‘ഉതുപ്പ്’ വീണ്ടും….ഗള്‍ഫിലേക്ക് വീണ്ടും അനധികൃത സ്വകാര്യ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്; ടാര്‍ജറ്റ് 200 കോടി

0

nurses-recruitment-1ഡല്‍ഹി: കുവൈറ്റിലേക്ക് വീണ്ടും അനധികൃത സ്വകാര്യ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്. ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യ നഴ്‌സിംഗ് റിക്രൂട്ടമെന്റിന് നിരോധനം നിലനില്‍ക്കെ, ഇതര മാര്‍ഗങ്ങളിലൂടെ നിയമന തട്ടിപ്പ് നടത്താന്‍ ഇന്ത്യയില്‍ നിയമ നടപടി നേരിടുന്നവര്‍ ദുബായ് കേന്ദ്രീകരിച്ച് വീണ്ടും രംഗത്ത്.

ആയിരത്തിലധികം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തിനു പിന്നില്‍ സി.ബി.ഐയും ഇന്റര്‍പോളും തലക്കുത്തി നിന്ന് അന്വേഷിച്ചിട്ടും പിടിക്കാന്‍ സാധിക്കാത്ത പ്രതിയും കൂട്ടാളിയുമാണെന്നാണ് സൂചന. പത്രപരസ്യം ഒഴിവാക്കി സോഷ്യല്‍ മീഡിയകള്‍ വഴിയും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുമാണ് പ്രചരണം.

ദുബായിലെ അല്‍ ബൂം ടൂറിസ്റ്റിക് വില്ലേജില്‍ നവംബര്‍ 25 ന് കുവൈറ്റിലെ പ്രതിരോധ, ആരോഗ്യ മന്ത്രാലയങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ നടക്കുമെന്ന് വിവിധ ഏജന്‍സികളുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പറയുന്നു. ആരോഗ്യ വകുപ്പു വഴി നടക്കുന്ന വിദ്യാഭ്യാസ മന്ത്രാലങ്ങളിലേക്കുള്ള റിക്രൂട്ടിംഗിന് 16.5 ലക്ഷവും പ്രതിരോധ ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള റിക്രൂട്ടിംഗിന് 19.5 ലക്ഷവുമാണ് സന്ദേശങ്ങളില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.nurses-recruitment-2

1200 തസ്തികകള്‍ ഉണ്ടെന്നാണ് പരസ്യത്തിലെ ചില നമ്പറുകളില്‍ ബന്ധപ്പെട്ടവര്‍ക്ക് അറിയാന്‍ സാധിക്കുന്നത്. ബന്ധപ്പെടാന്‍ നല്‍കിയിരിക്കുന്ന വാട്‌സ്ആപ്പ് നമ്പര്‍ ഇന്ത്യയിലേതാണെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലാണ് പണം നല്‍കുന്നതെങ്കില്‍ ലക്ഷങ്ങള്‍ കൂടുതല്‍ നല്‍കേണ്ടി വരും. ഇത്തരത്തില്‍ 200 കോടിയിലധികം രൂപ സ്വരൂപിക്കാനാണ് പുതിയ നിയമ വിരുദ്ധ റിക്രൂട്ടിംഗിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ദുബായ് കേന്ദ്രീകരിച്ച് കഴിഞ്ഞ വര്‍ഷം നടത്തിയ വ്യാജ റിക്രൂട്ട്‌മെന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ കുവൈറ്റ് സര്‍ക്കാര്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചത്. കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെല്‍ത്തിലെ ഉദ്യോഗസ്ഥരെ അടക്കം സസ്‌പെന്റ് ചെയ്തിരുന്നു. കുവൈറ്റിന്റെ ദേശീയ പതാകയും മിനിസ്ട്രി ഓഫ് ഹെല്‍ത്തിന്റെ ബോര്‍ഡും ഹോട്ടലിനു മുന്നില്‍ സ്ഥാപിച്ച് ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസ്യത നേടിയായിരുന്നു അന്നത്തെ റിക്രൂട്ടിംഗ്. ഇതിനു സമാനമായ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരെയാണ് ഏജന്‍സികള്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഗള്‍ഫില്‍ സ്വന്തമായി വലിയ ബിസിനസുകളില്ലാത്ത തട്ടിപ്പ് സംഘങ്ങള്‍ക്ക് ഇത്രയും പണം കൈകാര്യം ചെയ്യണമെങ്കില്‍ വലിയ ബിസിനസ് ഗ്രൂപ്പുകളുടെ സഹായം ആവശ്യമാണ്. റിക്രൂട്ടിംഗിനെ സഹായിക്കുന്ന മലയാളി പ്രവാസി ബിസിനസുകാരെക്കുറിച്ചും അന്വേഷിക്കേണ്ടതാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here