ശബരിമല: വിധിക്കെതിരെ സ്ത്രീകള്‍ തെരുവില്‍, പ്രതിഷേധം കനക്കുന്നു, കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാരും

0

ശബരിമല സ്ത്രീ പ്രവേശവിഷയത്തില്‍ പ്രതിഷേധം കനക്കുന്നു. കേരളത്തില്‍ സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ ആരംഭിച്ച പ്രതിഷേധം മറ്റു സ്ഥാനങ്ങളിലേക്കും വ്യാപിച്ചു. വിശ്വാസികള്‍ ശബ്ദം കടുപ്പിച്ചതോടെ ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ നിലപാട് മാറ്റി.

പ്രതിഷേധക്കാര്‍ക്കൊപ്പം ഹൈന്ദവ സംഘടനകളും സമരത്തില്‍ അണിചേരുമെന്ന് ഉറപ്പായതോടെ സുപ്രീം കോടതി വിധി നടപ്പാക്കാനുറപ്പ് മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ വെല്ലുവിളികള്‍ ഏറുകയാണ്. വിധി നടപ്പാക്കി ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനു പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തീരുമാനിച്ചിരുന്നു. റിവ്യൂ ഹര്‍ജി നല്‍കുന്നതു പരിഗണിക്കുമെന്ന് ആദ്യം പറഞ്ഞ ദേവസ്വം അക്കാര്യം ഉപേക്ഷിച്ചു. പിന്നാലെയാണ് പ്രതിഷേധ സ്വരങ്ങള്‍ വിശ്വാസികള്‍ കടുപ്പിച്ചത്.

പന്തളത്ത് കഴിഞ്ഞ ദിവസം സ്ത്രീകളുടെ വലിയ സാന്നിദ്ധ്യമാണ് പ്രതിഷേധ പരിപാടിയില്‍ കണ്ടത്. പിന്നീട് ഇത് ഏരുമേലിയിലും കണ്ടു. എരുമേലയില്‍ സംഘടിച്ചവര്‍ക്ക് പിന്തുണയുമായി സമീപമുള്ള വാവരു പള്ളിയില്‍ നിന്നും ആളുകളെത്തി. തിരുവനന്തപുരത്തും ഭക്തസംഗമം നടന്നു. പ്രതീക്ഷിച്ചതിലപ്പുറമായിരുന്നു എല്ലാ സ്ഥലത്തെയും സ്ത്രീ പങ്കാളിത്തം. വരും ദിവസങ്ങളില്‍ പ്രാദേശികമായി എല്ലാ ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് കൂട്ടായ്മകളിലൂടെ കടുത്ത പ്രതിഷേധം ഉയര്‍ത്താനാണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം. സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും ഇതിനുള്ള ആഹ്വാനങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ആര്‍.എസ്.എസ് നിലപാട് മാറ്റിയതിനു പിന്നാലെ എളമക്കരയിലെ ആര്‍.എസ്.എസ്. കാര്യാലയത്തില്‍ തിങ്കളാഴ്ച ഹൈന്ദവ സംഘടനകളുടെ യോഗം ചേരുന്നുണ്ട്. പ്രത്യക്ഷ സമരത്തിന്റെ പ്രഖ്യാപനം യോഗം കൈക്കൊള്ളുമെന്നാണ് സൂചന. ഇതിനിടെ, വിധിക്കെതിരെ ക്ഷേത്ര വിശ്വാസികളുടെ പ്രതിഷേധം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി.

കഴിഞ്ഞ ദിവസം തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിശ്വാസികള്‍ പ്രതിഷേധ സ്വരം ഉയര്‍ത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here