വെള്ളിത്തിരയിലെ താരങ്ങള്‍ക്ക് രാഷ്ട്രീയ വളക്കൂറുള്ള മണ്ണാണ് തമിഴകം. കമല്‍ഹാസനും രജനികാന്തും അങ്കത്തട്ടിലിറങ്ങുന്നതിനു പിന്നാലെ കേരളത്തിലും ‘താരരാഷ്ട്രീയം’ സജീവമായേക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കേരളത്തിലെ ഇടത് വലത് മുന്നണികളിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യമാണ് ഒരു രാഷ്ട്രീയബദലിലേക്കുള്ള വഴിതുറക്കുന്നത്.
ഇടതുപക്ഷ രാഷ്ട്രീയത്തോട് കൂറുള്ള നടനും പൊതുപ്രശ്‌നങ്ങളില്‍ നിരന്തരം അഭിപ്രായം പങ്കുവയ്ക്കുന്നയാളുമായ ജോയ് മാത്യുവാണ് ഇത്തരമൊരുനീക്കത്തെക്കുറിച്ചുള്ള ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. പിണറായി സര്‍ക്കാരിലുള്ള ജനങ്ങളുടെ പ്രതീക്ഷ അസ്തമിച്ചെന്നും കേരളത്തിലെ ഇടത്‌വലത് ബി.ജെ.പി കാഴ്ചപ്പാടുകളില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ ബദല്‍ രൂപപ്പെടേണ്ടതുണ്ടെന്നും ‘മീഡിയാവണ്‍’ ചാനലിന്റെ അഭിമുഖത്തില്‍ പറഞ്ഞതായാണ് വാര്‍ത്ത. ഇതാണ് കേരളത്തിലും ‘താരരാഷ്ട്രീയ’ത്തിന്റെ സൂചന നല്‍കുന്നത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സിനിമാക്കാര്‍ക്ക് അത്രയധികം വിജയം കാണാനായിട്ടില്ല. പ്രേംനസീറും മുരളിയുമടക്കമുള്ള താരങ്ങള്‍ക്ക് കയ്‌പ്പേറിയ അനുഭവമാണുണ്ടായത്. എന്നാല്‍ നടന്‍ ഇന്നസെന്റും മുകേഷും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായി വിജയംനേടിയിട്ടുണ്ട്. രാഷ്ട്രീയമായി സ്വതന്ത്ര്യഅഭിപ്രായങ്ങളോ കാഴ്ചപ്പാടോ പങ്കുവയ്ക്കാത്തവരാണ് ഇരുവരും. എന്നാല്‍ ജോയ്മാത്യു അങ്ങനെയല്ല. നിരന്തരം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അപചയങ്ങളെ തുറന്നുകാട്ടുന്ന അദ്ദേഹത്തെ പ്രതിരോധിക്കാന്‍ ഇടതുപക്ഷ നേതാക്കള്‍ക്കോ ഇടത് ന്യായീകരണത്തൊഴിലാളികള്‍ക്കോ ആയിട്ടില്ല.
സത്യസന്ധമായ കാഴ്ചപ്പാടുകള്‍ ഭയമില്ലാതെ പറയുന്ന ജോയ്മാത്യുവിന്റെ അഭിപ്രായങ്ങള്‍ക്ക് നവമാധ്യമങ്ങളില്‍ നല്ല സ്വീകാര്യതയുണ്ട്. വലിയൊരു വിഭാഗം ഇടതുപക്ഷഅനുഭാവികളും യുവതലമുറയും ജോയ്മാത്യുവിനെ ഫെയ്‌സ്ബുക്കില്‍ പിന്‍തുടരുന്നുമുണ്ട്.
വെള്ളിത്തിരയിലെ പ്രമുഖരാരുംതന്നെ രാഷ്ട്രീയം പറഞ്ഞ് അധികാരവര്‍ഗത്തിന്റെ വെറുപ്പ് സമ്പാദിക്കാറില്ല. ജോയ്മാത്യു, ശ്രീനിവാസന്‍, അലന്‍സിയര്‍ എന്നിങ്ങനെ വളരെച്ചുരുക്കംപേരാണ് പിണറായി വിജയന്റെ പേരുപോലും പറഞ്ഞ് വിമര്‍ശിക്കാന്‍ ധൈര്യപ്പെടാറുള്ളത്. കൊലപാതക രാഷ്ട്രീയവും അഴിമതിക്കാരായ നേതാക്കളെ വെള്ളപുതപ്പിക്കാന്‍ ശ്രമിക്കുന്നതും സി.പി.എമ്മിനോടുള്ള മമത കുറച്ചിട്ടുണ്ട്. ഇടതുപക്ഷത്തോടുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന നിലപാടുകളും പ്രസ്ഥാവനയുമായി നേതാക്കള്‍ നിരന്തരം രംഗത്തുവരികയാണ്.
ബംഗാള്‍ കൈവിട്ടുപോകുന്ന സാഹചര്യത്തിലും പാര്‍ട്ടിയാണ് ശരിയെന്ന് ആവര്‍ത്തിച്ച് പ്രസംഗങ്ങളില്‍ നിറഞ്ഞ നേതാക്കള്‍ ഒന്നും പഠിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന അവസ്ഥയാണ്. ത്രിപുരയിലും പ്രതീക്ഷവേണ്ടെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം. കേരളത്തിലും ജനപിന്തുണയുള്ള ഇടതുനേതാക്കള്‍ വംശനാശത്തിന്റെ വക്കിലാണ്.

നേതാക്കളും മക്കളും കോടികള്‍ അമ്മാനമാടി സുഖിച്ചുജീവിക്കുന്നതും കൊടികെട്ടാനിറങ്ങി വെട്ടിമരിക്കുന്ന സാധാരണക്കാരന്റെ കുടുംബങ്ങളിലെ അവസ്ഥയും താരതമ്യംചെയ്ത ശ്രീനിവാസന്റെ അഭിപ്രായത്തിന് വന്‍സ്വീകാര്യതയാണ് ഷുഹൈബ് വധത്തിനുശേഷമുണ്ടായത്. ഈ സാചഹര്യത്തിലാണ് ജോയ്മാത്യു രാഷ്ട്രീയബദല്‍ ഉണ്ടാക്കാനുള്ള ആലോചനയിലാണെന്ന വിവരം പുറത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here