ആര്‍ക്കോ വേണ്ടി ആരൊക്കെയോ എന്തോക്കെയോ: ഉത്തരം മുട്ടി സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും

0

ആര്‍ക്കോ വേണ്ടി ആരൊക്കെയോ എന്തോക്കെയോ ചെയ്തപ്പോള്‍ ‘കേരള മെഡിക്കല്‍ കോളജ് പ്രവേശനം സാധൂകരിക്കല്‍ ബില്‍’ നിയമസഭയില്‍ പാസായി. അനധികൃത പ്രവേശനത്തിന് കുടപിടിക്കാന്‍ സര്‍ക്കാരിറക്കിയ ഓര്‍ഡിനന്‍സ് സുപ്രീം കോടതി സ്‌റ്റേ ചെയ്തപ്പോള്‍ സര്‍ക്കാരിനു മാത്രമല്ല, കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ‘ഉത്തരം’ മുട്ടി. രണ്ട് പ്രബല സമുദായങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുള്ളവരാണ് ഈ കോളജുകളുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നറിയുമ്പോള്‍ ‘ഉത്തരം’ മുട്ടലിന്റെ ചിത്രം കുറച്ചു കൂടി വ്യക്തമാകും.
സുപ്രീം കോടതി നടപടിയിലൂടെ പൂര്‍ണമായും വെട്ടിലായ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ ഒന്നു നോക്കാന്‍ കൂടി കേരളത്തിലെ ഒരു പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയും യോഗ്യതയില്ലാത്ത സ്ഥിതി അപൂര്‍വ്വമാണ്. കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളിലെ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ പ്രശ്‌നങ്ങളുണ്ടായത് മാനേജുമെന്റുകള്‍ തെറ്റായ അപേക്ഷകള്‍ സമര്‍പ്പിതിനാലാണെന്ന് മേല്‍നോട്ടസമിതി വ്യക്തമാക്കിയിട്ടുള്ളതാണ്. മാനേജുമെന്റുകള്‍ ലക്ഷങ്ങളുടെ ക്യാപ്പിറ്റേഷന്‍ ഫണ്ട് പിരിച്ചതു മേല്‍നോട്ട സമിതി മാത്രമല്ല, ആരോഗ്യ സെക്രട്ടറിയും സ്ഥിരീകരിച്ചതാണ്.
ഇത്തരത്തില്‍ ചോദിച്ച പണം നല്‍കി, മാനേജുമെന്റുകള്‍ക്കൊപ്പം നിന്ന് വളഞ്ഞ വഴിയിലൂടെ അഡ്മിഷന്‍ നേടിയ കുട്ടികളുടെ കാര്യത്തില്‍ മുതലക്കണ്ണുനീര്‍ പൊഴിഞ്ഞ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടിട്ടും പ്രേവശനം ലഭിക്കാതെപോയ 44 വിദ്യാര്‍ത്ഥികളെ കണ്ടില്ല.
രണ്ടു മെഡിക്കല്‍ കോളജിലേക്കുമുള്ള പ്രവേശനത്തിന് ഓണ്‍ ലൈന്‍ അപേക്ഷ ക്ഷണിക്കണ,. മെറിറ്റ് ലിസ്റ്റും വെയ്റ്റിംഗ് ലിസ്റ്റും പ്രസിദ്ധീകരിക്കണമെന്ന് മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ മാനേജുമെന്റുകള്‍ പാലിച്ചില്ല. കര്‍ശന ഇടപെടലുണ്ടായപ്പോള്‍ വെബ് സൈറ്റ് ഓപ്പണ്‍ ചെയ്തു. കിട്ടിയ അപേക്ഷകള്‍ പ്രവേശനം അവസാനിക്കുന്ന ദിവസം കമ്മിഷന്റെ സൈറ്റിലേക്ക് നല്‍കണമെന്ന നിര്‍ദേശവും ലംഘിക്കപ്പെട്ടു. ക്രമക്കേടുകള്‍ കണ്ടെത്തിയ മേല്‍നോട്ട സിമിതി മുഴുവന്‍ പ്രവേശനവും റദ്ദാക്കാന്‍ പരീക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയതോടെ വിഷയം കോടതി കയറി. പ്രവേശന മേല്‍നോട്ട സമിതി എല്ലാ അഡ്മിഷനുളകും റദ്ദാക്കി.
പിന്നാലെ തുടങ്ങിയ നീക്കമാണ് ഓഡിനന്‍സും ബില്ലുമായി പരിണമിച്ചത്. കുട്ടികളുടെ രക്ഷയ്‌ക്കെന്ന ന്യായം നിരത്തി 2017 ഒക്‌ടോബറില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വരുന്നു. ഇതിലൂടെ ക്രമവിരുദ്ധമായ അഡ്മിഷനുകള്‍ക്കും പച്ചക്കൊടി കാട്ടി. കുട്ടികളും രക്ഷിതാക്കളും മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സിപിഐ നേതാവ് സത്യന്‍ മൊകേരി, കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ ഒരേ സ്വരത്തില്‍ കുട്ടികളുടെ ഭാവി കണക്കില്ലെടുത്തു സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു .
നിലവിലെ ഓര്‍ഡിനന്‍സിന്റെ കാലാവധി എട്ടിന് തീരും. നിയമസഭ പാസാക്കിയ ബില്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്കും ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ആരോഗ്യ സെക്രട്ടറിവേണം ഇതു ഗവര്‍ണര്‍ക്ക് അയക്കാന്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ എന്തു നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണ്ണായകമാകും. ഗവര്‍ണര്‍ ഒപ്പിട്ടാലും വീണ്ടും സുപ്രീം കോടതിയിലേക്ക് കാര്യം നീങ്ങും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here