറ്റ് ഇല്ലാത്തയാള്‍ക്ക് പോസ്റ്റ് ഡോക്റ്ററല്‍ റിസേര്‍ച്ച് എക്‌സ്പീരിയന്‍സിനുള്ള മാര്‍ക്ക് നല്‍കുകയും ചെയ്തതായി രേഖകള്‍ വ്യക്തമാക്കുന്നു.ഒന്നിലധികം ബിരുദാനന്തരബിരുദം ഉള്ളവര്‍ക്ക് അധിക മാര്‍ക്ക് നല്‍കുന്നതിലും ക്രമക്കേട് നടന്നിട്ടുണ്ട്.

സാധാരണ നിലയില്‍ വൈസ് ചാന്‍സിലര്‍ അദ്ധ്യക്ഷനായ സമിതി സമര്‍പ്പിക്കുന്ന റാങ്ക് പട്ടിക സിന്റിക്കേറ്റ് അംഗീകരിക്കാറാണ് പതിവ്. എന്നാല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിലെ അദ്ധ്യാപക നിയമനത്തിലെ റാങ്ക് പട്ടികയില്‍ ക്രമക്കേട് നടന്നെന്ന വിവരം പുറത്തായതോടെ ഈയിടെ സര്‍വ്വകലാശാലയില്‍ നടന്ന അദ്ധ്യാപക നിയമനങ്ങളെല്ലാം സംശയത്തിന്റെ നിഴലിലാവുകയാണ്. ഇതിനിടെയാണ് സര്‍വ്വകലാശാലയിലെ വിവിധ വകുപ്പുകളിലെ നൂറിലധികം അദ്ധ്യാപക നിയമനത്തിന് സിന്റിക്കേറ്റിന്റെ അംഗീകാരമില്ലാതെ വൈസ് ചാന്‍സിലര്‍ സ്വന്തം ഇഷ്ടപ്രകാരം സംവരണക്രമം തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതും കൂടുതല്‍ വിവാദത്തിന് വഴിവക്കുന്നതാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here