പ്രയോജനമുണ്ട് സാര്‍, സോഷ്യല്‍മീഡിയാ കൂട്ടായ്മകള്‍കൊണ്ട്…

0
2

സോഷ്യല്‍ മീഡിയാ കൂട്ടായ്മകളെകൊണ്ട് എന്തുപ്രയോജനമെന്നു ചോദിക്കുന്നവര്‍ക്കു മുന്നില്‍ ഇതാ മറ്റൊരു മാതൃക കൂടി. ശബരിമല കാനനപാതയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ക്ഷണിക്കുകയാണ് ഫെയ്‌സ്ബുക്ക് കൂട്ടായ്മ ‘സഞ്ചാരി’. വരുന്ന 21 ഞായറാഴ്ച എരുമേലിയില്‍ നിന്നുള്ള കാനനപാതയിലെ 7 കിലോമീറ്ററോളം ദൂരം വൃത്തിയാക്കാനുള്ള അനുമതിയാണ് വനംവകുപ്പ് അധികൃതര്‍ നല്‍കിയിട്ടുള്ളത്. ഈ കൂട്ടയ്മയാകട്ടെ മുന്‍വര്‍ഷങ്ങളിലും ഇത്തരം ശ്രമങ്ങള്‍ നടത്തിയവരാണ്. ഇതൊരു വിനോദയാത്രയല്ല, സേവനമാണ് എന്നോര്‍മ്മപ്പെടുത്തിയാണ് ‘സഞ്ചാരി’ ഗ്രൂപ്പ് അംഗങ്ങളെ ക്ഷണിച്ചിരിക്കുന്നത്.

പ്രമുഖരെ കളിയാക്കി ട്രോളിറക്കാനല്ലാതെ സോഷ്യല്‍ മീഡിയാ കൂട്ടായ്മകള്‍ കൊണ്ട് എന്തുപ്രയോജനമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ചോദിച്ചിരുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നയിക്കുന്ന ശ്രീജിത്തിന് പിന്തുണയര്‍പ്പിച്ച് കഴിഞ്ഞദിവസം നടന്ന സോഷ്യല്‍മീഡിയാ കൂട്ടായ്മയിലെ ആള്‍ക്കൂട്ടം മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെ ഞെട്ടിപ്പിച്ചിരുന്നു.

കാനനപാതയിലെ മാലിന്യം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ‘സഞ്ചാരി’ ഗ്രൂപ്പ് പോസ്റ്റ് ചെയ്തത്:

” പ്രിയ സഞ്ചാരികളെ,

മുന്‍വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും നമ്മള്‍ ശബരിമല കാനനപാതയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കാനായി ഇറങ്ങി തിരിക്കുകയാണ്.

ഫോറെസ്റ്റ് ഡിപ്പാര്‍ട്‌മെന്റും വനസംരക്ഷണസമിതിയും ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് സഞ്ചാരി കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മറ്റ് യൂണിറ്റുകളുടെ സഹകരണത്തോടെ ജനുവരി 21ആം തീയതി ഞായറാഴ്ച രാവിലെ 8. 30ന് എരുമേലിയില്‍ തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു.

പരമ്പരാഗതമായ കാനനപാതയിലെ 7 കിലോമീറ്ററോളം വരുന്ന ഭാഗമാണ് നമുക്ക് ക്ലീന്‍ ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുന്നത്. കാല്‍നടയായി പോയി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ നമ്മള്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ആത്മാര്‍ത്ഥമായി ചെയ്തതാണ്, ഇത്തവണ വനംവകുപ്പിന്റെ പെര്‍മിഷന് പോയപ്പോള്‍ ഉദ്യോഗസ്ഥര്‍ നമ്മളെ അതിന് അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാല്‍ ഇത്തവണയും വളരെ ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ സഞ്ചാരി അംഗങ്ങളെ സ്വാഗതം ചെയ്യുന്നു.

പ്രകൃതിയോടൊപ്പം ഒരു സഞ്ചാരം എന്ന ടാഗ്ലൈന്‍ ഉള്ള നമ്മുടെ ഗ്രൂപ്പിലെ അംഗങ്ങളോട് വനത്തിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യണ്ടതിന്റെ ആവശ്യകത പറഞ്ഞ് മനസിലാക്കേണ്ടതില്ലല്ലോ.നമ്മുടെ റൈഡുകളിലും സാമൂഹ്യപ്രതിബദ്ധതാപ്രവര്‍ത്തനങ്ങളിലും നാം പാലിച്ചു പോരുന്ന ശീലങ്ങളുടെ തുടര്‍ച്ച ആണല്ലോ ഈ പരിപാടിയും. എത്തിച്ചേരാന്‍ താല്പര്യമുള്ളവര്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത് അറിയിക്കേണ്ടതാണ്. വനത്തിലായതിനാലും ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കേണ്ടതിനാലും നമുക്ക് ഉള്‍ക്കൊള്ളാനുള്ള ആള്‍ക്കാരുടെ എണ്ണത്തിന് പരിധി ഉണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേരെ മാത്രമേ പരിഗണിക്കുകയുള്ളൂ.

കാനനപാത ആയതിനാല്‍ പ്രകൃതിയോടിണങ്ങിയ നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചു വരാന്‍ ശ്രദ്ധിക്കുക, സുഗന്ധ ദ്രവ്യങ്ങള്‍ പൂശുന്നത് ഒഴിവാക്കുക, 78 കിലോമീറ്ററോളം നടക്കാന്‍ ഉള്ളതിനാല്‍ ശാരീരികക്ഷമത ഉള്ളവര്‍ മാത്രം പങ്കെടുക്കാന്‍ ശ്രദ്ധിക്കുക. ഇതൊരു വിനോദയാത്ര അല്ല.. സേവനമാണ്.. പ്രകൃതിയോടുള്ള നമ്മുടെ ഉത്തരവാദിത്തം..”

LEAVE A REPLY

Please enter your comment!
Please enter your name here