ആ ഉറപ്പ് നേരത്തെ നല്‍കിയിരുന്നെങ്കില്‍…ക്രമസമാധാന പാലനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

0

തിരുവനന്തപുരം: രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടപ്പോള്‍ സി.പി.എമ്മിനും പിണറായി സര്‍ക്കാരിനും ലഭിച്ചത് പ്രതിച്ഛായ നഷ്ടം. ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങളെല്ലാം ജനകീയ സമരങ്ങളുടെ ചൂടില്‍ ജനമനസുകളില്‍ നിന്ന് ഒലിച്ചു പോകുന്നു.

ദിവസങ്ങള്‍ നീണ്ടുനിന്ന സമരം ഇന്നലെ രാത്രി വൈകി ഒത്തുതീര്‍പ്പാക്കിയതു വഴി വലിയൊരു രാഷ്ട്രീയ പ്രതിസന്ധി ഒഴിഞ്ഞുപോയി. ഇതു നേരത്തെ ചെയ്യാമായിരുന്നില്ലേയെന്ന ചോദ്യം ബാക്കി. ലോ അക്കാദമി സമരത്തിലടക്കം സര്‍ക്കാര്‍ നേരിട്ടത് ഇതേ ദൗര്‍ബല്യം തന്നെയാണ്. അത് ആവര്‍ത്തിക്കുന്നു. ജിഷ്ണുവിന്റെ കുടുംബം തലസ്ഥാനത്തെത്തിയതു മുതല്‍ അരങ്ങേറിയതെല്ലാം സര്‍ക്കാരിന് തിരിച്ചടിയാകുന്ന കാര്യങ്ങളായിരുന്നു.

ഡിജിപിയെ കാണാനെത്തി, ചില മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചുകൊണ്ടിരുന്ന തോക്ക് സ്വാമി പോലീസ് ജീപ്പിനുള്ളിലെത്തിയതടക്കം ഓരോ മുതലെടുപ്പുകളും വിഷയത്തില്‍ സര്‍ക്കാരിനുള്ള പിന്തുണ കുറച്ചുകൊണ്ടിരുന്നു. പിണറായി ഇരിക്കുന്ന സെക്രട്ടേറിയറ്റിനു മുന്നില്‍ പോയി സമരം ചെയ്യാന്‍ ജിഷ്ണുവിന്റെ കുടുംബത്തെ ഉപദേശിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം സംരക്ഷിച്ചത് ആരുടെ സംരക്ഷണമാണെന്ന ചോദ്യവും ബാക്കിയാകുന്നു.

അടിവയറില്‍ ചവിട്ടിന്റെ ക്ഷതവുമായി ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്കുനേരെ അതിക്രമം ഉണ്ടായിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയാല്‍ ആരു വിശ്വസിക്കും ? ന്യായീകരിച്ച് പടുകുഴിയിലേക്ക് വീണ സര്‍ക്കാരിന് ഇനിയെങ്കിലും പോലീസിനെ നിയന്ത്രിക്കാന്‍ കഴിയുമോ ? ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ട എല്ലാ ഉറപ്പുകളും നല്‍കേണ്ട ഗതികേടിലേക്ക് ഒടുവില്‍ എത്തുമ്പോള്‍, ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടിയുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here