പെട്രോള്‍ ലിറ്ററിന് 27 രൂപ നികുതി കിട്ടുന്നത് സര്‍ക്കാര്‍ വേണ്ടെന്ന് വയ്ക്കില്ല, ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലേക്ക്

0
6

കൊച്ചി: നികുതി പിരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നതിനിടയില്‍ ഇന്ധന വില കുതിക്കുന്നു. ഒപ്പം സാധാരണക്കാരുടെ ദുരിതം വര്‍ദ്ധിപ്പിച്ച് നിത്യോപയോഗ സാധാനങ്ങളുടെ വിലയും.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പെട്രോള്‍ വില 75 നു മുകളിലെത്തി. ഡീസല്‍ വില 67 കടന്നു. പുതിയ രീതിയില്‍ ആരും ശ്രദ്ധിക്കാതെ ദിവസവും 20-30 പൈസ കൂടുന്നത് തുടര്‍ന്നാല്‍ വന്‍ പ്രത്യാഘാതം പൊതുവിപണിയില്‍ ഉണ്ടാകുമെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ആറു മാസം മുമ്പ് ദിവസം വില മാറുന്ന രീതി നടപ്പാക്കുമ്പോള്‍ പെട്രോളിന് 68.53 രൂപയും ഡീസലിന് 58.70 രൂപയുമായിരുന്നു. ഭൂരിഭാഗം ദിവസങ്ങളിലും വില കൂടുകയാണ് ചെയ്തിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് വിലക്കുറവിന്റെ നേട്ടം കിട്ടിയില്ലെന്നു മാത്രമല്ല, അധിക ഭാരം ചുമക്കേണ്ടിയും വന്നിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറയ്ക്കാന്‍ തയാറായിട്ടും സംസ്ഥാനത്ത് അത്തരമൊരു നടപടി ഉണ്ടായിട്ടില്ല. കര്‍ണാടകയില്‍ പെട്രോളിന് അഞ്ചും ഡീസലിന് നാലും രുപ കേരളത്തിലേതിനെക്കാളും കുറവാണ്. വില വര്‍ദ്ധനവ് തുടര്‍ന്നാല്‍ കേരളം ഇതുവരെ കണ്ട ഉയര്‍ന്ന ഇന്ധന നിരക്കായ 77 ഉടനെ കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനനുസരിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലയിലും പൊതു വിപണിയില്‍ ഉയര്‍ച്ച ഉണ്ടാകുന്നത് സാധാരണക്കാരുടെ നട്ടെല്ല് ഒടിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here