ഇസ്രയേലില്‍ പുറത്തിറക്കിയ മദ്യക്കുപ്പികളില്‍ രാഷ്ട്ര പിതാവായ ഗാന്ധിജിയെ മദ്യ പ്രചാരകനാക്കി ചിത്രീകരിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചതായി പരാതി. ഇതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, ഇസ്രായേല്‍ പ്രധാനമന്ത്രി എന്നിവര്‍ക്ക് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ഇമെയിലില്‍ പരാതി അയച്ചു.

ഇസ്രായേലിന്റെ എഴുപത്തിഒന്നാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ടെഫെന്‍ ഇന്‍ഡസ്ട്രിയല്‍ സോണിലെ മാല്‍ക്ക മദ്യ നിര്‍മ്മാണശാലയാണ് ചരിത്ര നേതാക്കളുടെ ചിത്രമെന്ന നിലയില്‍ മറ്റു നാലു പേര്‍ക്കൊപ്പം ഇന്ത്യന്‍ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പിയില്‍ ചേര്‍ത്തത്. ചിത്രം ആലേഖനം ചെയ്ത മദ്യം ഗിഫ്റ്റ് പാക്കറ്റിലും അല്ലാതെയുമായിട്ടാണ് ഇസ്രായേലിലെ വിപണനം നടത്തി വരുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റുകള്‍ പറയുന്നു.

കൂളിംഗ് ഗ്ലാസ് ധരിച്ച് ബനിയനും ഓവര്‍ക്കോട്ടും ധരിപ്പിച്ച് കോമാളിയാക്കി ചിത്രീകരിച്ചിരിക്കുന്നത് അവഹേളനപരമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമിത് ഷിമോണി എന്നയാളാണ് ഗാന്ധിജിയുടെ ചിത്രം വികലമായി ചിത്രീകരിച്ചിരിക്കുന്നതെന്നും വെബ്സൈറ്റുകളില്‍ പറയുന്നുണ്ട്. ഇതുപ്രകാരം ഇയാളുടെ വെബ്സൈറ്റായ https://www.hipstoryart.com/ പരിശോധിച്ചപ്പോള്‍ ഗാന്ധിജിയെ കോമാളിയായി ചിത്രീകരിക്കുന്ന നിരവധി ചിത്രങ്ങളും ഉത്പന്നങ്ങളും വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിട്ടുണ്ടെന്നു കണ്ടെത്തിയതായും എബി ജെ. ജോസ് പറയുന്നു.

മദ്യത്തിനെതിരെ കര്‍ശന നിലപാടുകളുണ്ടായിന്ന രാഷ്ട്രപിതാവിനെ മദ്യ പ്രചാരകനായി ചിത്രീകരിച്ചതിനും ഗാന്ധിജിയുടെ ചിത്രം വികലമായി ചിത്രീകരിച്ചതിനുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഫൗണ്ടേഷന്‍ രാഷ്ട്ര നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ടിക് ടോക്ക് വീഡിയോയിലൂടെ ഇസ്രായേലില്‍ നിന്നും അജ്ഞാതനായ ഒരു മലയാളി പുറത്തു കൊണ്ടുവന്ന ഈ സംഭവത്തെക്കുറിച്ചു നടത്തിയ അന്വേഷണമാണ് ഗാന്ധിജിയെ അവഹേളിച്ച നടപടി കണ്ടെത്താന്‍ ഇടയാക്കിയതെന്നും എബി ജെ. ജോസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here