വയനാട്: മോശം കാലാവസ്ഥയും എത്തിപ്പെടാനാകാത്ത സാഹചര്യവും രക്ഷാ പ്രവര്‍ത്തകരുടെ ജീവനുതന്നെ ഭീഷണി സൃഷ്ടിക്കുന്ന സ്ഥിതി. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുന്നത് മേപ്പാടിയിലും കവളപ്പാറയിലും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

വഴിയുണ്ടാക്കി വേണം രക്ഷാപ്രവര്‍ത്തകര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഇവിടങ്ങളില്‍ എത്തിപ്പെടാന്‍. കനത്ത മഴ ശമിക്കുന്നില്ല. അപകടമുണ്ടായ സ്ഥലങ്ങളില്‍ കാലെടുത്തുവയ്ക്കാന്‍ പോലുകം സാധിക്കാത്ത തരത്തില്‍ മണ്ണും പാറയും വ്യക്ഷങ്ങളും അടിഞ്ഞ് കൂടിയിരിക്കുന്നു.

നിലമ്പൂര്‍ ഭദ്രാസനം മുത്തപ്പന്‍മലയില്‍ ഉരുള്‍പൊട്ടിയത് വ്യാഴാഴ്ച രാത്രി എട്ടോടെയാണ്. കുന്നിനു മുകളില്‍ നിന്ന് ഭയാനകമായ ശബ്ദം കേട്ട് പലരും പുറത്തിറങ്ങിയിരുന്നു. എന്നാല്‍, എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിനു മുമ്പേ മണ്ണിനടിയില്‍പ്പെട്ടു. മുത്തപ്പന്‍കുന്ന് രണ്ടായി പിളര്‍ന്ന് വെള്ളം കുതിച്ചുപാഞ്ഞപ്പോള്‍ അമ്പതിലധികം ഏക്കര്‍ പ്രദേശത്തെ മണ്ണിളകി. കവളപ്പാറ തോടിന്റെ ഇരുകരയിലേയും രണ്ടു കോളനികളിലെയുമായി മുപ്പതോളം വീടുകളിരുന്ന സ്ഥലം മണ്ണു മൂടിയ നിലയിലാണ്. രക്ഷാപ്രവര്‍ത്തനം ഇവിടെ തുടങ്ങാനായതു തന്നെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ്. 50 അടിയോളം ഉയരത്തില്‍ കല്ലും മണ്ണും കുമഞ്ഞുകൂടിയ ഇവിടെ മുപ്പതോളം ജീവനുകളെങ്കിലും കുടുങ്ങി കിടക്കുന്നുവെന്നാണ് കണക്കുകൂട്ടുന്നത്. 36 കുടുംബങ്ങളുണ്ടായിരുന്ന ഈ പ്രദേശത്തുനിന്ന് അടുത്തിടെയാണ് ചിലര്‍ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറിയത്. ഈ പ്രദേശം കഴിഞ്ഞ മൂന്നു ദിവസമായി വൈദ്യുതിയും മൊബൈല്‍ സിഗ്നലുകളും എല്ലാം നിശ്ചലമായ സ്ഥിതിയിലാണ്. കവളപ്പാറയിലേക്കു പോകുന്ന റോഡിലെ മണ്ണിടിച്ചില്‍ രൂക്ഷമാണ്.

തേയിലതോട്ടങ്ങളുടെ നടുവിലുള്ള സുന്ദരമായ സ്ഥലമായിരുന്നു വനത്തോടു ചേര്‍ന്നുള്ള പുത്തുമല. മുകളിലായി പച്ചക്കാട് ഗ്രാമം. മണ്ണില്‍ പുതഞ്ഞുപോയ കരിങ്കല്‍ത്തറകളെ നോക്കി, അമ്പലവും പള്ളിയും ഒക്കെ എവിടെയായിരുന്നുവെന്ന് പുത്തുമലയെ അറിയാവുന്നവര്‍ക്ക് പറയാനെ കഴിയൂ. അഞ്ചു കിലോമീറ്ററോളം നീളത്തില്‍ മണ്ണു പുഴയായി ഒഴുകിയപ്പോള്‍ ചെറു പട്ടണത്തിലുണ്ടായിരുന്ന രണ്ടുനില കെട്ടിടങ്ങള്‍ പോലും മണ്ണിനടിയിലാണ്.

ശക്തമായ മഴയ്ക്കു പിന്നാലെയാണ് ജലവും മണ്ണുമെല്ലാം ആര്‍ത്തിരമ്പി എത്തി പുത്തുമലയെ തുടച്ചുനീക്കിയത്. രണ്ടു തവണയാണ് ഇവിടെ ഉരുള്‍പൊട്ടിയത്. ചെളിയില്‍ മുങ്ങിയ കാറുകള്‍, ടാര്‍മിക്‌സിംഗ് യൂണിറ്റ് വാഹനം, ചില വളര്‍ത്തു മൃഗങ്ങള്‍ ഇവയൊക്കെയാണ് പുത്തുമലയുടെ ബാക്കി പത്രം.

വയനാട്ടില്‍ ഒമ്പതിടങ്ങളിലും മലപ്പുറത്ത് 10 ഇടങ്ങളിലുമാണ് ഉരുള്‍പൊട്ടിയത്. സംസ്ഥാനത്താകെ അമ്പതില്‍ അധികം സ്ഥലത്ത്. ഒട്ടേറെ വീടുകള്‍ക്കു പുറമേ വ്യാപകമായ കൃഷിനാശവും സമ്മാനിച്ചാണ് മഴ തിമിര്‍ത്താടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here