ലുബാന്‍ ഒറ്റപ്പെട്ടതല്ല, അറബിക്കടലില്‍ പതിവാകുന്ന ന്യൂനമദ്ദങ്ങള്‍ കേരളത്തിന് ഭീഷണി തന്നെ

0

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തോടു ചേര്‍ന്നു തിങ്കളാഴ്ച രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തിനു പുറമേ കന്യാകുമാരിക്കു താഴെ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി ഉണ്ടാകാനുള്ള സാധ്യത തെളിഞ്ഞു. ലക്ഷദ്വീപിനു സമീപം ലുബാന്‍ ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഗതി ശനിയാഴ്ച ഉച്ചയോടെ ഏകദേശം വ്യക്തമാകും.

വ്യത്യസ്ത മഴമേഖലകളില്‍ ഒന്നിനു പുറകേ ഒന്നായി രൂപപ്പെട്ടേക്കാവുന്ന അപൂര്‍വ്വ സാഹചര്യമാണ് കാലാവസ്ഥാ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നത്. വിരളമായിരുന്ന ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും പതിവാകുന്നതോടെ കേരളം അപകട മുനമ്പിലേക്ക് നീങ്ങുന്നതിന്റെ ആശങ്കയും വര്‍ദ്ധിക്കുന്നു.

ലുബാന്‍ ശക്തനാണ്‌

ലുബാന്‍ എന്നാണ് പുതിയ കാറ്റിന് പേരിട്ടിരിക്കുന്നത്. ഒമാന്‍ ആണ് ഈ പേര് നല്‍കിയത്. കാറ്റുകളുടെ ഗണത്തിലേക്ക് 53ാമതായി ഒമാന്‍ നല്‍കിയ പേരാണിത്. കഴിഞ്ഞ വര്‍ഷാവസാനത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് പോലെ ശക്തിയുള്ള കാറ്റാണിത്.

ന്യുനര്‍മര്‍ദ്ദം ചുഴലിക്കാറ്റായി മാറി ഒമാന്‍ തീരത്തേക്കു പോയാല്‍ ചൊവ്വാഴ്ചയോടെ കേരളത്തിന്റെ ഭീഷണി ഒഴിവാകുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, കന്യാകുമാരിക്കു സമീപത്തുനിന്ന് വന്‍തോതില്‍ മേഘങ്ങള്‍ എത്തുന്നത് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കനത്ത മഴ സൃഷ്ടിക്കും. ഒഡീഷയില്‍ തിങ്കളാഴ്ച പിറക്കാനിരിക്കുന്ന ന്യുനമര്‍ദ്ദം അറബിക്കടലില്‍ നിന്ന് മേഘങ്ങളെ ആകര്‍ഷിക്കും. ഒമാനിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിയെ ദുര്‍ബലപ്പെടുത്തുമ്പോള്‍ കേരള-കര്‍ണാടക മേഖലയിലാകും മഴയുടെ താണ്ഡവം. തുലാവര്‍ഷത്തിന്റെ തുടക്കം ഇതിലൂടെയുണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്.

നേരത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം പതിവായിരുന്നു. എന്നാല്‍, അവ കേരളത്തെ ബാധിച്ചിരുന്നില്ല. ഇപ്പോള്‍ അറബിക്കടലിലും ന്യൂനമര്‍ദ്ദവും ചുഴലിയും പതിവാവുകയാണ്. 10 മാസത്തിനിടെ ഇതു നാലാമത്തെ ചുഴലിക്കാറ്റാണ്. കഴിഞ്ഞ നവംബറില്‍ ഓഖി എത്തിയതോടെയാണ് കേരളത്തില്‍ ആശങ്ക ഉയര്‍ന്നു തുടങ്ങിയത്. അറബിക്കടലില്‍ പിന്നാലെ ജനിച്ച സാഗര്‍, മേകുനു എന്നിവ കേരളത്തെ തൊടാതെ കടന്നുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here