കൊച്ചി: സമരക്കാര്‍ ഉദ്ദേശിച്ചത് ഡിജിപി ആരെന്ന് പോലീസുകാര്‍ക്ക് മനസിലായില്ല. അവര്‍ക്കറിയാവുന്ന അവരുടെ സ്വന്തം ഡി.ജി.പിയുടെ മുഖം മനസില്‍ തെളിഞ്ഞപ്പോള്‍ കെ.എസ്.യുകാരുടെ കോലവും എടുത്ത് ഒറ്റ ഓട്ടം.

ഇന്നലെ എറണാകുളത്ത് ഹൈക്കോടതി പരിസരത്താണ് ഒരു കോലവും കാക്കിക്കാരുടെ ഓട്ടവും കൗതുകമായത്.

കെഎസ്‌യുക്കാര്‍ ഒരു കോലവുമായി ഹൈക്കോടതി പരിസരത്തേക്ക് പ്രകടനമായി എത്തി. കോലത്തില്‍ ഡിജിപി എന്ന് എഴുതിയിരുന്നു. ജിഷ്ണു പ്രണോയി കേസില്‍ കോടതിയില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതില്‍ പ്രതിഷേധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ (ഡിജിപി) കോലം കത്തിക്കുകയായിരുന്നു ഉദ്ദേശ്യം.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിലേക്കു നീങ്ങിയ പ്രകടനത്തെ ഐജി ഓഫിസിനു മുന്നില്‍ തടഞ്ഞു. നോക്കുമ്പോള്‍ കോലത്തില്‍ ഡി.ജി.പി. ഏത് മാര്‍ച്ചാണ് വരുന്നതെന്നൊന്നും ആലോചിച്ചില്ല.

പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കോലമാണെന്ന് കരുതി പോലീസ് ഉണര്‍ന്നു കളത്തിലിറങ്ങി. കത്തിക്കാന്‍ തുടങ്ങുമ്പോഴേക്ക് ഒരു സംഘം പോലീസുകാര്‍ കോലം പിടിച്ചുവാങ്ങി. തിരികെത്തരാതെ പിരിഞ്ഞു പോകില്ലെന്ന് പ്രവര്‍ത്തകര്‍ നിലപാടെടുത്തു. ഇതോടെ കോലവുമായി പോലീസുകാര്‍ ഓടി പോലീസ് വാനിനുള്ളില്‍ കയറി.

ബഹളമായി. ഒടുവില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചു. പിന്നീടാണ് ഏമാന്‍മാര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടത്. അപ്പോഴേക്കും കോലം ഏതു ഡി.ജി.പിയുടേതാണെന്ന് തിരിച്ചറിയാനാകാത്ത സ്ഥിരിയിലുമായി.

LEAVE A REPLY

Please enter your comment!
Please enter your name here