ആലപ്പുഴ: സംസ്ഥാനത്ത് സ്പിരിറ്റ് മാഫിയ പിടിമുറുക്കി. ബാറുകളും ചില്ലറ വില്‍പ്പനശാലകളും പൂട്ടിയതോടെ, നിരത്തുകളില്‍ വാഹനങ്ങളില്‍ സ്പിരിറ്റുമായി ചുറ്റിനടന്ന് ‘പരസ്യ ലേലം വിളി’ തുടങ്ങി. അവസരം മുതലെടുത്ത് പരസ്യമായി സ്പിരിറ്റ് വില്‍ക്കുന്ന നിലയിലേക്ക് സംഘങ്ങള്‍ കടന്ന സ്ഥിതിയാണ് ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിലനില്‍ക്കുന്നത്.

എക്‌സൈസ് സംഘം കഴിഞ്ഞ രാത്രി പിടികൂടിയ തേങ്ങ നിറച്ച വണ്ടി സഞ്ചരിക്കുന്ന സ്പിരിറ്റ് വില്‍പ്പന കേന്ദ്രം?

തേങ്ങാനിറച്ച വണ്ടിയ്ക്കുള്ളില്‍ സ്പിരിറ്റ് കന്നാസുകള്‍ എത്തുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ദിവസങ്ങളായി വലവിരിച്ച് കാത്തിരുന്ന എക്‌സൈസ് സംഘം ഒടുവില്‍ പിക്കപ്പ് വാന്‍ കണ്ടത്തി. തൊണ്ടോടു കൂടിയ തേങ്ങ നീക്കം ചെയ്തപ്പോള്‍ ആയിരത്തോളം ലിറ്റര്‍ സ്പിരിറ്റ്. ഈ വാഹനങ്ങള്‍ സമീപ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ നിര്‍ത്തിയിടുന്നതും അപ്രത്യക്ഷമാകുന്നതും പതിവാണെന്നാണ് പുറത്തുവരുന്ന വിവരം.

എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സൗത്ത് സോണ്‍ സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ ദിവസങ്ങള്‍ നീണ്ട പരിശോധനയിലാണ് തഴവയ്ക്കു സമീപത്തുനിന്ന് സ്പിരിറ്റ് നിറച്ച വാഹനം പിടികൂടിയത്. തേങ്ങ നിറച്ചു നിര്‍ത്തിയിരുന്ന വാനില്‍ നിന്നും 35 ലിറ്ററിന്റെ 26 കന്നാസുകളാണ് പിടികൂടിയിരിക്കുന്നത്. പല സ്ഥലങ്ങളിലും ഈ വണ്ടി നിര്‍ത്തിയിട്ടിരുന്ന രീതിയില്‍ ഇതിനു മുമ്പ് ഈ വണ്ടി കണ്ടിട്ടുള്ളതായിട്ടാണ് ലഭിക്കുന്ന സൂചന. ആവശ്യക്കാര്‍ എത്തി സ്പിരിറ്റ് കൈപ്പറ്റുന്ന രീതിയിലായിരുന്നു ഇടപാടെന്നാണ് വിവരം.

ഈ മേഖലയില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സ്പിരിറ്റ് പിടികൂടിയിട്ടുണ്ട്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. അനികുമാര്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.വി. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ എസ്. മധുസൂദനന്‍ നായര്‍, എ.കെ. അജയകുമാര്‍, ടി.ആര്‍. മുകേഷ് കുമാര്‍, വി.എസ്. മനോജ്, ആര്‍. സുനില്‍ കുമാര്‍, ജിജിലാല്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here