അണലിയെയും മൂര്‍ഖനെയും പിടിക്കാന്‍ ഒപ്പം കൂടി, തട്ടുകടയില്‍ നിന്ന് കപ്പയും ചിക്കനും കഴിച്ചു…. വാവയ്‌ക്കൊപ്പമുണ്ടായിരുന്നത് മറക്കാനാവാത്ത മണിക്കൂറുകളെന്ന് മൈക്കിയും ക്രിസ്റ്റിയും

0

തിരുവനന്തപുരം: ‘ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിച്ച മണിക്കൂറുകള്‍….’ രാവിലെ മുതല്‍ ഉച്ചവരെ വാവാ സുരേഷിനൊപ്പം ചെലവിഴിച്ച മൈക്കിയും ക്രിസ്റ്റിയും മടങ്ങുമ്പോള്‍ പറഞ്ഞതിങ്ങനെ. ഫോണ്‍ വിളിക്കനുസരിച്ച് പല ജില്ലകളിലായുള്ള തന്റെ യാത്രയ്‌ക്കൊപ്പം കൂട്ടുന്നതിലെ ബുദ്ധിമുട്ട് വിവരിച്ച വാവാ സുരേഷ് മടങ്ങാന്‍ നിര്‍ദേശിച്ചില്ലായിരുന്നെങ്കില്‍ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും അവര്‍ ഒപ്പം തങ്ങുമായിരുന്നു. തീരാത്ത ആഗ്രഹവുമായി അമേരിക്കയിലെ ഫ്‌ളോറിടയില്‍ നിന്ന് അവര്‍ എത്തിയത് അതിനാണ്.
സോഷ്യല്‍ മീഡിയ വഴിയും ചില സുഹൃത്തുകളില്‍ നിന്നുമാണ് മൈക്കി വാവാ സുരേഷിനെക്കുറിച്ച് അറിഞ്ഞത്. പാമ്പുകള്‍ക്കൊപ്പമുള്ള ഫേസ് ബുക്കിലെ ചിത്രങ്ങളും വീഡിയോകളും ദമ്പതികളെ വാവയുടെ കടുത്ത ആരാധകരാക്കി. അതിനാല്‍ തന്നെ ഈ വര്‍ഷത്തെ യാത്ര ഇരുവരും ഇന്ത്യയിലേക്കാക്കി. ജയ്പ്പൂരില്‍ വഴി കൊച്ചിയിലെത്തിയശേഷം കഴിഞ്ഞ ആഴ്ചയില്‍ വാവാ സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടു.
മുന്‍കൂട്ടി നിശ്ചയിച്ച വാവാ സുരേഷിന്റെ പരിപാടികള്‍ കാരണം കൂടിക്കാഴ്ച ഈയാഴ്ചയിലേക്ക് നീണ്ടു. ഇതിനിടെ, എറണാകുളത്തെയും ആലപ്പുഴയിലെയും ടൂറിസം കേന്ദ്രങ്ങള്‍ക്കൊപ്പം മണ്ണാറശാലയിലും ഇരുവരും സന്ദര്‍ശിച്ചു. തിരുവനന്തപുരത്തെത്തി, വഞ്ചിയൂരില്‍ തങ്ങിയ ദമ്പതികളെ വാവാ സുരേഷ് ഹോട്ടലിലെത്തി കണ്ടു. സുരേഷിനെക്കുറിച്ച് അറിഞ്ഞതോടെ നാട്ടില്‍ ജനങ്ങള്‍ കൊല്ലാന്‍ ശ്രമിക്കുന്ന വെനമില്ലാത്ത പാമ്പുകളെ രക്ഷിച്ച് കാട്ടിലെത്തിക്കാന്‍ തുടങ്ങിയ മൈക്കിക്ക് വാവയുടെ വീടും പ്രവര്‍ത്തനങ്ങളും എല്ലാം കാണണം, അറിയണം. പിന്നെ കുറച്ചു ദിവസം കൂടെ താമസിക്കണം.
അങ്ങനെയാണ് ഇരുവരും വാവയ്‌ക്കൊപ്പം ശ്രീകാര്യത്തെ വീട്ടിലെത്തിയത്. പാമ്പുകളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ, മൈക്കി പറഞ്ഞു, ‘ഇന്ത്യയിലെ പാമ്പുകളില്‍ തനിക്കിഷ്ടം ചേരയെയാണ്. … കാട്ടു പാമ്പിനെ കാണണം….’
ചായ കുടിക്കുന്നതിനിടെ, വാവാ സുരേഷിനെ തേടിയുള്ള ഫോണ്‍ വിളി എത്തി. കണിയാപുരത്തിനടുത്ത് ഒരു വലയില്‍ അണലി കുടുങ്ങി കിടക്കുന്നു. ഇരുവരും ഒപ്പം പുറപ്പെട്ടു. അവിടെ നിന്ന് പോത്തന്‍കോട്ടെ അരിക്കടയില്‍ കയറിയ കുട്ടി മൂര്‍ഖന്റെ അടുത്തേക്ക്. പിന്നീട് വഴിയോരത്ത് അല്‍പ്പം വിശ്രമം. ഇതിനിടെ തട്ടു കടയില്‍ നിന്ന് തനി നാടന്‍ കപ്പയും ചിക്കന്‍ കറിയും. ടൂറിസ്റ്റുകള്‍ക്കുള്ള സ്‌പൈസി ഫുഡുകള്‍ക്കിടെ ലഭിച്ച നാടന്‍ ഭക്ഷണം തിരുവനന്തപുരത്തോടുള്ള ഇരുവരുടെയും താല്‍പര്യവും വര്‍ദ്ധിപ്പിച്ചു.
‘ ഇനിയും ഞങ്ങള്‍ വരും, വാവയ്‌ക്കൊപ്പം രണ്ടു മൂന്നു ദിവസമെങ്കിലും ചെലവഴിക്കാന്‍…’ മടങ്ങുന്നതിനു മുമ്പേ ഇതിനുള്ള സമ്മതവും ഇരുവരും നേടി. ഒപ്പം ഒരു സംശയവും തീര്‍ത്തു. വാവയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുമ്പോള്‍ സന്ദര്‍ശനം കൂട്ടുകാര്‍ അറിയും. കൂടുതല്‍ പേര്‍ തേടി വന്നാല്‍ ബുദ്ധിമുട്ടാകുമോ ?
ആറായിരം മുതല്‍ ഒരു കോടി രൂപവരെ നല്‍കി, പെരുമ്പാമ്പിനെ അടക്കം സ്വന്തമാക്കി വീട്ടില്‍ വളര്‍ന്ന തന്റെ നാട്ടിലേക്ക് വാവയെ ക്ഷണിക്കാനും മടങ്ങുന്നതിനു മുമ്പ് ഇരുവരും മറന്നില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here