മാധ്യമപ്രവര്‍ത്തകരുടെ ഐ ഫോണ്‍ വിവരങ്ങള്‍ ഇസ്രായേല്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. അല്‍ ജസീറ വാര്‍ത്താ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന 36 പത്രപ്രവര്‍ത്തകരുടെയും പ്രൊഡ്യൂസര്‍മാരുടെയും എക്‌സിക്യൂട്ടീവുകളുടെയും ഐ ഫോണുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ”സീറോ-ക്ലിക്ക്” ആക്രമണം എന്നാണ് ഈ ഹാക്കിങ്ങ് അറിയപ്പെടുന്നത്. അദൃശ്യമായിത്തന്നെ ഇരകള്‍ അറിയാതെ തുറക്കപ്പെടുന്ന ലിങ്കിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. ആസ്‌ട്രേയിലായിലെ ടൊറന്റോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍ ലാബാണ് തെളിവുകള്‍ നിരത്തി ഇക്കാര്യം പുറത്തുവിട്ടത്.

അല്‍ ജസീറ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ടമെര്‍ അല്‍മിഷാലിന് തന്റെ ഫോണ്‍ ഹാക്ക് ചെയ്തിരിക്കാമെന്ന സംശയത്തെത്തുടര്‍ന്ന് അല്‍ജസീറ ടിവി തന്നെയാണ് സിറ്റിസണ്‍ ലാബിനെ ഇക്കാര്യം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്.

ഇസ്രായേല്‍ ആസ്ഥാനമായുള്ള എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് സ്‌പൈവെയറാണ് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്ക് ചെയ്തതെന്നാണ് വിവരം. ടമെര്‍ അല്‍മിഷലിന്റെ ഐഫോണില്‍ നിന്ന് ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ സ്‌പൈ വയറുകള്‍ കണക്റ്റുചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. മൈക്രോഫോണും ഫോണ്‍കോളുകളും രഹസ്യമായി റെക്കോര്‍ഡുചെയ്തിട്ടുണ്ട്. ഫോണിന്റെ ക്യാമറ ഉപയോഗിച്ച് ഫോട്ടോ പകര്‍ത്താനും ഹാക്ക് ചെയ്യപ്പെട്ടവരുടെ പാസ്വേഡുകള്‍, ഫോണിന്റെ സ്ഥാനം എന്നിവ പോലും ട്രാക്കുചെയ്യാന്‍ ഇസ്രേയലി സ്‌പൈവയറിനു കഴിഞ്ഞതായും കണ്ടെത്തി.സിറ്റിസ ലാബിന്റെ കണ്ടെത്തലുകള്‍ സ്വതന്ത്രമായി പരിശോധിച്ചിട്ടില്ലെന്നാണ് ആപ്പിള്‍ ഐ ഫോണ്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ സെപ്റ്റംബറില്‍ പുറത്തിറക്കിയ പുതിയ ഐഒഎസ് 14 -ല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും ആപ്പിള്‍ അറിയിച്ചു.

നിലവില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല വിവിധ രാജ്യങ്ങളിലെ നൂറിലധികം മനുഷ്യാവകാശ സംരക്ഷകരും പത്രപ്രവര്‍ത്തകരും സമൂഹത്തിലെ മറ്റ് അംഗങ്ങളും ഇസ്രേയലിന്റെ ഇത്തരം നിരീക്ഷത്തിലാണത്രേ. ഇവരുടെയെല്ലാം ഫോണ്‍ ഇപ്പോഴും ഹാക്ക് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here