കൊല്ലം: അതിശക്തമായ മഴയാണ് ഒട്ടുമുക്കാലിടങ്ങളിലും പെയ്തിറങ്ങിയത്. തോട്ടിലും നാട്ടിലും എന്നുവേണ്ട വീടുകളിലും വെള്ളം കയറി. മറുഭാഗത്ത്, വീശിയടിച്ച കാറ്റ് എല്ലാം തച്ചുനിരപ്പാക്കി. രണ്ടു ദിവസമായി പെയ്ത മഴ കാര്‍ഷിക മേഖലയ്ക്കു വലിയ നഷ്ടമാണ് സൃഷ്ടിച്ചത്. കൊറോണ വിതച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ നടുവില്‍ ഇതുകൂടി താങ്ങാനാവാത്ത സ്ഥിതിയിലാണ് വിവിധ കാര്‍ഷിക മേഖലകള്‍. ഫിഷറീസ് ഉദ്യോസ്ഥരുടെ പിടിപ്പുകേടാണ് തങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയിരിക്കുന്നതെന്നാണ് കൊല്ലത്തെ ഒരു വിഭാഗം മത്സ്യകര്‍ഷകര്‍ പറയുന്നത്.

വിളവെടുക്കാന്‍ പാകത്തിലായ കോടിക്കണക്കിനു രൂപയുടെ ചെമ്മീന്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ ഉയര്‍ന്നു പൊങ്ങിയ വെള്ളത്തില്‍ ഒഴുകിപ്പോകുന്നതു നെഞ്ചു തകര്‍ന്ന വേദനയോടെ നോക്കി നില്‍ക്കാന്‍ മാത്രമാണ് കര്‍ഷകര്‍ക്കായത്. കൊല്ലം ജില്ലയില്‍ മാത്രം കോടികളുടെ നഷ്ടമാണ് മത്സ്യകര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. ഉള്‍നാടന്‍ മത്സ്യകൃഷി നല്ലരീതിയില്‍ നടന്നിരുന്ന മണ്‍ട്രോതുരുത്ത്, കൊട്ടിയം, പരവൂര്‍ തുടങ്ങിയ മേഖലകളിലെ കര്‍ഷകര്‍ ഇതോടെ എടുത്തെറിയപ്പെട്ടിരിക്കുന്നത് വലിയ പ്രതിസന്ധിയിലേക്കാണ്. ജനുവരി തുടങ്ങി മേയ് മാസത്തില്‍ വിളവെടുക്കാന്‍ പാകമായ മത്സ്യങ്ങളാണ് ഇവര്‍ക്ക് നഷ്ടമായത്. ചെറുതും വലുതുമായ നിരവധി മത്സ്യകര്‍ഷകരാണ് ഈ മേഖലയിലുള്ളത്.

മൂന്നു മുതല്‍ അഞ്ചു വരെ ഏക്കര്‍ സ്ഥലത്തു കൃഷി ഇറക്കി, മൂന്നു ടണ്‍വരെ ചെമ്മീന്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് വെള്ളം പൊങ്ങിയപ്പോള്‍ വിളവിന്റെ നാലിലൊന്നു ഭാഗം പോലും സംരക്ഷിച്ചു നിര്‍ത്താനായില്ല. വായ്‌പെയെടുത്തും ഉള്ളതെല്ലാം വിറ്റും എട്ടും പത്തും ലക്ഷം ചെലവിട്ടവര്‍ ഇനി ഞങ്ങളെന്തു ചെയ്യണമെന്ന് വിലപിക്കുന്നു. മുപ്പതും അമ്പതും ലക്ഷം രൂപവരെ ഇറക്കി കൃഷിചെയ്തവര്‍ എല്ലാം തകര്‍ന്ന നിലയിലാണ്. വെള്ളത്തില്‍ ഒഴുകിപ്പോയത് വിയര്‍പ്പും കണ്ണൂരും മാത്രമല്ല, നിലനില്‍പ്പു കൂടിയാണെന്ന് പരവൂര്‍ അക്വാ ഹെവന്‍ ഫാം ഉടമ അശ്വിന്‍ പരവൂര്‍ പറഞ്ഞു.

മത്സ്യകൃഷിയിലൂടെലുള്ള മത്സ്യ ഉല്‍പ്പാദനം കൂട്ടാന്‍ പല പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഇവയെല്ലാം കൊല്ലം ജില്ലയിലുമുണ്ട്. എന്നാല്‍, മത്സ്യകൃഷി പ്രദേശത്ത് അമിതമായി വെള്ളം കയറുന്ന സാഹചര്യം ഒഴിവാക്കാന്‍ യാതൊരു നടപടികളും പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കൃത്യസമയത്ത് പൊഴി മുറിക്കാനോ, തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാനോ ജില്ലാ ഭരണകൂടമോ ഫിഷറീസ് ഉദ്യോഗസ്ഥരോ തയ്യാറായില്ലെന്നാണ് കര്‍ഷകരുടെ പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here