യുവജനങ്ങളുടെ ഏക ആശ്രയവും പ്രതീക്ഷയുമായിരുന്ന കേരള പബ്‌ളിക് സര്‍വ്വീസ് കമ്മിഷനിലെ നിയമനങ്ങളിലെ സുതാര്യതയ്ക്കുമേല്‍ സംശയമുയര്‍ത്തി കോടതിയും രംഗത്തുവന്നതോടെ സര്‍ക്കാരും പി.എസ്.സിയും കടുത്ത പ്രതിരോധത്തില്‍.

സമീപകാലത്തു നടന്ന എല്ലാ നിയമനങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി നിലപാടെടുത്തതോടെ പരുങ്ങലിലാണ് സര്‍ക്കാര്‍. പൊതുജനങ്ങള്‍ക്ക് പി.എസ്.സി. നിയമനങ്ങളിലുണ്ടായിരുന്ന വിശ്വാസ്യത തിരികെ പിടിക്കുന്നതിന് സ്വതന്ത്രവും നിഷ്പക്ഷവും കാര്യക്ഷമവുമായ അന്വേഷണം നടത്തണമെന്നാണ് കോടതി വ്യക്തമാക്കിയത്.

യൂണിവേഴ്‌സ്റ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ പോലീസ് ലിസ്റ്റില്‍ ഒന്നാം റാങ്ക് ഉള്‍പ്പെടെ നേടിയതാണ് പി.എസ്.സി. നിയമനങ്ങളിലെ ‘കാണാക്കുരുക്കുകള്‍’ പൊതുസമൂഹത്തില്‍ ചര്‍ച്ചയായത്.

പി.എസ്.സി. അംഗങ്ങളിലേക്കും അവരുടെ രാഷ്ട്രീയ പശ്ഛാത്തലത്തിലേക്കും വരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍ക്കാരും പി.എസ്.സി. വൃത്തങ്ങളും ന്യായീകരണങ്ങള്‍ നിരത്തി. മുഖ്യമന്ത്രി ഓരോഘട്ടത്തിലും ഉറച്ചപിന്തുണയുമായി രംഗത്തുവന്നു. ഇതിനിടെയാണ് പരീക്ഷാത്തട്ടിപ്പ് നടന്നൂവെന്ന് പി.എസ്.സിയുടെ അന്വേഷത്തില്‍തന്നെ വ്യക്തമായത്.

കോടതിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാണ്. ചരിത്രത്തിലില്ലാത്തവിധത്തിലുള്ള ആരോപണങ്ങളാണ് പി.എസ്.സിയും അംഗങ്ങളും നേരിടുന്നത്. സ്വതന്ത്രമായ അന്വേഷണം നടന്നാല്‍ പല പ്രമുഖരും കുടുങ്ങുമെന്നാണ് സൂചന.

വിശ്വാസ്യതയില്‍ കരിനിഴല്‍ വീഴ്ത്തുന്ന പല നിയമനങ്ങളും പി.എസ്.സി. വഴി നടന്നിട്ടുണ്ട്. ഹൈടെക് വിദ്യകള്‍ ഉപയോഗിച്ച് മാത്രമല്ല കത്തിക്കുത്ത് കേസിലെ പ്രതികള്‍ റാങ്ക് നേടിയതെന്ന് വ്യക്തം. പരീക്ഷാ നടത്തിലെ ഓരോഘട്ടവും സംശയനിഴലിലാണ്. വേണ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പരീക്ഷാകേന്ദ്രം നല്‍കുന്നതില്‍ തുടങ്ങുന്നതാണ് ഈ തട്ടിപ്പ്.

പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ റാങ്കുനേടിയ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ കാസര്‍കോട്ടെ പരീക്ഷാകേന്ദ്രം തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. ഇവര്‍ക്ക് ഒരേ സീരിസിലെ ചോദ്യപേപ്പര്‍ ലഭിച്ചതെങ്ങനെ എന്ന ചോദ്യത്തിനും പി.എസ്.സി. അധികൃതര്‍ക്ക് ‘യാദൃശ്ഛികം’ എന്ന മറുപടിയേ ഉള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here