പ്രളയം പിടിപ്പുകേടിന്റെ സൃഷ്ടിയോ ?, പാഠം പഠിച്ചില്ലെങ്കില്‍ ഇതിലും വലിയ വില നല്‍കാന്‍ നമ്മള്‍ തയാറായിരിക്കണം

0

പ്രളയം അധികാരികളുടെ പിടിപ്പുകേടിന്റെ സൃഷ്ടിയോ ? പ്രളയത്തിനു തൊട്ടുമുമ്പുവരെ, ഡാമുകള്‍ സംഭരണശേഷിയോട് പൂര്‍ണ്ണമായും അടുക്കുമ്പോള്‍ എല്ലാം നിയന്ത്രണവിധേയമാണെന്ന് മന്ത്രിമാരും ഉത്തരവാദിത്വപ്പെട്ട വിദഗ്ധരും ആവര്‍ത്തിച്ചിരുന്നു.

ഇടുക്കിയിലെ ട്രയല്‍ റണ്‍വരെ ഇതെല്ലാം ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങിയത്. പിന്നീടെന്ത് സംഭവിച്ചുവെന്ന് ചോദിക്കേണ്ട. മലയാളികള്‍ അത് അനുഭിവച്ചതാണ്. ഇപ്പോഴും വലിയൊരു വിഭാഗം അനുഭവിച്ചറിയുന്നു. ഡ്രാം മാനേജുമെന്റിന്റെ ഭാഗമായുള്ള തീരുമാനങ്ങളും മുന്നറിയിപ്പുകളും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറച്ച് ജീവന്‍രക്ഷിക്കുന്നതിന് ഫലപ്രദമായി പ്രയോജനപ്പെടാത്ത കാഴ്ചയാണ് കേരളം കാണുന്നത്.

സംസ്ഥാനത്തെ ഡാമുകള്‍ ഒരുപോലെ നിറയുമ്പോള്‍, തുറക്കേണ്ടി വന്നാല്‍ എല്ലായിടത്തും അതൊരുമിച്ച് വേണ്ടി വരുമായിരുന്നെങ്കില്‍ ചിലതിലെ ജലനിരപ്പ് നേരത്തെ കുറയ്ക്കാമായിരുന്നില്ലേ ? ഏറ്റവും താഴെയുള്ളതിലെ വെള്ളം ക്രമീകരിച്ച് നേരത്തെ ഒഴുക്കി വിട്ടിരുന്നെങ്കില്‍ സ്ഥിതി ഇത്ര ഗുരുതമാകുമായിരുന്നോയെന്ന് വിദഗ്ധര്‍ തന്നെ ചോദിക്കുന്നു.

2397 അടിയിലെത്തിയാല്‍ ഇടുക്കി പദ്ധതിയില്‍ നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ജലം തുറന്നുവിടാനുള്ള തീരുമാനം മഴ ഒന്നു ശമിച്ചപ്പോള്‍ മാറ്റി. ഓഗസ്റ്റ് എട്ടു മുതല്‍ ലഭിച്ച അഭൂതപൂര്‍വ്വമായ മഴ കണക്കു കൂട്ടലുകള്‍ തെറ്റിച്ചുവെന്നാണ് അധികൃതരുടെ വിശദീകരണം. നിനച്ചിരിക്കാതെ ഒഴുകിയെത്തിയ വെള്ളം പ്രയോജനപ്പെടുത്തി പരമാവധി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ അതുവരെ ശ്രമിച്ചവര്‍ക്കു മുന്നില്‍ മറ്റു മാര്‍ഗമില്ലാതായി. ഇതോടെ ജനത്തിന്റെ സുരക്ഷ മാറ്റി വച്ച ഡാമുകള്‍ സംരക്ഷിക്കേണ്ട ഗതികേടുണ്ടായതിന്റെ ഫലമാണ് കേരളം അനുഭവിക്കുന്ന ഇപ്പോഴത്തെ പ്രളയക്കെടുതി.

ഇന്റഗ്രേറ്റഡ് അപ്രോച്ചോടുകൂടി, ഇറിഗേഷന്‍, ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പെരിയാര്‍ കുറേ ക്ലീനാക്കി നിര്‍ത്താമായിരുന്നു. ഭൂതത്താന്‍കെട്ടിലെ വെള്ളം മറ്റു ഡാമുകള്‍ തുറക്കേണ്ടി വരുമെന്ന് മനസിലാക്കി തുറന്ന് ലെവല്‍ കുറച്ചു നിര്‍ത്തിയിരുന്നെങ്കില്‍ ആഘാതം കുറയുമായിരുന്നു. തുലാവര്‍ഷ മഴ വരാനിരിക്കുകയാണ്. അതുകൂടി ശക്തിപ്രാപിച്ചാല്‍, ഇപ്പോഴേ ഡാമുകള്‍ പൂര്‍ണ്ണമായും നിറഞ്ഞിരിക്കുകയാണ്.

ആദ്യഘട്ടത്തിലെങ്കിലും ഇടുക്കിയിലുണ്ടായ മുന്നൊരുക്കങ്ങളിലെ ജാഗ്രത മറ്റു സ്ഥലങ്ങളിലുണ്ടാകാതിരിന്നതും തിരിച്ചടിയായി. 10-30 വര്‍ഷമായി ചെയ്തു കൂട്ടിയ, കൂട്ടുന്ന പ്രകൃതി വിരുദ്ധമായ നിരവധി കാര്യങ്ങളുണ്ടല്ലോ ? ഇതിന്റെയെല്ലാം പ്രത്യാഘാതം ഉള്‍പ്പെടെ, ഭൂമിയുടെ ഉള്‍ത്തട്ടിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കി, മുന്‍കൂട്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാണിക്കേണ്ട വൈദ്യുതി ബോര്‍ഡിന്റെ സീസ്‌മോഗ്രാഫുകള്‍ക്ക് എന്തു സംഭവിച്ചു ?

12 സീസ്മിക് സ്‌റ്റേഷനുകളാണ് കെ.എസ്.ഇ.ബിയുടെ കീഴിലുണ്ടായിരുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഭീതി ഉയര്‍ന്ന സമയത്ത് ഇവ ഓട്ടോമേഷന്‍ നടത്തിയിരുന്നു. പട്ടം വൈദ്യുതി ബോര്‍ഡില്‍ ഇതിലെ വിവരങ്ങള്‍ പ്രോസസ് ചെയ്ത് ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്ദേശങ്ങള്‍ അയക്കാനുള്ള സംവിധാനം കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചിരിന്നു. ഇതിപ്പോള്‍ ഡിസാസ്റ്റര്‍ മാനേജുമെന്റിനു കൈമാറിയിരിക്കയാണ്. ഇതിന്റെ പ്രയോജനം കെ.എസ്.ഇ.ബിക്കും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് വിവരം.

റവന്യൂ, വൈദ്യൂതി, ഇറിഗേഷന്‍, ജിയോളജി തുടങ്ങിയ വകുപ്പുകള്‍ പാഠങ്ങള്‍ പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അഴിമതി അടക്കം തുടച്ചു നീക്കുന്ന തിരുത്തല്‍ നടപടികളുണ്ടായില്ലെങ്കില്‍ മാറുന്ന കാലാവസ്ഥയില്‍ കനത്ത വില നല്‍കേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here