റെയ്ഡുകള്‍ ഇവിടെയും ഞെരുക്കി: പണം കിട്ടാതെ വലഞ്ഞോ സ്ഥാനാര്‍ത്ഥികള്‍ ?

0

തെരഞ്ഞെടുപ്പ് ഏതായാലും ‘ഫണ്ട്’ ഇറക്കാന്‍ ആളെക്കിട്ടിയില്ലെങ്കില്‍ പാര്‍ട്ടികള്‍ വലയുമെന്നതില്‍ തര്‍ക്കമില്ല. ഒളിഞ്ഞും തെളിഞ്ഞും വന്‍കിടകോര്‍പറേറ്റ് കമ്പനികള്‍ മുതല്‍ പാറമടകള്‍ വരെ പണംവാരിയെറിഞ്ഞ് രാഷ്ട്രീയപ്പാര്‍ട്ടികളെ സഹായിക്കാറുണ്ട്. സംഭാവനകള്‍ കൂമ്പാരമാകുന്നതനുസരിച്ചാണ് വിജയിച്ചു വരുന്ന പാര്‍ട്ടിയുടെ നിര്‍ലോഭ സഹായം തുടര്‍ന്നും ലഭിക്കുകയെന്നത് പരസ്യമായ രഹസ്യമാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിലെ പ്രചരണരംഗം ‘കൊഴുപ്പിക്കുന്ന’ പണാധിപത്യത്തിന് ഇത്തവണ ചെറിയ രീതിയിലെങ്കിലും കുറവുസംഭവിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് കമ്മിഷന്റെയും കേന്ദ്ര ഏജന്‍സിയുടെയും റെയ്ഡുകള്‍ തന്നെയാണ് പണപ്പെട്ടികള്‍ കുറയാന്‍ ഒരു കാരണം. .

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹെലികോപ്റ്ററിലെ പെട്ടി പരിശോധിച്ച ഉദ്യോഗസ്ഥന്‍ തെറിച്ചെങ്കിലും ഇത്തവണത്തെ റെയ്ഡ് നടപടികളുടെ കടുപ്പംതന്നെയാണ് ആ സംഭവം തെളയിക്കുന്നതും. അപ്പൊ, പ്രതിപക്ഷകക്ഷികളുടെ കാര്യം പറയേണ്ടതില്ലല്ലോ. കോണ്‍ഗ്രസ് അടക്കമുള്ള പ്രമുഖ കക്ഷികളുടെ കാര്യം പറയേണ്ടതില്ലല്ലോ. അടുത്തിടെ ഹിറ്റായ രാഷ്ട്രീയ സിനിമായിലെ നായകന്‍ തെരഞ്ഞെടുപ്പിലെ ഫണ്ട് വരവിനെ കൈയ്യൂക്ക് കൊണ്ട് തടയുന്ന രംഗങ്ങളുണ്ട്. പക്ഷേയിവിടെ ഹീറോയായത് റെയ്ഡുകളാണ്.

കേരളത്തിലാകട്ടെ, മണ്ഡലത്തില്‍ ചെലവിനുള്ള കാശുപോലും പാര്‍ട്ടി തന്നില്ലെന്ന് സ്ഥാനാര്‍ത്ഥികള്‍ അടക്കം പറയുന്നുണ്ട്. സ്വന്തം പാര്‍ട്ടി ഫണ്ട് തന്നില്ലെന്ന് പരസ്യമായി പ്രതികരിച്ചവരുമുണ്ട്. അവിടെ മാത്രമല്ല, എല്ലാ മണ്ഡലത്തിലും ഇതായിരുന്നു ഇത്തവണത്തെ സ്ഥിതിയെന്ന് സംസ്ഥാന നേതാവിന്റെ മറുപടി വാചകങ്ങള്‍ക്കിടയില്‍ വ്യക്തവുമാണ്. ഇതു ശരിവയ്ക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും വന്നു തുടങ്ങിയിട്ടുമുണ്ട്.

ശക്തമായ ത്രികോണത്തില്‍ കൊഴുപ്പു കുറയാതിരിക്കാന്‍ സ്വരുക്കുട്ടിയവയ്‌ക്കൊന്നും വാടക കൊടുക്കാനാളില്ലാത്ത സ്ഥിതിയാണ് പലയിടത്തും. വാടക കിട്ടാതെ ഒഴിയില്ലെന്ന് സാധനത്തിന്റെ ഉടമകളും ശഠിക്കുന്നതോടെ താല്‍ക്കാലിക പാര്‍ട്ടി ഓഫീസുകളും അതിനുള്ളിലെ സാമഗ്രികളും അതേപടി കുറച്ചു ദിവസം തുടരാനുള്ള സാധ്യതയാണ് പലയിടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here