തായ്ലന്റിലെ അറുപതുകാരനായ മത്സ്യതൊഴിലാളിയായ നാരിസ് സുവന്നസാങിനെ ഒറ്റരാത്രി കൊണ്ട് കോടീശ്വരനാക്കി മാറ്റിയിരിക്കുകയാണ് കടലമ്മ. കൊറോണക്കാലത്ത് രാവിലെ കടപ്പുറത്തു കൂടിയുള്ള സ്ഥിരം നടത്തത്തിനിടയിലാണ് നാരിസ് സുവന്നസാങിനെത്തേടി അപൂര്‍വ്വ ഭാഗ്യമെത്തിയത്. സുവന്നസാങ് കടല്‍തീരത്ത് കൂടി നടക്കുമ്ബോഴാണ് ഒരു വസ്തുകാലില് തട്ടുന്നത്.
കണ്ടു പരിചയമില്ലാത്ത വസ്തു മണ്ണ് മൂടിയാണ് കിടന്നിരുന്നത്. നല്ല ഭാരം തോന്നിയത് കൊണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആ വസ്തു മറ്റൊരിടത്തേക്ക് മാറ്റി. പിന്നീട് നടത്തിയ പരിശോധനയിലാണ് പൊന്നും വിലയുള്ള തിമിംഗലത്തിന്റെ ഛര്‍ദി അഥവാ അംബര്‍ഗ്രിസാണ് തനിക്ക് ലഭിച്ചതെന്ന് തൊഴിലാളി മനസിലാക്കുന്നത്.100 കിലോഗ്രാം തൂക്കമുണ്ടായിരുന്നു അതിന്. ഏകദേശം 23 കോടി രൂപയായിരുന്നു വില. വയറിനകത്ത് എത്തുന്ന കട്ടിയുള്ളതും മൂര്‍ച്ചയുള്ളതുമായ വസ്തുക്കളെ ആവരണം ചെയ്യാനാണ് തിമംഗലത്തിന്റെ ശരീരത്തില്‍ അംബര്‍ഗ്രീസ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.
വിലകൂടിയ പെര്‍ഫ്യൂമുകള്‍ ഉണ്ടാക്കാന്‍ ഇത് ഉപയോഗിക്കുന്നുവെന്നതാണ് ഇത്രയും വിലക്ക് കാരണം. കടലിലെ നിധിയെന്നാണ് അംബര്‍ഗ്രീസ് അറിയപ്പെടുന്നത് തന്നെ. എന്തായാലും തനിക്ക് കിട്ടിയ നിധിയെ കുറിച്ച് ഉടന്‍ തന്നെ നാരിസ് പോലീസില്‍ അറിയിച്ചു. ലോകത്ത് കണ്ടെത്തിയതില്‍ ഏറ്റവും വലിയ അംബര്‍ഗ്രിസ് പീസാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.