മര്യാദ ആര്‍ക്കാണ് വേണ്ടതെന്ന ചോദ്യമാണ് പ്രസക്തം. നിരത്തില്‍ അപകടകരമായി വാഹനമോടിച്ചതിന് ‘ജോണീസ്’ ബസിനെ പോലീസ് അകത്താക്കിയത് നല്ലകാര്യമാണെങ്കിലും വൈറലായ വീഡിയോയ്ക്ക് പിന്നില്‍ മറ്റൊരു കഥയുണ്ട്.

കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലാണ് ആദ്യം വൈറലായ ജോണീസ് ബസിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ക്ലൈമാക്‌സിലൊരു ട്വിസ്റ്റ് കൂടി ഉണ്ടായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ അനങ്ങാതെ കലിപ്പടങ്ങി കിടപ്പുണ്ട് ‘ജോണീസ്’ ബസ്. അപകടകരമായി ഓടിച്ചതിനും മറ്റൊരു കാറില്‍ മുത്തംവച്ചതിനും കിട്ടി കേസുകെട്ടുകള്‍ രണ്ടെണ്ണം.

സംഭവം ഇങ്ങനെയാണെങ്കിലും തൃശൂര്‍-പാലക്കാട് റൂട്ടിലോടുന്ന ‘ജോണീസ്’ ബസിന്റെ ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള പായല്‍ ചിത്രീകരിച്ചതിനുപിന്നിലെ ലക്ഷ്യം മറ്റൊന്നായിരുന്നത്രേ. കാലങ്ങളായി പൊളിഞ്ഞടുങ്ങിക്കിടന്ന റോഡില്‍ ഗതാഗതക്കുരുക്ക് പതിവായിട്ടും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. ഇതുകണ്ട് സഹികെട്ട സമീപവാസി അജില്‍ ഈ വിഷയം ശ്രദ്ധയില്‍പെടുത്താനാണ് വഴിമാറി ഓടിക്കയറുന്ന ജോണീസ് ബസിനെ കൂട്ടുപിടിച്ചത്.

തൃശൂര്‍-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെയും അവസ്ഥ മോശമാണെന്നും അത് കാണിക്കാനാണ് വിഡിയോ പകര്‍ത്തിയത്. നീണ്ട വരിയും വലിയ കുഴികളും, യാത്രികരുടെയും ബസിന്റെയും സമയനഷ്ടവും ഒഴിവാക്കാന്‍ ആ ഡ്രൈവര്‍ക്ക് അതേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഇന്നും ഇന്നലെയും തുടങ്ങിയ ഗതികേടല്ല ഇത്.


അധികാരികളുടെ അനാസ്ഥക്ക് യാത്രക്കാര്‍ മറുവഴി തേടുന്നത് ഈ പ്രദേശത്തെ പതിവു കാഴ്ചയാണ്. അധികാരികള്‍ക്ക് സുഖയാത്ര, നികുതിയടക്കുന്ന ജനത്തിനു ദുരിതയാത്ര…ന്യായീകരിക്കാവുന്ന ഒന്നല്ലല്ലോ. എല്ലാവരും കാണട്ടെ, അറിയട്ടെ -അജില്‍ പറഞ്ഞു.

പക്ഷേ, സംഭവിച്ചത് ജോണിക്കുട്ടന്‍ അകത്തായി, അധികാരികള്‍ ഈ വഴി ഒഴിവാക്കി പതിവുപോലെ സുഖയാത്ര നടത്തുന്നുമുണ്ട്. ഇനി പറയൂ…ആര്‍ക്കാണ് മര്യാദ വേണ്ടത്?

LEAVE A REPLY

Please enter your comment!
Please enter your name here