പോള പൂജയ്ക്കുവന്ന കാള ഒന്നര ലക്ഷത്തിന്റെ താലി വിഴുങ്ങി, ഒരാഴ്ചയ്ക്കുശേഷം വയറു കീറി പുറത്തെടുത്തു

0

മുംബൈ: പോള പൂജയ്ക്ക് എത്തിയ കാള വീട്ടമ്മയുടെ താലി മാല അകത്താക്കി. ഒന്നര ആഴ്ച ചാണകം പരിശോധിച്ചു കാത്തിരുന്നു. ഒടുവില്‍ കാളയ്ക്ക് ശസ്ത്രക്രിയ നടത്തി മാല പുറത്തെടുത്തു.

മഹാരാഷ്ട്രയിലെ പ്രശസ്തമായ ആഘോഷമാണ് പോള. വീട്ടിലുള്ള സ്വര്‍ണാഭരണങ്ങള്‍ ഒരു താലത്തിലാക്കി കാളയുടെ തലയില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നതാണ് ആചാരം. അഹമ്മദ്‌നഗറിലെ റെയ്റ്റി വാഗപൂര്‍ ഗ്രാമത്തില്‍ കര്‍ഷകനായ ബാബു റാവു ഷിന്‍ഡയും ഭാര്യയുമാണ് ആഘോഷത്തിനിടെ പുലിവാലു പിടിച്ചത്.

ഒന്നര ലക്ഷം രൂപയോളം വിലയുള്ള താലിമാല കാളയെകൊണ്ട് തൊടുവിച്ച് അനുഗ്രഹം വാങ്ങാനൊരുങ്ങുന്നതിനിടെ കറന്റ് പോയി. മാല കാളയുടെ മുന്നിലിരുന്ന മധുരചപ്പാത്തി നിറച്ച പാത്രത്തില്‍ വച്ചശേഷം മൊഴുകി തിരിയെടുക്കാന്‍ പോയ ഷിന്‍ഡയുടെ ഭാര്യ ഞെട്ടി. ചപ്പാത്തിയും താലി മാലയും കാള കാലിയാക്കിയിരിക്കുന്നു.

കാളയുടെ വായില്‍ കൈയിട്ടുനോക്കിയിട്ടൊന്നും രക്ഷ കിട്ടിയില്ല. ചാണകം പരിശോധിക്കുന്നത് ഒരാഴ്ച തുടര്‍ന്നു. ഒടുവിലാണ് കാളയക്ക് ശസ്ത്രക്രിയ നടത്തി മാല പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here