”കാലായെന്നാല്‍ കറുപ്പ്…”. കറുപ്പ് -തമിഴ്മക്കളുടെ നിറത്തിലും മനത്തിലും ഒട്ടുംവെള്ളം ചേര്‍ക്കാതെ വെള്ളിത്തിരയില്‍ ‘പോരാടുക’ എന്ന സന്ദേശമുയര്‍ത്തി പുതിയ രാഷ്ട്രീയപാത വെട്ടിത്തെളിക്കാനെത്തിയതാണ് രജനിയുടെ കാലാ. 67ാം വയസിലും സ്‌റ്റെയില്‍മന്നന്റെ മാസ്മിക പ്രകടനം വെള്ളിത്തിരയില്‍ തീപാറിക്കുകയാണ്. എങ്കിലും തമിഴരുടെ മനസില്‍ കനല്‍ വീണാല്‍ ഒടുങ്ങാന്‍ ഇത്തിരി പ്രയാസമാണെന്ന പ്രതീതിയുണര്‍ത്തി, രജനിപ്പടത്തിന് തമിഴ്‌നാട്ടില്‍ കിട്ടുന്ന പതിവ് ആഘോഷസ്വീകരണത്തിന് അറുതിവന്നതായാണ് വാര്‍ത്തകള്‍.

രാവിലെ 4 മണിമുതല്‍ പാലഭിഷേകവുമായി നിറയുന്ന തമിഴ്മക്കളെ ഇന്ന് കാണാനായില്ലെന്നാണ് തമിഴ്ചാനലുകളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിത്തിരയില്‍ എല്ലാ അനീതിക്കെതിരേയും പോരാടണമെന്ന് ആഹ്വാനം ചെയ്യുന്ന ‘കാല കരികാലന്‍’ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല എന്നുതെളിയിച്ച പഞ്ച് ഡയലോഗാണ് രജനിക്ക് വിനയായത്.

തൂത്തുക്കുടിയിലെ പോലീസ് വെടിവയ്പ്പിനെ ന്യായീകരിച്ചതും ഇത്തരം സമരം തമിഴ്‌നാട്ടില്‍ വ്യവസായം വരാതാക്കുമെന്നും തമിഴര്‍ കഷ്ടത്തിലാകുമെന്നും രജനി പതിവ് വിട്ട് ആഴ്ചകള്‍ക്ക് മുമ്പ് മൊഴിഞ്ഞത് തമിഴര്‍ക്ക് വേണ്ടവിധം ദഹിക്കാതെ പോയതാണ് ‘കാലാ’യ്ക്ക് ലഭിച്ച ആഘോഷരഹിത സ്വീകരണത്തിന് കാരണം.

രാഷ്ട്രീയത്തിലിറങ്ങിയാല്‍ മുഖമന്ത്രിക്കസേരയില്‍ കുറഞ്ഞതൊന്നും രജനികാന്തിന് പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ ആ കസേരയിലെത്താന്‍ ഈ സിനിമാ പോരാട്ടത്തിന് മാത്രം കഴിയില്ലെന്ന പാഠമാണ് തന്റെ ‘ഒറ്റപ്രതികരണം’ രജനിക്ക് നല്‍കുന്ന പാഠം. ‘കാലാ’യ്ക്കും ആ രീതിയില്‍ രാഷ്ട്രീയ പിന്‍തുണ സൃഷ്ടിക്കാനാവില്ലെന്നാണ് സൂചന. പ്രമേയത്തിലും അവതരണത്തിലും പോരാട്ടമെന്ന ലക്ഷ്യം പറയുന്നെങ്കിലും തമിഴകത്ത് രാഷ്ട്രീയമാറ്റത്തിന് കളമൊരുക്കാനുള്ള കുതിപ്പിന് വഴിതെളിക്കാന്‍ ‘കാലാ’ക്ക് കഴിഞ്ഞേക്കില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

മുംബൈയിലെ തമിഴ്മക്കളുടെ അതിജീവനത്തിനായി ഒറ്റയ്ക്ക് ഇറങ്ങുന്ന കരികാലന്‍ ഒരുമിച്ചുള്ള പോരാട്ടത്തിന്റെ ആവശ്യകതയാണ് പറയുന്നത്. തീപാറുന്ന പഞ്ച് ഡയലോഗും പതിവ് സ്‌റ്റെയിലിന്റെ മൂര്‍ത്തഭാവവുമെല്ലാം രാഷ്ട്രീയപോരാട്ടത്തിന്റെ മുന്നോടി തന്നെയെന്നുറപ്പാക്കുന്നുണ്ട്. കേരളത്തില്‍ 400 ലധികം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. രാവിലെ 6 മണി മുതല്‍ തുടങ്ങിയ ഷോ എല്ലാംതന്നെ ഹൗസ്ഫുള്‍ ആണ്. കേരളത്തില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

കബാലിക്ക് ശേഷം പി. രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രണ്ടാം രജനിപ്പടം കിടുക്കിയെന്നുതന്നെയാണ് ആദ്യപ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. മസാലക്കൂട്ടുകളില്‍ അഭിരമിക്കാതെ സംവിധാകന്‍ കൈയൊപ്പ് ചാര്‍ത്തിയ ചിത്രമെന്ന നിലയിലാകും ‘കാലാ’ അറിയപ്പെടുക.

പതിവ് ആഘോഷങ്ങള്‍ കണ്ടില്ലെങ്കിലും തമിഴ്‌നാട്ടിലും ‘കാലാ’ തരംഗമാകുമെന്നുറപ്പാണ്. തമിഴര്‍ക്ക് രജനിയോടുള്ള കലിപ്പ് ‘പട’ത്തിനോട് ഏറെനേരം കാണിക്കാനാവില്ലെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകരും. കര്‍ണ്ണാടകയില്‍ റിലീസ് ചെയ്യാനായിട്ടില്ലെങ്കിലും ബോക്‌സോഫീസില്‍ ‘കാലാ’ കോടികള്‍ കുലുക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here