ഒപ്പം കൂട്ടിയവര്‍ കൈ കഴുകി, മാനേജുമെന്റുകള്‍ക്ക് കുരുക്ക് മുറുകി, കെട്ടിവച്ച് തലയൂരാന്‍ തലകള്‍ തേടുന്നു

0

രണ്ടു കോളജുകളിലെ അനധികൃത നിയമനം സാധൂകരിക്കാനുള്ള നീക്കങ്ങള്‍ ബില്ലായി നിയമസഭയില്‍ അംഗീകരിക്കപ്പെട്ടു. സുപ്രീം കോടതി ഓര്‍ഡിനന്‍സ് അസാധുവാക്കിയതോടെ ബില്ലിനായി ആദ്യം കൈപൊക്കിയ രാഷ്ട്രീയ നേതാക്കള്‍ ഒന്നൊന്നായി കൈകഴുകി. പിന്നാലെ ഉദ്യോഗസ്ഥരും. ഊരാക്കുടുക്കായ ബില്ല് എന്തു ചെയ്യണമെന്നറിയാതെ സര്‍ക്കാര്‍ നില്‍ക്കുമ്പോള്‍ നിയമത്തെപ്പോലും വെല്ലുവിളിച്ച മാനേജുമെന്റുകളെ കാത്തിരിക്കുന്നത് വലിയ കുരുക്കുകളാണ്.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്കായി ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ത്ത് നിയമസഭയില്‍ പാസാക്കിയ ബില്‍ നിയമസാധുത ഇല്ലാത്ത ഒന്നുമാത്രമായി തീര്‍ന്നു. ഭരണഘടനയുടെ അനുഛേദം 200 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ പി. സദാശിവം ബില്‍ തടഞ്ഞതോടെ സര്‍ക്കാര്‍ ശരിക്കും ഊരാകുടുക്കിലായി. സുപ്രീം കോടതി ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്തപ്പോഴേ അതുവരെ ബില്ലിനു വേണ്ടി രംഗത്തുവന്ന പ്രതിപക്ഷ നേതാക്കന്മാരും പാര്‍ട്ടികളും മലക്കം മറിഞ്ഞു. ഭരണമുന്നണിയിലും പതിവുപോലെ രണ്ടഭിപ്രായം പ്രത്യക്ഷപ്പെട്ടു. ഒറ്റപ്പെട്ട സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതായി പിന്നീടുള്ള കാര്യങ്ങള്‍.
ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അതേ വ്യവസ്ഥകളിലുള്ള ബില്‍ അംഗീകരിച്ചാല്‍ കോടതി അലക്ഷ്യത്തിന്റെ പരിധിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമോയെന്ന സംശയം പ്രകടിപ്പിച്ചാണ് ആരോഗ്യ സെക്രട്ടറി ഫയല്‍ രാജ്ഭവനു കൈമാറിയത്. നിയമ സെക്രട്ടറിക്കും ബില്ലിന്റെ നിലനില്‍പ്പില്‍ ആശങ്കകള്‍ ഉണ്ടായി. ഇതെല്ലാം കൂടി പരിഗണിച്ച് ബില്ല് തടഞ്ഞുവയ്ക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ഗവര്‍ണര്‍ അധികം സമയമൊന്നും എടുത്തില്ല.
പോയതിനെക്കാള്‍ വേഗത്തില്‍ ബില്‍ തിരിച്ച് സെക്രട്ടേറിയറ്റില്‍ എത്തുമ്പോള്‍ ആരോഗ്യ സെക്രട്ടറി അടക്കമുള്ളവരുടെ നിലപാടില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയിലാണ്. സര്‍ക്കാരിനെ വെട്ടിലാക്കിയുള്ള ഉദ്യോഗസ്ഥരുടെ കൈകഴുകല്‍ നടപടിയിലുള്ള തുടര്‍ നടപടികള്‍ വരാനിരിക്കുന്നതേയുള്ളു. പത്തിനു പകരം 45 ലക്ഷം വരെ നല്‍കിയെന്ന് മക്കള്‍ക്കായി അഡ്മിഷന്‍ വാങ്ങിയ മാതാപിതാക്കള്‍ കൂടി പറഞ്ഞതോടെ, ഇതുവരെ സര്‍ക്കാര്‍ പറഞ്ഞിരുന്ന ന്യായീകരണങ്ങള്‍ പൊളിയുകയാണ്. മാനേജുമെന്റുകള്‍ അഡ്മിഷന്റെ മറവില്‍ പിരിച്ച കോടികളിലേക്ക് ചര്‍ച്ചകള്‍ അടുക്കുമ്പോള്‍ ബില്ലിന്റെ പിതൃത്വം കെട്ടിവയ്ക്കാനുള്ള തലകള്‍ തേടുകയാണ് അണിയറിയില്‍ അധികാരികള്‍.
രസീതുപോലുമില്ലാതെ മാനേജുമെന്റുകള്‍ ഓരോ കുട്ടികളുടെ കൈയില്‍ നിന്നും ലക്ഷങ്ങള്‍ പിരിച്ചിട്ടുണ്ടെങ്കില്‍, ആ കോടികളെക്കുറിച്ച് പറയേണ്ടിവരുക വലിയ കുരുക്കായിരിക്കും. അതിനുള്ള ഉത്തരം തേടി അന്വേഷണ ഏജന്‍സികള്‍ എത്തുമ്പോള്‍ മാനേജുമെന്റുകള്‍ക്ക് വിയര്‍ക്കേണ്ടി വരും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here