തിരുവനന്തപുരം: ചക്ക ജാം, ചക്ക വൈന്‍ തുടങ്ങിയ ചക്ക ഉല്‍പ്പന്നങ്ങളുടെ പുതിയ മേഖലകള്‍ മലയാളികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. വീടുകളോടു ചേര്‍ന്ന പറമ്പുകളില്‍ സീസണ്‍കാലത്ത് ചക്ക ശേഖരിക്കാന്‍ ആളുകള്‍ എത്തി തുടങ്ങിയതോടെ വീണു നശിച്ചുപോകുന്ന സ്ഥിതിയും കുറഞ്ഞു തുടങ്ങി. ചുരുക്കി പറഞ്ഞാല്‍ ചക്കയ്ക്ക് നല്ലകാലത്തിന്റെ തുടക്കമായിരുന്നു. ഇനി ‘ചക്ക’ കേരളത്തിന്റെ ഔദ്യോഗിക ഫലമാണ്. ഇതുസംബന്ധിച്ച പ്രഖ്യാപനം 21ന് ഉണ്ടാകും.
ഉടമയ്ക്ക് വലിയ വിലയൊന്നും കിട്ടുന്നില്ലെങ്കിലും സീസണില്‍ പ്രതിദിനം അഞ്ചു കോടിയോളം രൂപയയുടെ ചക്ക മറ്റു സംസ്ഥാനങ്ങളിലേക്ക് വണ്ടികയറുന്നുണ്ടെന്നാണ് കണക്ക്. എറണാകുളം, ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ച് സംഭരിക്കുന്ന ചക്ക അധികം വൈകാതെ കേരളത്തില്‍ നിന്നുള്ള ചക്കയായി ബ്രാന്‍ഡ് ചെയ്യപ്പെടുമെന്നാണ് കണക്കു കൂട്ടുന്നത്. ചക്കയുടെ ഉല്‍പ്പാദനവും വില്‍പ്പനയും കൂട്ടാനുള്ള കാര്‍ഷിക വകുപ്പിന്റെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ പ്രഖ്യാപനം വരുന്നത്.
ഇതുവഴി സംസ്ഥാനം ലക്ഷ്യമിടുന്നത് 15,000 കോടി രൂപയുടെ വരുമാനമാണ്. പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന 32 കോടി ചക്കയുടെ പകുതിയും നശിച്ചുപോകുന്ന സാഹചര്യം ഒഴിവാക്കിയാല്‍ ഇതുസാധ്യമാകുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടല്‍. ഇതിനായി അമ്പലവയലില്‍ റിസര്‍ച്ച് സെന്ററും ഉടന്‍ വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here